|    Jan 23 Mon, 2017 8:34 pm
FLASH NEWS

യുഡിഎഫിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ

Published : 8th November 2015 | Posted By: SMR

തിരുവനന്തപുരം: സമീപകാല തിരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസവുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. 2010ല്‍ നേടിയ ചരിത്രവിജയം ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നെങ്കിലും ഗ്രാമ- ബ്ലോക്ക് തലങ്ങളില്‍ നേരിട്ട വന്‍ തിരിച്ചടി വരുംനാളുകളില്‍ പ്രതിസന്ധി രൂക്ഷമാക്കും.
സീറ്റുവിഭജനത്തില്‍ തുടങ്ങി സ്ഥാനാര്‍ഥി നിര്‍ണയത്തിലും നേരിട്ട തമ്മിലടിയും അഭിപ്രായഭിന്നതയും പരിഹരിക്കാന്‍ കഴിയാതിരുന്നതും ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനാവാത്തതും ബാര്‍ കോഴയിലെ കോടതിവിധിയും തോല്‍വിയുടെ ആക്കംകൂട്ടി. കഴിഞ്ഞതവണ 611 പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയ യുഡിഎഫ് ഇത്തവണ 370ല്‍ ഒതുങ്ങി. 92 ബ്ലോക്കിലെ സ്വാധീനം 61ലേക്ക് ഇടിഞ്ഞു. പലയിടത്തും വാര്‍ഡ് തലം മുതല്‍ ബ്ലോക്കുതലം വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലേയും മറ്റു സ്ഥലങ്ങളിലേയും കോണ്‍ഗ്രസ് സ്വാധീനമേഖലയില്‍ ബിജെപി നടത്തിയ മുന്നേറ്റം ഈ വാദങ്ങള്‍ക്കു ബലം നല്‍കുകയും ചെയ്യുന്നു. എസ്എന്‍ഡിപി- ബിജെപി ബാന്ധവം എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന യുഡിഎഫിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതീക്ഷയും ഫലം കണ്ടില്ല. കൊല്ലം ജില്ലയില്‍ ആര്‍എസ്പി കൂടെയുണ്ടായിട്ടും യുഡിഎഫിന് നില ഭദ്രമാക്കാനായില്ല. ആര്‍എസ്പിയുടെ മന്ത്രിയായ ഷിബു ബേബിജോണിന്റെ തട്ടകത്തില്‍ പോലും യുഡിഎഫ് തോല്‍വി രുചിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈയും പിറവം, നെയ്യാറ്റിന്‍കര, അരുവിക്കര എന്നിവിടങ്ങളിലെ തിളക്കമാര്‍ന്ന വിജയവും ആവര്‍ത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഉമ്മന്‍ചാണ്ടി തദ്ദേശതിരഞ്ഞെടുപ്പും തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാല്‍, ബാര്‍ കോഴ യുഡിഎഫിന്റെ പതനത്തിന് പ്രധാന കാരണമെന്നാണ് കോണ്‍ഗ്രസ്സിലെ ഒരുവിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കണമെന്ന നിലപാടിലാണ് ചെന്നിത്തലയും വി ഡി സതീശനും ടി എന്‍ പ്രതാപനും ഉള്‍പ്പെടെയുള്ള നേതാക്കള്‍. ബാര്‍ കോഴ തിരിച്ചടിയായെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും സമ്മതിക്കുന്നു. ബുധനും വ്യാഴവും ചേരുന്ന കെപിസിസി യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയാവും. മാണിക്കെതിരായ നിലപാടുമായി സുധീരനും ഐ ഗ്രൂപ്പും രംഗത്തുവരുമെന്ന് ഉറപ്പാണ്. എന്നാല്‍, വിഷയത്തില്‍ മൃദുസമീപനമാവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും സ്വീകരിക്കുക. ഇതിനുപുറമെ നേതൃമാറ്റമെന്ന ആവശ്യവും ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടുമെന്നതിനാല്‍ അഗ്നിപരീക്ഷയാവും നേതൃത്വത്തെ കാത്തിരിക്കുന്നത്. അതേസമയം, തിരഞ്ഞെടുപ്പു ഫലം ധനമന്ത്രി കെ എം മാണിയെ പ്രതികൂലമായി ബാധിച്ചേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം മാണിയുടെ ചുമലില്‍ കെട്ടിവയ്ക്കാനാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും നീക്കം. പാലായില്‍ വിജയിച്ചുവെന്ന മറുവാദം കൊണ്ട് മാണിക്ക് പ്രശ്‌നത്തെ മറികടക്കാനാവില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും മാണിക്ക് അനുകൂലമായി നിലപാട് കടുപ്പിക്കാനാവില്ല. മാണിയെ സംരക്ഷിച്ച് ഇനി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായം കെപിസിസി നേതൃയോഗത്തില്‍ ഉയരുമെന്ന് ഉറപ്പാണ്. ബാര്‍ കേസില്‍ നാളെ വരാനിരിക്കുന്ന നിര്‍ണായകമായ ഹൈക്കോടതി വിധിയും തിരിച്ചടിയായാല്‍ മാണിയും സമ്മര്‍ദ്ദത്തിലാവും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ഭരണതുടര്‍ച്ചയെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനു മുമ്പേ ഗ്രൂപ്പുപോരും ആരോപണപ്രത്യാരോപണങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഫലത്തെ ചൊല്ലിയുള്ള ആഭ്യന്തരകലാപത്തിനാവും ഇനിയുള്ള ദിനങ്ങള്‍ സാക്ഷിയാവുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക