|    Jan 22 Sun, 2017 1:38 pm
FLASH NEWS

യുഎസ് പര്യടനം റദ്ദാക്കി; രാജ്‌നാഥ് സിങ് ഇമാമുമാരുമായി ചര്‍ച്ച നടത്തി

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അമേരിക്കന്‍ പര്യടനം റദ്ദാക്കി. അടുത്ത ആഴ്ച വാഷിങ്ടണില്‍ നടത്താന്‍ നിശ്ചയിച്ച ഇന്തോ-യുഎസ് രാഷ്ട്ര സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി പോവേണ്ടിയിരുന്നത്.

ഈ മാസം 18ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനക്കാലത്ത് തിരക്കിട്ട പരിപാടികളുള്ളതിനാലാണ് മന്ത്രി യുഎസ് യാത്ര നീട്ടിവച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്നാല്‍, കശ്മീരിലെ സംഘര്‍ഷവും യാത്ര മാറ്റിയതിന് മറ്റൊരു പ്രധാന കാരണമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.യുഎസില്‍ അഞ്ചു ദിവസത്തെ പര്യടനത്തിനാണ് രാജ്‌നാഥ് പദ്ധതിയിട്ടിരുന്നത്. പുതിയ തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സപ്തംബറില്‍ മന്ത്രി യുഎസ് സന്ദര്‍ശിക്കുമെന്നാണ് സൂചന. കശ്മീര്‍ സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ്‌നാഥ് കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവരുമായും മന്ത്രി ബന്ധപ്പെട്ടിട്ടുണ്ട്.
അതിനിടെ, കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് രാജ്‌നാഥ് സിങ് ഇമാമുമാരുടെ സഹായം തേടി. ഇമാമുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും സംസ്ഥാനത്തെ മതപണ്ഡിതന്‍മാരുമായും തങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് ഇമാമുമാര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.കശ്മീര്‍ താഴ്‌വരയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന് തങ്ങള്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ഇമാമുമാരുടെ സംഘത്തിലുണ്ടായിരുന്ന ഉമര്‍ അഹമ്മദ് ഇല്യാസി അറിയിച്ചു. ലോകത്തിലെ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളെ പ്പോലെ തന്നെ കശ്മീരികളും തങ്ങളുടെ സഹോദരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.ഏതുതരം ഭീകരവാദത്തിനും തങ്ങള്‍ എതിരാണ്. കശ്മീരികളെ കുറിച്ചല്ല, കശ്മീരിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. കശ്മീരികളുമായി ചര്‍ച്ച നടത്താന്‍ സമയമായി. ഇല്യാസി പറഞ്ഞു.
സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സമാധാനം പാലിക്കാന്‍ കശ്മീരിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവിടെ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തോടനുബന്ധമായാണ് മോദിയുടെ ആഹ്വാനം.
അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട പുരോഗതിയില്‍ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ആഫ്രിക്കന്‍ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമാണ് യോഗം നടന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടരി എസ് ജയശങ്കര്‍ തുടങ്ങിയവയാണ് യോഗത്തില്‍ പങ്കെടുത്തത്.
മോദി തിരിച്ചെത്തിയ ഉടന്‍തന്നെ പരീക്കറും ദോവലും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാ ഏജന്‍സികളുടെ തലവന്‍മാരും പ്രധാനമന്ത്രിയോട് സാഹചര്യങ്ങള്‍ വിശദീകരിച്ചു. അമര്‍നാഥ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കും. ആവശ്യമായ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് പരീക്കറും വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക