|    Dec 18 Tue, 2018 5:05 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

യുക്തിവാദത്തിന്റെ രീതികള്‍

Published : 2nd September 2018 | Posted By: kasim kzm

ഇംതിഹാന്‍ ഒ അബ്ദുല്ല

എവിടെ നിങ്ങളുടെ ദൈവം? അവന്‍ ശബരിമലയിലേക്ക് പോയതായിരുന്നോ അതോ മക്കയിലേക്കു പോയതോ? അതല്ല അവന്‍ വത്തിക്കാനിലാണോ? യഥാര്‍ഥ ദൈവം പ്രകൃതിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ?… യുക്തിവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന, ബുദ്ധിക്കും യുക്തിക്കുമെതിരായി സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന ചില നാസ്തിക ബുദ്ധിജീവികള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളില്‍ ചിലതാണിത്. അന്യമതസ്ഥര്‍ക്കു തുറന്നുകൊടുക്കാത്ത മുസ്‌ലിം പള്ളി വാതിലുകള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നില്ലേ? അഹിന്ദുക്കള്‍ വന്നാല്‍ അശുദ്ധമാകുമെന്നു നിനച്ചിരുന്ന ക്ഷേത്രാങ്കണങ്ങള്‍ ഇപ്പോള്‍ മേത്തനും നസ്രാണിക്കുമെല്ലാം തുറന്നുകൊടുത്തില്ലേ?… യുക്തിവാദികളുടെ ചോദ്യങ്ങള്‍ പ്രളയമായി പതഞ്ഞൊഴുകുന്നു. ഒന്നുരണ്ടു സുഹൃത്തുക്കള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി വേണ്ടേ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: മതവിശ്വാസികള്‍ ദുരിതക്കയത്തില്‍ പെട്ടവരുടെ കണ്ണീരൊപ്പുന്നതിലും രക്ഷിക്കേണ്ടവര്‍ക്ക് സഹായം എത്തിക്കുന്നതിലും മുഴുകിയിരിക്കുകയാണ്. അവര്‍ സന്ദര്‍ഭത്തിനൊത്ത വിശാലമനസ്‌കതയും പ്രത്യുല്‍പന്നമതിത്വവും കാണിക്കുന്നു. പക്ഷേ, നമ്മുടെ സര്‍വമതസംഹാരത്തിന്റെ വക്താക്കള്‍ ഇപ്പോഴും പരിണാമത്തിന്റെ ബാല്യം പിന്നിടാത്ത മര്‍ക്കടയുക്തിയുമായി മറ്റുള്ളവരെ കൊഞ്ഞനം കുത്തുന്നു. ഉംബര്‍ട്ടോ എക്കോ പറഞ്ഞത് എത്ര ശരി! യുക്തിയെ യുക്തിപരമായ എല്ലാ അതിരും കടന്ന് പൂജിക്കുന്നവരാണ് യുക്തിവാദികളെന്ന് ആ ഇറ്റാലിയന്‍ പ്രതിഭാധനന്‍ നിരീക്ഷിച്ചിരുന്നു. നിരീശ്വര യുക്തിവാദികള്‍ക്കിടയിലും എത്രയോ നല്ല മനുഷ്യര്‍ ഉണ്ടെന്നത് നിഷേധിക്കുന്നില്ല. എ വാസുവിനെയും യു കലാനാഥന്‍ മാഷെയും പോലുള്ള നിസ്വാര്‍ഥ മനുഷ്യസ്‌നേഹികള്‍. പക്ഷേ, മതവിഹീനരായ നിരവധി ആളുകള്‍ എത്ര വിധ്വംസകങ്ങളായ ആശയങ്ങള്‍ പ്രചരിപ്പിച്ചവരാണ്? ദൈവം മരിച്ചുപോയെന്നും അവനെ കൊന്നത് ഞങ്ങള്‍ ജര്‍മന്‍കാരാണെന്നും വീമ്പിളക്കിയിരുന്ന നീത്‌ഷെയുടെ അഭിപ്രായത്തില്‍ ദയ, സഹാനുഭൂതി, പരസഹായം തുടങ്ങിയവ അതിമാനുഷനിലേക്കുള്ള പ്രയാണപാന്ഥാവില്‍ മനുഷ്യന്‍ ഉരിഞ്ഞെറിയേണ്ട ഗുണങ്ങളല്ലേ? യഥാര്‍ഥത്തില്‍ പ്രളയമടക്കം ഇന്നു നാം നേരിടുന്ന പല അത്യാഹിതങ്ങളുടെയും കാരണം മനുഷ്യന്റെ സ്വയംകൃതാനര്‍ഥങ്ങളല്ലേ? ഭൂമിയിലെ ക്ഷണികമായ ജീവിതത്തില്‍ സ്വാര്‍ഥതയും അതിഭോഗവും അത്യാര്‍ത്തിയും വെടിഞ്ഞ് നിഷ്‌കാമകര്‍മികളായി ജീവിക്കണമെന്നാണ് മതാധ്യാപനങ്ങളുടെ സത്ത. ഉപകരണയുക്തിയില്‍ ഊന്നിയ ഭൗതികതയാകട്ടെ, അവനെ താന്‍മാത്ര ബോധത്തിന്റെ അടിമയായ തന്‍മാത്രാ സമൂഹത്തിന്റെ പ്രതിനിധിയാക്കി സ്വാര്‍ഥംഭരനും ഭോഗജീവച്ഛവവുമാക്കി മാറ്റുന്നു. ഭൂതദയയെന്ന മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ഈ വിപദ്ഘട്ടത്തില്‍ ചില ദൈവഭക്തന്മാര്‍ കാണിച്ച മഹാമനസ്‌കത എങ്ങനെ പ്രകൃതിപൂജകരെന്ന് അവകാശപ്പെടുന്നവര്‍ക്ക് കണ്ടില്ലെന്നു നടിക്കാനാവും? ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു തിരിച്ച ഒരു സഹോദരി വഴിമധ്യേയാണ് പ്രളയദുരന്തത്തെപ്പറ്റി അറിഞ്ഞത്. അവര്‍ വീട്ടിലേക്കു പോകുന്നതിനു പകരം നേരെ ദുരിതാശ്വാസ ക്യാംപിലേക്കു തിരിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ക്യാംപില്‍ എത്തിയ അവര്‍ തന്റെ പുത്തന്‍ വസ്ത്രങ്ങളും സമ്മാനങ്ങളും അടങ്ങിയ പെട്ടികളെല്ലാം ക്യാംപില്‍ ഇറക്കിവച്ച്, ഉമ്മയും സഹോദരങ്ങളും കാത്തിരിക്കുന്ന സ്വഭവനത്തിലേക്ക് വെറുംകൈയോടെ യാത്രയായി. ഇതുപോലുള്ള നൂറുകൂട്ടം കഥകള്‍ മതവിശ്വാസികള്‍ക്ക് പറയാനുണ്ട്. എന്തിനധികം പറയണം? സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചും കുടുംബങ്ങളെ ദിവസങ്ങളോളം പട്ടിണിക്കിട്ടും സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മല്‍സ്യത്തൊഴിലാളികളില്‍ ബഹുഭൂരിഭാഗവും മതവിശ്വാസികള്‍ തന്നെയാണ്. അവരുടെ മതബോധം ഇത്തരത്തിലുള്ള ആത്മത്യാഗത്തിന് അവരെ പ്രേരിപ്പിച്ചില്ലെന്ന് ആര്‍ക്കെങ്കിലും പറയാനൊക്കുമോ? ചിലര്‍ ഇതുവരെയുള്ള പ്രകൃതിധ്വംസനത്തിന്റെ മൊത്തം ഉത്തരവാദിത്തവും മതത്തിന്റെ ചുമലില്‍ കെട്ടിവയ്ക്കുന്നു. മതത്തെയും ദൈവത്തെയും പടിയടച്ചു പിണ്ഡം വച്ച പഴയ സോവിയറ്റ് യൂനിയനെ പോലുള്ള രാജ്യങ്ങളുടെ പ്രകൃതിധ്വംസനത്തിന്റെ കഥകള്‍ ചരിത്രത്തില്‍ നിന്നു തമസ്‌കരിച്ചാലും ഭൗമോപരിതലത്തില്‍ നിന്ന് എളുപ്പം മായ്ച്ചുകളയാനാവുന്നതല്ല. 1960കളില്‍ സോവിയറ്റ് ഭരണകൂടത്തിന്റെ ലക്കില്ലാത്ത ജലസേചന പദ്ധതികളാണ് കസാക്കിസ്താനിലെ ഏറല്‍ കടലിനെ ജീവച്ഛവമാക്കിയത്. ചുറ്റും കരയാല്‍ ആവൃതമായ ഈ ജീവവ്യവസ്ഥയുടെ തകര്‍ച്ച ഭൂഗോളത്തിനു സംഭവിച്ച ഏറ്റവും വലിയ പാരിസ്ഥിതിക ആഘാതങ്ങളിലൊന്നായാണ് ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നത്. ഉപകരണ യുക്തിയില്‍ അധിഷ്ഠിതമായ ഭൗതികതയ്ക്ക് പ്രകൃതിയോടോ ജീവിവര്‍ഗങ്ങളോടോ യഥാര്‍ഥ സ്‌നേഹം അസാധ്യമാണ്. മനുഷ്യര്‍ ഭൗതികവാദത്തിനു വെറും ജൈവ യന്ത്രങ്ങളാണ്. കാരണം പാവനത്വം, വിശുദ്ധി തുടങ്ങിയ സങ്കല്‍പങ്ങള്‍ ശുദ്ധഭൗതികവാദത്തിന് അന്യമാണ്. ആനുഷംഗികമായ മതബന്ധനങ്ങള്‍ പൂര്‍ണമായും അറുത്തുമാറ്റിയാല്‍ മനുഷ്യന്‍ സ്വന്തം അച്ഛനെ കൊല്ലുകയും അമ്മയെ രതിവേഴ്ചയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് വിശ്വാസിയല്ലാത്ത സിഗ്മണ്ട് ഫ്രോയ്ഡ് പറയാനുണ്ടായ കാരണം ഇതാണ്. യഥാര്‍ഥത്തില്‍ ശുദ്ധഭൗതികവാദികളെന്ന് അഭിമാനിക്കുന്ന നമുക്കിടയിലുള്ള പല ആളുകളും അവര്‍ ജനിച്ചുവളര്‍ന്ന മതപരിസരത്തെ മൂല്യബോധങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെട്ടവരാണ്. അവരിലെ സഹാനുഭൂതി, ഭൂതദയ തുടങ്ങിയ ഗുണങ്ങള്‍ ഈ പരിസരത്തുനിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടതാണ്. അലക്‌സാണ്ടര്‍ സോള്‍ഷെനിത്‌സിന്‍ എന്ന വിഖ്യാത എഴുത്തുകാരനെ കുറിച്ച് പറയാറുണ്ട്: അദ്ദേഹം രണ്ടു ലോകമഹായുദ്ധങ്ങളെയും വിനാശകാരിയായ രണ്ടു കാന്‍സര്‍ രോഗങ്ങളെയും അതിലും വിനാശകാരിയായ കമ്മ്യൂണിസം എന്ന മഹാമാരിയെയും അതിജീവിച്ച് ഒരു നൂറ്റാണ്ട് ജീവിച്ചു. കേരളവും മഹാപ്രളയത്തെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍, പരിസ്ഥിതിപൂജകരായി വേഷം കെട്ടിയിരിക്കുന്ന കപട ബൗദ്ധികതയുടെ വിഷജല്‍പനങ്ങളെ അതിജീവിക്കുക അതിനു വിഷമകരമായിരിക്കും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss