|    Oct 20 Sat, 2018 8:40 pm
FLASH NEWS
Home   >  News now   >  

യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: വനിതാ സിംഗിള്‍സ് കിരീടം സ്ലോവാനി സ്റ്റീഫന്‍സിന്

Published : 10th September 2017 | Posted By: ev sports

യുഎസ് ഓപണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സ്ലോവാനി സ്റ്റീഫന്‍സിന്. ഫൈനലില്‍ സ്വന്തം നാട്ടുകാരിയായ മാഡിസണ്‍ കീസിനെ തകര്‍ത്താണ് സ്ലോവാനി തന്റെ കന്നി ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കിയത്. രണ്ട് സെറ്റുകള്‍ മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ 6-3, 6-0 എന്ന സ്‌കോറിനായിരുന്നു സ്ലോവാനിയയുടെ വിജയം. സീഡില്ലാതെ യുഎസ് ഓപണിലെത്തി കിരീടം ചൂടിയ സ്ലോവാനി സീഡില്ലാതെ കിരീടം നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡും സ്വന്തമാക്കി.  ഇതിന് മുമ്പ് 2009 ല്‍ കിം ക്ലൈസ്‌റ്റേഴ്‌സാണ് സീഡ് ചെയ്യപ്പെടാതെ എത്തി കിരീടവുമായി മടങ്ങിയത്. വിരമിച്ച ശേഷം മടങ്ങിവന്നാണ് ക്ലൈസ്‌റ്റേഴ്‌സ് അന്ന് കിരീടം നേടിയത്.
പരിക്കിനെത്തുടര്‍ന്ന് 11 മാസത്തോളം ടെന്നിസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന സ്ലോവാനി ഗംഭീര തിരിച്ചുവരവാണ് യുഎസ് ഓപണിലൂടെ നടത്തിയത്. ശക്തമായ ഫൈനല്‍ മല്‍സരം പ്രതീക്ഷിച്ചെങ്കിലും സ്ലോവാനി അനായാസം ജയിച്ച് കയറുന്ന കാഴ്ചയ്ക്കാണ് വനിതാ സിംഗിള്‍സ് ഫൈനല്‍ മല്‍സരം സാക്ഷ്യം വഹിച്ചത്. 61 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിലെ ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ സ്ലൊവാനി രണ്ടാം സെറ്റില്‍ എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെ 6-0നും വിജയം പിടിച്ചെടുത്തു. ലോക റാങ്കിങിലെ 83ാം സ്ഥാനക്കാരിയായി എത്തിയാണ് സ്ലൊവാനി യുഎസ് ഓപണില്‍ കിരീടം അണിഞ്ഞത്.
സെമിയില്‍ അമേരിക്കയുടെ സൂപ്പര്‍ താരം വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് സ്ലോവാനി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. അതേ സമയം  20ാം സീഡ് താരം വാന്‍ഡെവെഗിനെ അനായാസം കീഴടക്കിയാണ് മാഡിസണ്‍ കെയ്‌സ് ഫൈനലിലെത്തിയത്. 2002ല്‍ വീനസ് വില്യംസും സെറീന വില്യംസും മാറ്റുരച്ചതിന് ശേഷം യുഎസ് ഓപണില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ ഫൈനല്‍ നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss