|    Jul 23 Sun, 2017 2:32 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

യുഗപ്പകര്‍ച്ചയുടെ പിറന്നാളോര്‍മ

Published : 21st March 2017 | Posted By: fsq

 

പി എ എം ഹാരിസ്

സ്വതന്ത്ര ഇന്ത്യയിലെ പുതുയുഗപ്പിറവിയുടെ പിറന്നാള്‍ ഇന്ന്. ആറാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്ന് 40 വര്‍ഷമാവുന്നു. 1976 മാര്‍ച്ച് 21 ഞായറാഴ്ച. 20 മാസത്തെ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനു ഭരണം നഷ്ടമായത് ഈ തിരഞ്ഞെടുപ്പിലാണ്. 1969നു ശേഷം നടന്ന തിരഞ്ഞെടുപ്പുകള്‍ താല്‍പര്യപൂര്‍വം ശ്രദ്ധിച്ചിരുന്നു. ഇഎംഎസ്, എകെജി, രണദിവെ, ജഗ്ജീവന്‍ റാം, കെ ജി മാരാര്‍ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പു റാലികളില്‍ ശ്രോതാവായി. 1977ലും 91ലും മാത്രമാണ് തിരഞ്ഞെടുപ്പ് കാംപയിനില്‍ പങ്കാളിയായത്. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയുടെ കോലീബി സഖ്യത്തിനെതിരേയായിരുന്നു, 91ല്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് 70ല്‍ നിലമ്പൂര്‍ എംഎല്‍എ കെ കുഞ്ഞാലിയുടെ വധത്തെത്തുടര്‍ന്ന് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. എം പി ഗംഗാധരനും സി പി അബൂബക്കറും ഏറ്റുമുട്ടി. തെങ്ങും അരിവാള്‍ ചുറ്റിക നക്ഷത്രവും. സീറ്റ് പിടിച്ചെടുത്ത ഗംഗാധരന്‍ അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പില്‍ പി വി കുഞ്ഞിക്കണ്ണനെതിരേ വിജയം ആവര്‍ത്തിച്ചു. 1975 ജൂണ്‍ 26നു രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്റലിജന്‍സ് വൃത്തങ്ങള്‍ വിജയം ഉറപ്പു നല്‍കിയതു വിശ്വസിച്ച ഇന്ദിരാഗാന്ധി 77 ജനുവരിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ലോക്‌സഭയിലേക്ക് മഞ്ചേരിയില്‍ ലീഗിലെ ഇബ്രാഹീം സുലൈമാന്‍ സേട്ടും അഖിലേന്ത്യാ ലീഗിലെ ബി എം ഹുസയ്‌നും (തോണി) മല്‍സരിച്ചു. നിയമസഭയിലേക്ക് നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദും സിപിഎമ്മിലെ കെ സെയ്താലിക്കുട്ടിയും ഏറ്റുമുട്ടി. പരിസരപ്രദേശങ്ങളിലെ പ്രാദേശിക യോഗങ്ങളില്‍ സജീവമായി പങ്കെടുത്തു. അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ മാധ്യമങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് അതിനോട് മാനസികമായി തോന്നിയ അടുപ്പത്തിന്റെ പശ്ചാത്താപം കൂടിയായിരുന്നു അത്. ദേശാഭിമാനിയും ലീഗ് ടൈംസും തന്ന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി. സിപിഎം ഏരിയാ നേതാക്കളായിരുന്ന ടി കെ നമ്പീശന്‍ മാസ്റ്ററും ദേവദാസ് പൊറ്റക്കാടും നല്ല വാക്കുകളുമായി അഭിനന്ദിച്ചു. ദേവദാസ് പറഞ്ഞു: നാലിടത്ത് ഞാന്‍ പ്രസംഗം കേട്ടു. ഒരേ കാര്യം പറയണം. അവിടെ പറഞ്ഞതു നന്നായി. അത് ഇവിടെയും പറയണം. തിരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ പ്രസംഗകന് ആവര്‍ത്തന വിരസത തോന്നിയാലും സദസ്സ് വ്യത്യസ്തമായിരിക്കുമെന്ന ആദ്യപാഠം. കാംപയിന്‍ നന്നായി നടന്നു. മാര്‍ച്ച് 20നായിരുന്നു വോട്ടെണ്ണല്‍. ഉച്ചയോടെ ആര്യാടന്‍ മുഹമ്മദും സുലൈമാന്‍ സേട്ടും ഉള്‍പ്പെടെ യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്ന വിവരം കിട്ടി. ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി. കൂടുതല്‍ ആകാംക്ഷയോടെ കാത്തിരുന്നത് ഉത്തരേന്ത്യയിലെ വിവരങ്ങള്‍ അറിയാനാണ്. അടിയന്തരാവസ്ഥയോട് എതിര്‍പ്പുള്ള പോസ്റ്റ് ആന്റ് ടെലിഗ്രാഫിലെ (കമ്പിത്തപാല്‍ വകുപ്പ്) ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മറ്റും ഉള്‍പ്പെടുന്ന രഹസ്യ നെറ്റ്‌വര്‍ക്ക് സജീവമായിരുന്നു. ഉച്ചയ്ക്ക് ഏതാണ്ട് മൂന്നര മണിയോടെ വിവരം ലഭിച്ചു: ഇന്ദിരാഗാന്ധി റായ്ബറേലിയില്‍ രാജ് നാരായണിനു പിന്നിലാണ്. അമേത്തിയില്‍ സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥയിലെ മുഖ്യ നായകന്‍ ബന്‍സിലാലും പിന്നിലാണ്. വാര്‍ത്തകള്‍ അറിയാന്‍ ഏക ആശ്രയം ആകാശവാണിയാണ്. 7.25നു ഡല്‍ഹിയില്‍ നിന്നുള്ള മലയാള വാര്‍ത്ത കഴിഞ്ഞു. മുഖ്യമായി കേരളത്തിലെ ഫലങ്ങള്‍ മാത്രം. ഉത്തരേന്ത്യയില്‍ നിന്നുള്ള കാര്യമായ വാര്‍ത്തകളൊന്നുമില്ല. 8.45നു 15 മിനിറ്റ് ഇംഗ്ലീഷ് വാര്‍ത്തയും തുടര്‍ന്ന് ഹിന്ദി വാര്‍ത്തയുമുണ്ട്. ഒരു വിവരവുമില്ല. ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ്, മൂന്നു മിനിറ്റ് തിരഞ്ഞെടുപ്പു ബുള്ളറ്റിനുകളുണ്ട്. അറിയാവുന്ന ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ കേട്ടു. രാത്രിയായതോടെ ചന്തക്കുന്നില്‍ മാട്ടുമ്മല്‍ യൂസുഫിന്റെ വീട്ടില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിച്ച സുഹൃത്തുക്കളെല്ലാം ഒത്തുകൂടി. ഇന്നു കെപിസിസി സെക്രട്ടറിയായ വി എ കരീം, ഇപ്പോള്‍ ഖത്തറിലുള്ള എം ടി ഇബ്രാഹീം എന്നിവരും കൂടെ വന്നു. രാത്രി 11നും 12നും റേഡിയോ വാര്‍ത്ത കേട്ടു. കാത്തിരുന്ന വിവരങ്ങളൊന്നുമില്ല. ലീഡ് പോലും അറിയുന്നില്ല. കരീമും ഇബ്രാഹീമും ഉറക്കത്തിലായി. അവര്‍ക്ക് ഉറങ്ങാം; ഞങ്ങള്‍ക്ക് ഈ രാത്രി നിര്‍ണായകമാണ്. അടുത്ത നാളില്‍ എന്തെന്ന ആശങ്ക മനസ്സു നിറയെ. അതിനാല്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. 21 പുലര്‍ന്നു. ഒരു മണിക്കും രണ്ടു മണിക്കും വാര്‍ത്ത കേട്ടു. ലീഡ് പോലും അറിയുന്നില്ല. 2.55നു ഹിന്ദിയില്‍ വാര്‍ത്ത: റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി അര ലക്ഷം വോട്ടിനു തോറ്റു. അമേത്തിയില്‍ സഞ്ജയ്ഗാന്ധിയും കൂട്ടാളി ബന്‍സിലാലും തോറ്റു. അടിയന്തരാവസ്ഥയുടെ മുഖ്യ നടത്തിപ്പുകാര്‍ തോറ്റു! ഉറങ്ങിക്കിടന്ന വി എ കരീമിനെയും എം ടി ഇബ്രാഹീമിനെയും അടിച്ചുണര്‍ത്തി ഞങ്ങള്‍ ആഹ്ലാദാരവം മുഴക്കി. അയല്‍വീട്ടുകാരും ഞെട്ടിയുണര്‍ന്നു. ആവേശത്തോടെ തെരുവിലേക്ക്. തട്ടുകടയില്‍ നിന്നു കട്ടന്‍ചായ ലോകം കീഴടക്കിയ പ്രതീതിയോടെ ഊതിക്കുടിച്ചു. 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 25നു മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ അധികാരത്തിലേറി. പിന്‍മൊഴി: പ്രസ് സെന്‍സര്‍ഷിപ്പിന്റെ കാലം. അടിയന്തരാവസ്ഥയല്ലേ, ഇന്ദിരയല്ലേ, ജയിച്ചിരിക്കും. ജയിച്ചില്ലേലും ജയിച്ചിരിക്കും. ആ നിലയ്ക്ക് വാര്‍ത്ത തയ്യാറാക്കി ഒരു പത്രം അച്ചടിച്ചിറക്കിയെന്നു കേട്ടിരുന്നു. ആ പത്രക്കെട്ടുകള്‍ തിരിച്ചുവിളിച്ചു ചുട്ടെരിച്ചതായാണ് അറിഞ്ഞത്. പിറ്റേന്ന് അല്‍പം വൈകിയാണ് പത്രം വന്നത്. ‘ഇന്ദിര തോറ്റു’ എന്നു തലക്കെട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക