|    Mar 25 Sat, 2017 1:36 am
FLASH NEWS

യുഡിഎഫിന് വീഴ്ച പറ്റി: കെപിസിസി

Published : 13th November 2015 | Posted By: SMR

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പല മേഖലകളിലും വീഴ്ച സംഭവിച്ചതായി കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ വിലയിരുത്തല്‍. ഈ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായും വീഴ്ചകള്‍ സംബന്ധിച്ച് പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി-എസ്എന്‍ഡിപി സഖ്യത്തെ തുറന്നെതിര്‍ക്കുന്നതിലും കര്‍ക്കശ നിലപാട് സ്വീകരിക്കുന്നതിലും യുഡിഎഫിനും കോണ്‍ഗ്രസ്സിനും ദൗര്‍ബല്യം സംഭവിച്ചെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. ബിജെപിയെ തുറന്നുകാട്ടുന്നതില്‍ പാളിച്ചയുണ്ടായെന്ന് വി എം സുധീരനും സമ്മതിച്ചു.
പൊതുവിമര്‍ശനത്തിന്റെ തോതും അവരെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎം നടത്തിയ പ്രതിരോധ പ്രചാരണങ്ങള്‍ അവര്‍ക്കു ഗുണകരമായി.
ഇതിനൊപ്പം ഗ്രൂപ്പു പ്രവര്‍ത്തനവും തിരിച്ചടിയായി. ഗ്രൂപ്പു പ്രവര്‍ത്തനം വന്നപ്പോള്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായില്ല. ഇതു ഗൗരവമായി പരിശോധിക്കുമെന്നും വി എം സുധീരന്‍ വ്യക്തമാക്കി. യുഡിഎഫിനു മുസ്‌ലിം വോട്ടുകളില്‍ വന്‍ ചോര്‍ച്ചയുണ്ടായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി. അഞ്ചു ജില്ലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായി എന്നതാണ് പൊതുവികാരം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് തിരിച്ചടി നേരിട്ടത്. ഈ ഡിസിസികള്‍ക്കെതിരേ നടപടി വേണം.
തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണമെന്നു ജില്ലയില്‍ നിന്നുള്ള കെപിസിസി ജന. സെക്രട്ടറി മണക്കാട് സുരേഷ് ആവശ്യപ്പെട്ടു. മന്ത്രി വി എസ് ശിവകുമാറിനെതിരേ മണക്കാട് സുരേഷ് പരസ്യമായി രംഗത്തെത്തി. ശിവകുമാര്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി സ്വന്തം നിയമസഭാ സീറ്റില്‍ ബിജെപിക്ക് ജയിക്കാന്‍ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന ആരോപണവും കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ മണക്കാട് സുരേഷ് ഉന്നയിച്ചു.
അതേസമയം, വീഴ്ചകള്‍ പഠിക്കാന്‍ ഓരോ ജില്ലയിലും ഓരോ അംഗത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ അതത് ഡിസിസിയുമായും ബന്ധപ്പെട്ട നേതൃത്വങ്ങളുമായും ചര്‍ച്ച ചെയ്ത് 10 ദിവസത്തിനകം കെപിസിസിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കണം.
തിരുവനന്തപുരം- കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, കൊല്ലം- വി ഡി സതീശന്‍, ആലപ്പുഴ- എന്‍ പീതാംബരക്കുറുപ്പ്, കോട്ടയം- ബാബുപ്രസാദ്, ഇടുക്കി- എം ലിജു, എറണാകുളം- പി എം സുരേഷ് ബാബു, തൃശൂര്‍- ഭാരതീപുരം ശശി, പാലക്കാട്- കെ പി അനില്‍കുമാര്‍, മലപ്പുറം-കെ പി കുഞ്ഞിക്കണ്ണന്‍, കോഴിക്കോട്- ശൂരനാട് രാജശേഖരന്‍, വയനാട്- വി എ നാരായണന്‍, കണ്ണൂര്‍- എം എം ഹസന്‍, കാസര്‍കോട്- പി രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് ചുമതല.
ഓരോ ജില്ലയിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഈ മാസം 23, 24, 26 തിയ്യതികളില്‍ ജില്ലകളിലെ പ്രധാന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെ പ്രത്യേകമായി തിരുവനന്തപുരത്തേക്ക് ക്ഷണിക്കും.
വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഇവരുമായി ചര്‍ച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ സമഗ്രമായ പ്രവര്‍ത്തന പരിപാടിക്കു രൂപം നല്‍കും.
ഈ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും അകന്നുപോയവരെ അടുപ്പിക്കാനും ജനകീയാടിത്തറ കൂടുതല്‍ ഭദ്രമാക്കാനുമുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കാര്യമായ പ്രതികരണങ്ങളൊന്നും യോഗത്തില്‍ നടത്തിയില്ല.

(Visited 60 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക