|    Jun 18 Mon, 2018 3:48 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍: സെറീന, മുറേ പ്രീക്വാര്‍ട്ടറില്‍

Published : 5th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: മുന്‍ ജേതാവും ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരവുമായ സെറീന വില്യംസും ബ്രിട്ടന്റെ ഒളിംപിക് ചാംപ്യന്‍ ആന്‍ഡി മുറേയും വിജയത്തോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ഇവര്‍ക്കു പുറമേ പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക, ജപ്പാന്റെ കെയ് നിഷിങ്കോരി, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം വനിതാ വിഭാഗം സിംഗിള്‍സില്‍ മുന്‍ ജേതാവും ലോക ഒന്നാം നമ്പറുമായ അമേരിക്കയുടെ വീനസ് വില്യംസ്, പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക, റുമാനിയയുടെ സിമോണ ഹലെപ്, സ്‌പെയിനിന്റെ കാര്‍ല സുവാറസ് നവാറോ, ചെക്ക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ എന്നിവരും ജയത്തോടെ ടൂര്‍ണമെന്റിന്റെ അവസാന 16ല്‍ ഇടംനേടി.
എന്നാല്‍, 11ാം സീഡായ സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഫെററിനെ ഞെട്ടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡെല്‍പോട്രോയുടെ വിജയം. സ്‌കോര്‍: 7-6, 6-2, 6-3.
മൂന്നാം റൗണ്ടില്‍ സ്വീഡന്റെ ജോഹന്ന ലാര്‍സണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവ് പറയിച്ചാണ് സെറീന അവസാന 16ലേക്ക് മുന്നേറിയത്. ഈ വിജയത്തോടെ സെറീന റെക്കോഡ് പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന വനിത താരമെന്ന റെക്കോഡാണ് സെറീന സ്വന്തമാക്കിയത്.
കരിയറിലെ സെറീനയുടെ 307ാം വിജയമാണിത്. ചെക്ക് റിപബ്ലിക്കിന്റെ ഇതിഹാസ താരം മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോഡാണ് 34 കാരിയായ സെറീന മറികടന്നത്. പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്താന്റെ യറോസ്ലാവ സ്‌വിഡോവയെയാണ് സെറീന നേരിടുക.
അതേസമയം, ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറ്റലിയുടെ പൗലോ ലോറെന്‍സിയെ രണ്ടാം സീഡായ മുറേ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 7-6, 5-7, 6-2, 6-3. പ്രീക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രേവാണ് മുറേയുടെ എതിരാളി.
വാവ്‌റിന്‍ക ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സിനെയും (4-6, 6-3, 6-7, 7-6, 6-2) നിഷിങ്കോരി ഫ്രാന്‍സിന്റെ നികോളാസ് മഹുത്തിനെയും (4-6, 6-1, 6-2, 6-2) വീനസ് ജര്‍മനിയുടെ ലൗറ സിഗമുണ്ടിനെയും (6-1, 6-2) റഡ് വാന്‍സ്‌ക ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷ്യയെയും (6-2, 6-3) ഹലെപ് ഹംഗറിയുടെ ടിമിയ ബാബോസിനെയും (6-1, 2-6, 6-4) പ്ലിസ്‌കോവ റഷ്യയുടെ അനാസ്റ്റസിയ പവ്‌ലുചെന്‍കോവയെയുമാണ് (6-2, 6-4) പരാജയപ്പെടുത്തിയത്.
സാനിയയും
ബൊപ്പണ്ണയും മുന്നോട്ട്, പേസ് പുറത്ത്
ഇന്ത്യന്‍ പ്രതീക്ഷകളായ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യങ്ങള്‍ യുഎസ് ഓപണില്‍ പ്രയാണം തുടര്‍ന്നപ്പോള്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വനിതാ ഡബിള്‍സില്‍ ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രികോവയ്‌ക്കൊപ്പം റാക്കറ്റേന്തിയ സാനിയ വിക്ടോറിയ ഗോലുബിക്ക്-നികോള മെലിച്ചര്‍ സഖ്യത്തെ 6-2, 7-6 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
എന്നാല്‍, മിക്‌സഡ് ഡബിള്‍സിന്റെ മൂന്നാംറൗണ്ടിലാണ് കാനഡയുടെ ഗബ്രിയേല ഡബ്‌റോവ്‌സ്‌കിക്കൊപ്പം റാക്കറ്റേന്തിയ ബൊപ്പണ്ണ മുന്നേറിയത്. രണ്ടാംറൗണ്ടില്‍ ലുകാസ്-ആന്ദ്രെ ഹവകോവ ജോടിയെയാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 5-7, 6-3, 10-7.
അതേസമയം, മിക്‌സഡ് ഡബിള്‍സിലും തോറ്റ് പുറത്തായതോടെ പേസിന്റെ യുഎസ് ഓപണ്‍ ദൗത്വം അവസാനിച്ചു. നേരത്തെ, പുരുഷ വിഭാഗം ഡബിള്‍സിലും പേസ് സഖ്യം പരാജയപ്പെട്ടിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം റാക്കറ്റേന്തിയ പേസിന് രണ്ടാംറൗണ്ടില്‍ അടിതെറ്റുകയായിരുന്നു.
ഏഴാം സീഡായ അമേരിക്കയുടെ രാജീവ് റാം-കോകോ വങ്‌വേഗ് ജോടിയോടാണ് പേസ്-ഹിംഗിസ് സഖ്യം പരാജയപ്പെട്ടത്. ടൈബ്രേക്കറിനൊടുവിലാണ് മിക്‌സഡ് ഡബിള്‍സില്‍ കഴിഞ്ഞ തവണത്തെ ജേതാക്കള്‍ കൂടിയായ പേസ്-ഹിംഗിസ് സഖ്യം മല്‍സരം കൈവിട്ടത്. സ്‌കോര്‍: 7-6, 3-6, 13-11.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss