|    Jun 24 Sun, 2018 9:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍!

Published : 4th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ ഇ-മെയില്‍ വിവാദത്തിലേറെ പ്രചാരണം സംഭവബഹുലമാക്കിയത് റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദപ്രസ്താവനകളായിരുന്നു. വാദപ്രതിവാദങ്ങള്‍ രൂക്ഷമായപ്പോള്‍ അമേരിക്കന്‍ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയിലാണ് എന്നു പോലും നിരീക്ഷകര്‍ വിലയിരുത്തി.
റിപബ്ലിക്കന്‍ നേതൃനിരയിലേക്കു പെട്ടെന്നു കടന്നുവന്ന് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിനില്‍ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. വംശീയതയുടെയും വൈകാരികതയുടെയും ആള്‍രൂപമെന്ന് ട്രംപിനെ വിശേഷിപ്പിക്കാം. തിരഞ്ഞെടുപ്പ് ഗോദയിലെത്തിയതു മുതല്‍ ട്രംപിന്റെ വിവാദപ്രസ്താവനകള്‍ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരുന്നു. അഭയാര്‍ഥി വിരുദ്ധതയും സ്ത്രീവിരുദ്ധതയും യുഎസിന്റെ ചരിത്രം മറന്ന് റഷ്യയോട് അനുഭാവം പുലര്‍ത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. സാമ്പത്തിക, സാമൂഹിക മേഖലയിലും ട്രംപ് വിവാദം സൃഷ്ടിച്ചു.
വിജയിച്ചാല്‍ ആദ്യദിനം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. തെക്കന്‍ അതിര്‍ത്തിയില്‍ മെക്‌സിക്കോയുമായി വേര്‍തിരിക്കുന്ന മതില്‍ നിര്‍മാണം ആരംഭിക്കുമെന്നതാണ് ട്രംപിന്റെ പ്രധാന വാഗ്ദാനം. അതിര്‍ത്തി കടന്ന് എത്തിയ കുടിയേറ്റക്കാരെ ബലാല്‍സംഗകരെന്നും മയക്കുമരുന്നു കച്ചവടക്കാരെന്നും കൊലപാതകികളെന്നുമാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. 110 ലക്ഷം ആളുകളെ നാടുകടത്തുമെന്ന് ട്രംപ് പറയുന്നു. നയം രൂപീകരിക്കുന്നതുവരെ മുസ്‌ലിംകളുടെ പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാം പേടി ശക്തിപ്പെടുത്തുന്ന ട്രംപിന്റെ നയമാണു വലിയ വിമര്‍ശനത്തിന് വഴിയൊരുക്കുന്നത്. ട്രംപിന്റെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്കു പിന്നാലെ യുഎസില്‍ മുസ്‌ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പ്രസംഗത്തില്‍ ചെറിയൊരു മാറ്റംവരുത്താന്‍ ട്രംപ് തയ്യാറായി. ഭീകരപ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ള രാജ്യങ്ങള്‍ക്കേ വിലക്കേര്‍പ്പെടുത്തൂ എന്നതാണ് ഇപ്പോഴത്തെ നിലപാട്. ട്രംപ് മുന്നോട്ടുവച്ച കുടിയേറ്റ നയം നടപ്പാക്കാന്‍ യുഎസ് ഖജനാവിന് 406 ശതകോടി മുതല്‍ 611 ശതകോടി ഡോളര്‍ വരെ ചെലവുവരുമെന്നാണു കണക്കാക്കുന്നത്. അതോടെ, യുഎസിലെ തൊഴിലാളികളില്‍ 110 ലക്ഷത്തിന്റെ കുറവു വരികയും മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 1.62 ട്രില്യണ്‍ ഡോളറിന്റെ കുറവുണ്ടാവുകയും ചെയ്യും. നടപടി പൂര്‍ത്തീകരിക്കാന്‍ 20 വര്‍ഷമെങ്കിലും എടുക്കും. എന്നാല്‍ 18 മാസങ്ങള്‍ കൊണ്ട് നടപടി പൂര്‍ത്തീകരിക്കുമെന്നാണ് ട്രംപ് പറയുന്നത്. യുഎസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് ഇതു സൃഷ്ടിക്കുകയെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കാരണം യുഎസ് സാമ്പത്തികവ്യവസ്ഥയുടെ നിര്‍ണായകഘടകമാണ് കുടിയേറ്റക്കാര്‍.
ഗര്‍ഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് നേര്‍വിപരീതമാണ് ട്രംപിന്റെ നയം. എന്നാല്‍ പലതവണ ട്രംപ് അഭിപ്രായം മാറ്റിയിട്ടുണ്ടെന്നതും ശ്രദ്ധേയം. ട്രംപിനെതിരേ ലൈംഗികാരോപണവുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായി.
രാഷ്ട്രീയമായി ബലഹീനമായി വരുന്ന വെള്ളക്കാരായ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ഉല്‍കണ്ഠകളാണ് ട്രംപിന്റെ മൂലധനമെന്നാണു കരുതപ്പെടുന്നത്. വ്യാവസായിക മേഖലയിലുണ്ടായ തകര്‍ച്ചമൂലം തൊഴില്‍രഹിതരായ തൊഴിലാളികളും ഇവാഞ്ചലിക്കല്‍ സഭാ വിശ്വാസികളും പൊതുവില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് ഉറച്ച പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടൊക്കെ ട്രംപ് വൈറ്റ്ഹൗസിലെത്തിയാല്‍ ഹിസ്പാനിക്കുകള്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കുമെതിരായ ആക്രമണം ശക്തിപ്പെടുമെന്ന ആശങ്ക ശക്തമാണ്.
എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി വീണ്ടും കുത്തിപ്പൊക്കിയ ഇ-മെയില്‍ വിവാദം ഹിലരി ക്ലിന്റന്റെ ജനസമ്മതിക്ക് ആഘാതമേല്‍പ്പിച്ചത് ട്രംപിന്റെ അനുയായികള്‍ക്കു പ്രതീക്ഷ നല്‍കുന്നു. അതേയവസരം, തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ യുഎസ് ഇതുവരെ പിന്തുടര്‍ന്നുപോന്ന നവസാമ്രാജ്യത്വ നടപടികള്‍ ട്രംപ് അപ്പടി തുടരാനാണു സാധ്യതയെന്ന വിലയിരുത്തലുമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss