|    Nov 21 Wed, 2018 6:00 am
FLASH NEWS

യുജിസിയെ ഇല്ലാതാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ സര്‍വകലാശാല

Published : 11th August 2018 | Posted By: kasim kzm

കണ്ണൂര്‍: യുജിസി(യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍)യെ ഇല്ലാതാക്കി ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഫെഡറലിസവും സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശവും ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരേ കണ്ണൂര്‍ സര്‍വകലാശാല പ്രമേയം പാസാക്കി. നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെ ന്നും ഇക്കാര്യത്തില്‍ സം സ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബദല്‍ ഇടപെടലുകള്‍ക്ക് ഐക്യദാര്‍ ഢ്യം രേഖപ്പെടുത്തുന്നതായും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇതിനു പുറമെ, ‘ഫെഡറലിസവും ജനാധിപത്യവും ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തില്‍-യുജിസി ഇല്ലാതാവുമ്പോള്‍’ എന്ന വിഷയത്തില്‍ ഇ കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലിമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സെമിനാര്‍ നടത്താനും തീരുമാനിച്ചു. ഇതിനായി ഡോ. വി പി പി മുസ്തഫ, എ നിശാന്ത്, ചരിത്രവിഭാഗം മേധാവി ഡോ. മഞ്ജുള പൊയില്‍ എന്നിവരെ ചുമതലപ്പെടുത്തി. താവക്കര കാംപസിലെ ഭരണവിഭാഗം, ലൈബ്രറി സമുച്ഛയം തുടങ്ങിയവയുടെ നിര്‍മാണത്തിലെ ക്രമക്കേടുകള്‍ പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളുമായി സിന്‍ഡിക്കേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തു. മുന്‍ ഭരണസമിതിയുടെ കാലത്ത് നടന്ന നിര്‍മാണ പ്രവൃത്തികളില്‍ വിദഗ്ധ സമിതിയംഗങ്ങള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സമിതിയുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ റിപോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ വൈസ് ചാന്‍സിലര്‍ സസ്‌പെന്റ് ചെയ്ത അസി. എന്‍ജിനീയറുടെ മേല്‍ ഡോ. വി പി പി മുസ്തഫ, ടി പി അശ്‌റഫ് എന്നിവര്‍ നടത്തിയ അന്വേഷണ റിപോര്‍ട്ട് അംഗീകരിക്കുകയും സസ്‌പെന്‍ഷന്‍ നടപടി ശരിവയ്ക്കുകയും ചെയ്തു.
കാലവര്‍ഷക്കെടുതിയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സര്‍വകലാശാല കാംപസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകരും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളമെങ്കിലും നല്‍കാന്‍ അഭ്യര്‍ഥിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍എസ്എസിന്റെ സേവനം ഉറപ്പാക്കും. എന്‍എസ്എസ് യൂനിറ്റുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ച് സര്‍വകലാശാല ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ അടയ്ക്കും.
ബിരുദ-ബിരുദാനന്തര വിഷയങ്ങളുടെ അക്കാദമിക് പരീക്ഷാ കലണ്ടറുകള്‍ക്ക് യോഗം അംഗീകാരം നല്‍കി. അധ്യാപക-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം വെവ്വേറെ ചേര്‍ന്ന് ഐക്യകണ്‌ഠ്യേന അംഗീകാരമായ കലണ്ടര്‍ പ്രകാരം ഓരോ സെമസ്റ്ററിലെയും ക്ലാസ് തുടങ്ങുന്ന തിയ്യതി, പരീക്ഷാ വിജ്ഞാപന തിയ്യതി, പരീക്ഷാ ദിവസങ്ങള്‍, പ്രാക്റ്റിക്കല്‍ പരീക്ഷാ തിയ്യതി, മൂല്യനിര്‍ണയ ക്യാംപ് തിയ്യതി, പരീക്ഷാ പ്രഖ്യാപന തിയ്യതി എന്നിവ തീരുമാനിച്ചു.
വിവിധ മേഖലകളിലുള്ളവര്‍ക്ക് ഡി-ലിറ്റ് നല്‍കുന്നതിനായി എം പ്രകാശന്‍, അഡ്വ. പി സന്തോഷ് കുമാര്‍, ഡോ. വി പി പി മുസ്തഫ, എ നിശാന്ത് എന്നിവരെ യോഗം ചുമതലപ്പെടുത്തി. കണ്ണൂര്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം താവക്കരയില്‍ നിന്ന് കൂടുതല്‍ സ്ഥല സൗകര്യങ്ങളുള്ള മാങ്ങാട്ടുപറമ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
യുജിസിയുടെ വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ തീരുമാനപ്രകാരം അനിശ്ചിതത്വത്തിലായിരുന്ന സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 12 പ്രോഗ്രാമുകള്‍ക്കാണ് അംഗീകാരമായത്.
സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ കോ-ഓഡിനേറ്ററായി ഡോ. പി കെ പ്രസാദനെയും അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്്ടറായി ഡോ. എസ് ഗ്രിഗറിയെയും അധിക ചുമതല നല്‍കി നിയമിക്കാന്‍ തീരുമാനിച്ചു. എംബിഎ പഠനവിഭാഗത്തില്‍ 20 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിക്കും. ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം സമയബന്ധിതവും കാര്യക്ഷമവും സുതാര്യവുമായി പൂര്‍ത്തിയാക്കിയ ഏകജാലകം പ്രവേശന സെല്ലിലെ ജീവനക്കാരെ യോഗം അഭിനന്ദിച്ചു.
ബിഎ എല്‍എല്‍ബി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ അസസ്‌മെന്റ് ഇംപ്രൂവ് ചെയ്യാന്‍ ഒരു മേഴ്‌സി ചാന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫീസും മറ്റു കാര്യങ്ങളും നിശ്ചയിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. താവക്കര കാംപസില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖ തുടങ്ങാന്‍ അപേക്ഷ നല്‍കും.
നൂറോളം വരുന്ന ഗവേഷകര്‍ക്ക് പ്രതിമാസം 10000 രൂപ ഫെല്ലോഷിപ്പ് നല്‍കും. പുതുതായി ആരംഭിച്ച കരിന്തളത്തെ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സംബന്ധിച്ച പരിശോധക സമിതിയുടെ റിപോര്‍ട്ട് അംഗീകരിച്ചു. പാലയാട് കാംപസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ ഈ വര്‍ഷവും പ്രവേശനം തുടരും.
ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കാഞ്ഞങ്ങാട് എന്‍എഎസ് കോളജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കി. പരീക്ഷാ പേപ്പറുകള്‍ പുതുതായി അച്ചടിക്കുമ്പോള്‍ നിലവിലുള്ള 28 പേജിനു പകരം 16 പേജ്, അഡീഷനല്‍ പേപ്പര്‍ 12 പേജിനു പകരം 4 പേജ് എന്ന തരത്തില്‍ വേണമെന്ന് തീരുമാനിച്ചു. പാലയാട്, താവക്കര, പയ്യന്നൂര്‍ കാംപസുകളിലെ വൈദ്യുതി ചാര്‍ജ് ലഘൂകരിക്കാന്‍ സോളാര്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യത പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. 2017-18 വര്‍ഷത്തെ വാര്‍ഷിക അക്കൗണ്ട്‌സും സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss