|    Nov 25 Sat, 2017 3:36 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജനകീയ വോട്ടെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതായി ട്രംപ്

Published : 29th November 2016 | Posted By: SMR

വാഷിങ്ടണ്‍: അനധികൃതമായി വോട്ട് ചെയ്ത ദശലക്ഷക്കണക്കിനു പേരെ മാറ്റിനിര്‍ത്തിയാല്‍ ഈ മാസം എട്ടിനു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജനകീയ വോട്ടെടുപ്പിലും താനാണ് വിജയിച്ചതെന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ്. എന്നാല്‍, തന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ ട്രംപ് തയ്യാറായില്ല. വിസ്‌കന്‍സിനില്‍ പുനര്‍വോട്ടെണ്ണല്‍ വേണമെന്ന് ആവശ്യപ്പെട്ട ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരാളിയായ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി
ഹിലരി ക്ലിന്റന്‍ എത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ ആരോപണം. ജനകീയ വോട്ടില്‍ ട്രംപിനേക്കാള്‍ 20 ലക്ഷം അധികം വോട്ടുകള്‍ ഹിലരി നേടിയിരുന്നു. എന്നാല്‍, പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള പ്രധാന മാനദണ്ഡമായ ഇലക്ടറല്‍ വോട്ടുകളില്‍ 270 എണ്ണം ട്രംപ് സ്വന്തമാക്കി.
ഇലക്ടറല്‍ കോളജിലെ ഉജ്വല വിജയത്തിനൊപ്പം അനധികൃതമായി വോട്ട് ചെയ്ത ദശലക്ഷക്കണക്കിനു പേരെ മാറ്റിനിര്‍ത്തിയാല്‍ ജനകീയ വോട്ടിലും താന്‍ ജയിച്ചെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. തന്നെ സംബന്ധിച്ച് ഇലക്ടറല്‍ കോളജില്‍ ജയിക്കുന്നതിനേക്കാള്‍ എളുപ്പമായിരുന്നു ജനകീയ വോട്ടില്‍ ജയിക്കുകയെന്നും താന്‍ സന്ദര്‍ശിച്ച 15 സംസ്ഥാനങ്ങള്‍ക്കു പകരം മൂന്നോ നാലോ സംസ്ഥാനങ്ങള്‍ ഇതിനായി സന്ദര്‍ശിച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിലരി വിജയിച്ച വിര്‍ജീനിയ, ന്യൂ ഹാംപ്‌ഷെയര്‍, കാലഫോര്‍ണിയ എന്നിവിടങ്ങൡ ഗുരുതരമായ ക്രമക്കേട് നടന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍, യുഎസ് മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ചയാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക