|    Sep 22 Fri, 2017 7:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്‌പോര്

Published : 6th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്- റിപബ്ലിക്കന്‍ പാര്‍ട്ടികളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്‌പോര്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി വെര്‍ജീനിയ സെനറ്റര്‍ ടിം കെയ്‌നും ഇന്ത്യാന ഗവര്‍ണര്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക് പെന്‍സുമാണ് വിവിധ വിഷയങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയത്.
റഷ്യ ഉള്‍പ്പെടെയുള്ളവ വിഷയമായെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഹിലാരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപുമായിരുന്നു ചര്‍ച്ചയിലെ മുഖ്യ വിഷയം. വെര്‍ജീനിയയിലെ ലോങ്‌വുഡ് സര്‍വകലാശാലയിലായിരുന്നു ഇരുവരും തമ്മില്‍ സംവാദം സംഘടിപ്പിച്ചത്. ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസില്‍ അണ്വായുധ ഭീഷണി നിലനില്‍ക്കുമെന്ന് അഭിപ്രായപ്പെട്ട കെയ്ന്‍, റിപബ്ലിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനെ പുകഴ്ത്തുകയും ചെയ്തു.
അണ്വായുധങ്ങളുടെ നിയന്ത്രണം വിഡ്ഢിയായ ഒരാള്‍ക്ക് ലഭിക്കുന്നത് മഹാവിപത്തിലേക്ക് നയിക്കുമെന്ന് റീഗന്‍ മുന്നറിയിപ്പ് നല്‍കിയതായി കെയ്ന്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ സ്വഭാവത്തെയും കെയ്ന്‍ വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ ട്രംപ് പുകഴ്ത്തിയതും സംവാദത്തിനിടെ കെയ്ന്‍ ആവര്‍ത്തിച്ചു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉല്‍, സദ്ദാം ഹുസയ്ന്‍, മുഅമ്മര്‍ ഖദ്ദാഫി എന്നിവരെയും ട്രംപ് പുകഴ്ത്തിയതായി അദ്ദേഹം ആരോപിച്ചു. സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കില്‍ ട്രംപ് മല്‍സരത്തില്‍ പിന്മാറണം- കെയ്ന്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ട്രംപിന്റെ കഴിവു കാരണം പുടിന്‍ ട്രംപിനെ ബഹുമാനിക്കുമെന്നാണ് പെന്‍സ് പ്രതികരിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ നേതൃത്വമാണ് പുടിന്റേതെന്നും യുഎസിലെ ഇപ്പോഴത്തെ ഭരണത്തേക്കാള്‍ അത് ഏറെ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിലാരി ക്ലിന്റന്റെയും ബറാക് ഒബാമയുടെയും നേതൃത്വം ദുര്‍ബലമാണെന്നു കാണിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും പെന്‍സ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക