|    Jan 16 Mon, 2017 4:30 pm

യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പ്: ഹിലരി ക്ലിന്റന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

Published : 28th July 2016 | Posted By: SMR

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റന്‍(68). ഇതാദ്യമായാണ് ഒരു വനിത യുഎസിലെ രണ്ടു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളിലൊന്നിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നത്.
ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷനിലാണ് ഹിലരിയെ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. 2842 പ്രതിനിധികളുടെ പിന്തുണയുമായാണ് ഹിലരി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങുന്നത്.
2383 പ്രതിനിധികളുടെ പിന്തുണയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ വേണ്ട കുറഞ്ഞ പരിധി. പാര്‍ട്ടി പ്രൈമറികളില്‍ നിന്നും കോക്കസുകളില്‍ നിന്നുമായി 1865 പ്രതിനിധികളുടെ പിന്തുണ മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സിനു ലഭിച്ചിരുന്നു.
നവംബര്‍ എട്ടിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപാണ് ഹിലരിയുടെ മുഖ്യ എതിരാളിയാവുക.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടത്തിന് ഹിലരി ഉടമയാവും. 2008ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായുള്ള മല്‍സരത്തില്‍ ഹിലരി ബറാക് ഒബാമയോട് പരാജയപ്പെട്ടിരുന്നു.
യുഎസിന്റെ 240 വര്‍ഷത്തെ ചരിത്രത്തില്‍ നാഴികക്കല്ലാണ് ഹിലരിയുടെ സ്ഥാനാര്‍ഥിത്വമെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ അഭിപ്രായപ്പെട്ടു. 1920ല്‍ യുഎസ് ഭരണഘടനയിലെ 19ാം ഭേദഗതിയെത്തുടര്‍ന്ന് 1929ലാണ് രാജ്യത്ത് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളില്‍ ചെറുകക്ഷികളില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം നല്‍കിയിരുന്നെങ്കിലും റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായത് പുരുഷന്‍മാര്‍ മാത്രമായിരുന്നു.
ഇരു കക്ഷികളിലും സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിച്ച വനിതകള്‍ പ്രൈമറികളില്‍ പിന്തള്ളപ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക