|    Oct 20 Sat, 2018 1:53 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍ ടെന്നിസ്‌ : ഫെഡറര്‍ ഔട്ട്

Published : 8th September 2017 | Posted By: fsq

 

ന്യുയോര്‍ക്ക്: യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇങ്ങനെയൊരു അട്ടിമറി ആരും പ്രതീക്ഷിച്ചില്ല. റാഫേല്‍ നദാലും റോജര്‍ ഫെഡററും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തി കൊണ്ടാണ് ഇന്നലെ അത് സംഭവിച്ചത്. പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നായ യുഎസ് ഓപണില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ 2009ലെ യുഎസ് ഓപണ്‍ ചാംപ്യന്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ ആണ് ഫെഡററെ അട്ടിമറിച്ചത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ ഒരു സെറ്റ് മാത്രമാണ് ഫെഡറര്‍ക്ക് ജയിക്കാന്‍ സാധിച്ചത്. സ്‌കോര്‍: 7-5, 3-6, 7-6, 6-4. ജയിച്ചിരുന്നെങ്കില്‍ ടോപ് സീഡ് താരം റാഫേല്‍ നദാലുമായി ഫെഡറര്‍ സെമി റൗണ്ടില്‍ ഏറ്റുമുട്ടുമായിരുന്നു. എന്നാല്‍, 24ാം സീഡായ യുവാന്‍ മാര്‍ട്ടിന്‍ വെറ്ററന്‍ താരത്തെ ആദ്യ സെറ്റില്‍ തന്നെ പരാജയപ്പെടുത്തി. 5-5 എന്ന തുല്യപോയിന്റില്‍ നില്‍ക്കെ ഫെഡറര്‍ സര്‍വ് നഷ്ടപ്പെടുത്തിയതാണ് പരാജയത്തിനു കാരണമായത്. തുടര്‍ന്ന് രണ്ടാം സെറ്റ് ഫെഡറര്‍ അനായാസം മറികടന്നെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് നേടാനുള്ള സുവര്‍ണാവസരം ഫെഡറര്‍ പാഴാക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ ടൈബ്രേക്കറിലാണ് മല്‍സരം വഴി തിരിഞ്ഞത്. നേരത്തെ, അനുവദിച്ച സമയത്ത് 6-10 എന്ന പോയിന്റില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍, ടൈബ്രേക്കറില്‍ 8-8 എന്ന തുല്യനിലയ്ക്കു ശേഷം ഫെഡററുടെ സ്‌കോര്‍ ബോര്‍ഡ് അനങ്ങിയില്ല. അവസാന സര്‍വും നഷ്ടപ്പെടുത്തിയതോടെ ടൈ ബ്രേക്കറിലും അര്‍ജന്റീനയുടെ യുവതാരം മുന്‍തൂക്കം നേടുകയായിരുന്നു. നാലാം സെറ്റില്‍ പരാജയം സമ്മതിച്ച ഫെഡററെ നിഷ്പ്രയാസം കീഴ്‌പ്പെടുത്താനും ഡെല്‍പെട്രോയ്ക്ക്് സാധിച്ചു. ഇതോടെ ഈ വര്‍ഷം ആദ്യമായി ഫെഡറര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ തോല്‍വിയോടെ പുറത്തായി. നാളെ നടക്കുന്ന സെമിഫൈനലില്‍ ഡെല്‍പെട്രോയ്ക്ക് നേരിടേണ്ടി വരുക റാഫേല്‍ നദാലിനെയാണ്. പുരുഷ സിംഗിള്‍സിലെ മറ്റൊരു സെമിയില്‍ സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്ത, ദക്ഷിണാഫ്രിക്കയുടെ ബിഗ് സെര്‍വര്‍ കെവിന്‍ ആന്‍ഡേഴ്‌സനെ നേരിടും.—— അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ് എസ്‌തോനിയയുടെ കയ കനേപിയെ തോല്‍പിച്ചു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു 16ാം സീഡ് താരത്തിന്റെ ജയം. സ്‌കോര്‍: 6-3,6-3. കഴിഞ്ഞ ദിവസം ഒന്നാം സീഡ് പ്ലിസ്‌കോവയെ അമേരിക്കയുടെ മറ്റൊരു താരമായ കൊക്കോ വാന്‍ഡവേഗെ അട്ടിമറിച്ചിരുന്നു. യുഎസ് ഓപണില്‍ വനിതകളുടെ സിംഗിള്‍സില്‍ അവശേഷിക്കുന്ന നാലു താരങ്ങളും അമേരിക്കയില്‍ നിന്നാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss