|    Apr 24 Mon, 2017 10:30 pm
FLASH NEWS

യുഎസ് കോണ്‍ഗ്രസ്സിലേക്ക് അഞ്ച് ഇന്ത്യന്‍ വംശജര്‍

Published : 10th November 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലാദ്യമായി അഞ്ച് ഇന്ത്യന്‍ വംശജര്‍ യുഎസ് കോണ്‍ഗ്രസ്സിലേക്ക്. ഇന്ത്യന്‍ വംശജയായ ആദ്യ യുഎസ് വനിതാ സെനറ്റര്‍ എന്ന ബഹുമതി നേടിയിരിക്കുകയാണ് കമല ഹാരിസ് എന്ന 51കാരി. കാലഫോര്‍ണിയയില്‍ രണ്ടുതവണ (2010ലും 2014ലും) അറ്റോര്‍ണി ജനറലായിട്ടുള്ള കമല ഹാരിസ് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചരിത്രം കുറിക്കുകയായിരുന്നു. കാലഫോര്‍ണിയയില്‍ നിന്നുമാണ് കമല ഹാരിസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പിതാവിന്റെ ആഫ്രിക്കന്‍ പൗരത്വം കണക്കിലെടുത്ത് ആദ്യമായി യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജയെന്ന വിശേഷണവും കമലയ്ക്കുണ്ട്. ചെന്നൈ സ്വദേശിയായ കമലയുടെ മാതാവ് ശ്യാമള ഗോപാല്‍ അര്‍ബുദ വിദഗ്ധയാണ്. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ സ്വദേശിയാണ്.
ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയാണ് പ്രമീള ജയ്പാല്‍. സിയാറ്റിലില്‍ നിന്നും 57 ശതമാനം വോട്ടുകളോടെയാണ് പ്രമീള വിജയിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരിയായ ജയ്പാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിച്ച ബെര്‍ണി സാന്‍ഡേഴ്‌സിനെയായിരുന്നു പിന്തുണച്ചത്. യുഎസ് പൗരനായ സ്റ്റീവ് വില്യംസ് ആണ് ഭര്‍ത്താവ്. തുല്യവേതനം നടപ്പാക്കാനുള്ള ശ്രമത്തിന്റെ പേരിലും കുടിയേറ്റം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ എന്നീ മേഖലയിലുള്ള പ്രവര്‍ത്തനവും കാരണം ശ്രദ്ധേയയായി. വംശീയ വിദ്വേഷത്തിനെതിരേയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ രാജകൃഷ്ണമൂര്‍ത്തി ഇല്ലിനോയ്‌സില്‍ നിന്നാണ് മല്‍സരിച്ചത്.  ഡല്‍ഹി സ്വദേശിയാണ്. തമിഴ് വംശജരാണ് മാതാപിതാക്കള്‍. ഇന്ത്യന്‍ വംശജനാണെങ്കിലും കുട്ടിക്കാലത്ത് തന്നെ യുഎസിലേക്ക് കുടിയേറിയതിനാല്‍ പഠനവും തുടര്‍കാര്യങ്ങളും യുഎസിലായിരുന്നു. അഭിഭാഷകനായും വ്യവസായിയായും എന്‍ജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള സൗഹൃദത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
കാലഫോര്‍ണിയയുടെ 17ാം ഡിസ്ര്ട്രിക്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പ്രതിനിധി സഭയിലേക്ക് മല്‍സരിച്ച ഇന്ത്യന്‍ വംശജന്‍ റോഹിത് റാവു ഖന്ന എതിര്‍സ്ഥാനാര്‍ഥി മൈക് ഹോണ്ടയെയാണ് തോല്‍പിച്ചത്. 2014ല്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഖന്നയെ ഹോണ്ട നേരിയ ഭൂരിപക്ഷത്തിന് തോല്‍പിച്ചിരുന്നു. സിലിക്കണ്‍ വാലിയിലെ ഐടി കമ്പനികളുടെ ശക്തമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. യേല്‍ ലോ സ്‌കൂളില്‍ നിന്നും നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്. 2009ല്‍ വാണിജ്യവകുപ്പില്‍ ഒബാമ അദ്ദേഹത്തെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിച്ചു. വൈറ്റ്ഹൗസ് വ്യാവസായിക സമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാലഫോര്‍ണിയയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മല്‍സരിച്ച ഇന്ത്യന്‍ വംശജനായ അമി ബേറയും വിജയം കൈവരിച്ചു. നിലവില്‍ കോണ്‍ഗ്രസ്സ് അംഗമായ ബേറ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day