|    Jun 22 Fri, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍: ജോകോവിച്ച്, നദാല്‍ പ്രീക്വാര്‍ട്ടറില്‍

Published : 4th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: നിലവിലെ ചാംപ്യനായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, മുന്‍ ജേതാവായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ജയത്തോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഇവര്‍ക്കു പുറമേ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ, ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സ്, വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി, ചെക്ക് റിപബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, അമേരിക്കയുടെ മാഡിന്‍സന്‍ കെയ്‌സ്, ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി അമേരിക്കയുടെ ജോഹന്ന കോന്റെ എന്നിവരും ജയത്തോടെ ടൂര്‍ണമെന്റിന്റെ അവസാന 16ലേക്ക് മുന്നേറി. എന്നാല്‍, മുന്‍ ജേതാവായ ക്രൊയേഷ്യയുടെ ഏഴാം സീഡായ മാരിന്‍ സിലിച്ചിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. മൂന്നാംറൗണ്ടില്‍ 26ാം സീഡായ അമേരിക്കയുടെ ജാക്ക് ഷോക്കാണ് സിലിച്ചിന് ഷോക്ക് നല്‍കിയത്.
2014ല്‍ യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ട സിലിച്ചിന്റെ ഷോക്കിനെതിരേയുള്ള തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. 6-4, 6-3, 6-3 എന്ന സ്‌കോറിന് വെന്നിക്കൊടി നാട്ടിയ ഷോക്ക് ചരിത്രത്തിലാദ്യമായി യുഎസ് ഓപണിന്റെ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു. സിലിച്ചിനു പുറമേ അമേരിക്കയുടെ 20ാം സീഡായ ജോണ്‍ ഇസ്‌നറിറും മൂന്നാംറൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി പിണഞ്ഞു. ഇസ്‌നറിനെ ബ്രിട്ടന്റെ കെയ്ല്‍ എഡ്മുണ്ടാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 3-6, 6-2, 7-6.
അതേസമയം, കാല്‍മുട്ടിന് പരിക്കേറ്റ് മല്‍സരത്തിനിടെ എതിര്‍ താരം പിന്‍വാങ്ങിയതിനെ തുടര്‍ന്നായിരുന്നു ലോക ഒന്നാം നമ്പറായ ജോകോവിച്ചിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. റഷ്യന്‍ താരം മിഖയേല്‍ യൗസന്നാണ് മല്‍സരത്തിനിടെ പരിക്ക് മൂലം പിന്‍മാറിയത്. ആദ്യസെറ്റില്‍ ജോകോവിച്ച് 4-2ന് മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു യൗസന്നിനെ പരിക്ക് പിടികൂടിയത്.
ഇതേ തുടര്‍ന്ന് ആദ്യ സെറ്റ് പോലും പൂര്‍ത്തിയാക്കാനാവാതെ റഷ്യന്‍ താരം മല്‍സരത്തിനിടെ പിന്‍മാറുകയായിരുന്നു.  തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് മല്‍സരം പൂര്‍ത്തിയാക്കാതെ തന്നെ ജോകോവിച്ച് പ്രയാണം നടത്തുന്നത്. നേരത്തെ മൂന്നാംറൗണ്ടില്‍ ചെക്ക് റിപബ്ലിക്ക് താരം ജിഫ്രി വേസ്‌ലിക്കെതിരേ ജോകോവിച്ചിന് വാക്കോവര്‍ ലഭിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ എഡ്മുണ്ടാണ് ജോകോവിച്ചിന്റെ എതിരാളി.
മൂന്നാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് റഷ്യയുടെ ആന്ദ്രെ കുസ്‌നറ്റ്‌സോവിനെ തോല്‍പ്പിച്ചാണ് നദാലിന്റെ മുന്നേറ്റം. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും കുസ്‌നറ്റ്‌സോവിനെ മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ നദാല്‍ നിഷ്പ്രഭമാക്കുകയായിരുന്നു. സ്‌കോര്‍: 6-1, 6-4, 6-2. പ്രീക്വാര്‍ട്ടറില്‍ 24ാം സീഡായ ഫ്രാന്‍സിന്റെ ലുകാസ് പൗല്ലെയെയാണ് നദാല്‍ എതിരിടുക. ഒമ്പതാം സീഡായ സോങ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 6-4, 7-6. 10ാം സീഡായ മോന്‍ഫില്‍സ് 6-4, 6-2, 6-4 എന്ന ്‌സ്‌കോറിന് സ്‌പെയിനിന്റെ നികോളസ് അല്‍മാഗ്രോയെയാണ് തോല്‍പ്പിച്ചത്.
അമേരിക്കന്‍ താരം സിസി ബെല്ലിസിനെതിരേ അനായാസമായിരുന്നു കെര്‍ബറിന്റെ വിജയം. സ്‌കോര്‍: 6-1, 6-1. വിന്‍സി ജര്‍മനിയുടെ കരിന വിത്തോഫ്റ്റിനെയും (6-0, 5-7, 6-3) കെയ്‌സ് ജപ്പാന്റെ നഹോമി ഒസാക്കയെയും (7-5, 4-6, 7-6) ക്വിറ്റോവ ഉക്രെയ്‌നിന്റെ എലിന സ് വിറ്റോലിനയെയും (6-3, 6-4) കോന്റെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്കിനെയും (6-2, 6-1) വോസ്‌നിയാക്കി റുമാനിയയുടെ മൊണിക്ക നികുലസ്‌കുവിനെയുമാണ് (6-3, 6-1) മറികടന്നത്.
ബൊപ്പണ്ണ
സഖ്യത്തിന് ജയം
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ഡബ്‌റോവ്‌സ്‌കി സഖ്യം ജയത്തോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ടില്‍ പ്രവേശിച്ചു.
അമേരിക്കയുടെ ജാമി ലോബ്-നോഹ റുബിന്‍ ജോടിയെയാണ് ഇന്തോ-കാനഡ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍: 7-5, 6-4. നേരത്തെ, സാനിയ മിര്‍സ, ലിയാണ്ടര്‍ പേസ് സഖ്യവും മിക്‌സഡ് ഡബിള്‍സിന്റെ രണ്ടാംറൗണ്ടില്‍ കടന്നിരുന്നു.
പുരുഷ വിഭാഗം ഡബിള്‍സില്‍ പേസ് സഖ്യം ആദ്യറൗണ്ടിലും ബൊപ്പണ്ണ സഖ്യം രണ്ടാംറൗണ്ടിലും തോറ്റ് പുറത്തായിരുന്നു. വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss