|    Feb 22 Wed, 2017 8:53 pm
FLASH NEWS

യുഎസ് മന്ത്രിസഭയിലേക്കുള്ള സാധ്യതാ പട്ടിക

Published : 11th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇടംകണ്ടെത്തുന്ന മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. വൈറ്റ് ഹൗസിലേക്കുള്ള വിജയത്തില്‍ തനിക്കൊപ്പം നിന്ന റിപബ്ലിക്കന്‍ നേതാക്കളില്‍ ചിലരെ ട്രംപ് തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള പ്രസംഗത്തില്‍ പേരെടുത്തു പരാമര്‍ശിച്ചിരുന്നു. ഈ നേതാക്കള്‍ സര്‍ക്കാരിന്റെ ഭാഗമാവുമെന്ന് വിലയിരുത്തുന്നു.
ന്യൂട്ട് ഗിന്റിച്ച്-73കാരനായ ഗിന്റിച്ച് യുഎസിന്റെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാവുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിനിധിസഭയുടെ മുന്‍ സ്പീക്കര്‍, ജോര്‍ജിയയില്‍ നിന്നുള്ള സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ധാര്‍മികതാ ലംഘനത്തിന്റെ പേരില്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. സ്വാധീനമുള്ള റിപബ്ലിക്കന്‍ ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടു. 2011ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ പ്രൈമറികളില്‍ ജനവിധി തേടി പരാജയപ്പെട്ടു. ട്രംപിന്റെ അടുത്ത അനുയായി. ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതായി ഉയര്‍ന്നുകേട്ട പേരുകളില്‍ ഗിന്റിച്ചും ഉള്‍പ്പെട്ടിരുന്നു.
റൂഡി ഗ്വിലിയാനി- ന്യൂയോര്‍ക്ക് മുന്‍ മേയറും അഭിഭാഷകനുമാണ് 72കാരനായ ഗ്വിലിയാനി. പുതിയ അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുക്കുമെന്നാണ് വിലയിരുത്തല്‍. വിജയിച്ച ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തില്‍ ആദ്യം പരാമര്‍ശിക്കപ്പെട്ട നേതാവ്. 1994 മുതല്‍ 2001 വരെ ന്യൂയോര്‍ക്ക് മേയര്‍.
ക്രിസ് ക്രിസ്റ്റീ- ട്രംപിന് പിന്തുണ പ്രഖ്യാപിച്ച ന്യൂജേഴ്‌സി ഗവര്‍ണര്‍. ഇത്തവണത്തെ റിപബ്ലിക്കന്‍ പ്രൈമറികളില്‍ ജനവിധി തേടാനൊരുങ്ങിയെങ്കിലും നാമനിര്‍ദേശം പിന്‍വലിച്ചു. പിന്നീട് ട്രംപിന് പിന്തുണയറിയിച്ചു. പാര്‍ട്ടിയിലെ മികച്ച നേതാക്കളിലൊരാളായാണ് ഈ 54കാരന്‍ അറിയപ്പെടുന്നത്. വാണിജ്യ സെക്രട്ടറി, അറ്റോര്‍ണി ജനറല്‍ എന്നീ തസ്തികകളിലേക്കാണ് പേര് പരിഗണിക്കുന്നത്.
റെയിന്‍സ് പ്രീബസ്- ട്രംപിന്റെ അടുത്ത നേതാക്കളിലൊരാളാണ് 44കാരനായ പ്രീബസ്. വൈറ്റ് ഹൗസിലെ ഏറ്റവും ഉയര്‍ന്ന പദവിയായ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലേക്കു പരിഗണിക്കപ്പെടുന്നു. റിപബ്ലിക്കന്‍ ദേശീയ സമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് മികച്ച പിന്തുണയേകി.
ജെഫ് സെഷന്‍സ്- അലബാമയില്‍ നിന്നുള്ള യുഎസ് സെനറ്റര്‍. പ്രമുഖ റിപബ്ലിക്കന്‍ നേതാക്കള്‍ ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തപ്പോഴും ജെഫ് അനുകൂലിച്ചു. പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്കാണ് സെഷന്‍സിനെ(69) പരിഗണിക്കുന്നത്.
സ്റ്റീവന്‍ മുന്‍ചിന്‍- ട്രംപിന്റെ പ്രചാരണത്തിന്റെ സാമ്പത്തിക ചെയര്‍മാനായിരുന്നു. ട്രഷറി സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. മുന്‍ ഗോള്‍ഡ്മാന്‍ സാക്‌സ് ജീവനക്കാരന്‍. ഗോള്‍ഡ്മാന്‍ സാക്‌സില്‍ നിന്നു വിരമിച്ച ശേഷം സിനിമാ നിര്‍മാണം. എക്‌സ്‌മെന്‍ പരമ്പരയിലെ ചിത്രങ്ങള്‍, അവതാര്‍, അമേരിക്കന്‍ സ്‌നിഫര്‍ എന്നിവ മുന്‍ചിന്‍ പണം മുടക്കിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
മൈക്കല്‍ ഫ്‌ലിന്‍- മുന്‍ ലെഫ്റ്റനന്റ് ജനറല്‍. 2012 മുതല്‍ 14 വരെ പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്ഥാനം രാജിവച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക