|    Oct 21 Sun, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുഎസ് ഓപണ്‍ കിരീടം റാഫേല്‍ നദാലിന്‌ ; നദാലിന്റെ 16ാം ഗ്രാന്റ്സ്ലാം കിരീടം

Published : 12th September 2017 | Posted By: fsq

 

ന്യുയോര്‍ക്ക്: അദഭുതവും സംഭവിച്ചില്ല, അട്ടിമറിയും സംഭവിച്ചില്ല. യുഎസ് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം റാങ്കുകാരന്‍ റാഫേല്‍ നദാലിന്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ചാണ് സ്പാനിഷ് സൂപ്പര്‍ താരം തന്റെ  മൂന്നാം യുഎസ് ഓപണ്‍ കിരീടം അലമാരയിലെത്തിച്ചത്. നദാലിന്റെ 16ാം ഗ്രാന്റ്സ്ലാം കിരീടം കൂടിയാണിത്. ടോപ് സീഡ് താരത്തിന്റെ കളിമികവിന് മുന്നില്‍ ആന്‍ഡേഴ്‌സണ്‍ ഒന്നുമല്ലാതായിപ്പോവുന്ന കാഴ്ചയ്ക്കാണ് പുരുഷ സിംഗിള്‍സ് ഫൈനല്‍ സാക്ഷ്യം വഹിച്ചത്. രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റ് സമയം നീണ്ടു നിന്ന മല്‍സരത്തില്‍ ആധികാരികമായിരുന്നു റാഫയുടെ വിജയം. 28ാം സീഡായ ആന്‍ഡേഴ്‌സണെ മൂന്ന് സെറ്റിലും നിഷ്പ്രയാസം നദാല്‍ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 6-3, 6-3, 6-4.—വെറ്ററന്‍ ഇതിഹാസം റോജര്‍ ഫെഡറര്‍ അട്ടിമറി തോല്‍വിയേറ്റുവാങ്ങി സെമിയില്‍ പുറത്തായതോടെ നദാലിന് കിരീടം ഉറപ്പിച്ച ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് നദാല്‍ കാഴ്ചവച്ചത്. ഈ സീസണില്‍ നദാല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടമാണിത്. 2013നു ശേഷം ആദ്യമായാണ് നദാല്‍ ഒരു വര്‍ഷം തന്നെ രണ്ടു ഗ്രാന്റസ്ലാമുകള്‍ക്ക് അവകാശിയാവുന്നത്. നേരത്തെ ഫ്രഞ്ച് ഓപണില്‍ കിരീടം ചൂടിയ നദാലിന് ആസ്‌ത്രേലിയന്‍ ഓപണില്‍ ഫെഡറിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഗ്രാന്‍സ്ലാമിലെ ആദ്യ ഫൈനല്‍ കളിക്കാനിങ്ങിയ കെവിന്‍ ആന്‍ഡേഴ്‌സണെ തുടക്കം മുതലേ നദാല്‍ സമ്മര്‍ദത്തിലാക്കി. ആദ്യ സെറ്റില്‍ 23 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സ് വരുത്തിയ ആന്‍ഡേഴ്‌സണ് ഒരു ബ്രേക്ക് പോയിന്റ് പോലും നേടാനായില്ല. നദാലിന്റെ ഫോര്‍ഹാന്‍ഡുകള്‍ക്കും ബാക്ക് ഹാന്‍ഡുകള്‍ക്കും മറുപടിയില്ലാതെ രണ്ടാം സെറ്റ് മൂന്ന് പോയിന്റിന് ദക്ഷിണാഫ്രിക്കന്‍ താരം കൈവിട്ടു. മൂന്നാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ നേരിയ ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ആ സെറ്റും നദാല്‍ അനായാസം സ്വന്തമാക്കി കിരീടം ഉറപ്പിക്കുകയായിരുന്നു. ഗ്രാന്റ്സ്ലാം കിരീട നേട്ടത്തില്‍ പുതിയ റെക്കോഡ് കുറിച്ചു കൊണ്ടാണ് നദാല്‍ ന്യുയോര്‍ക്കില്‍ നിന്ന് വണ്ടികയറിയത്. 19 ഗ്രാന്റ്സ്ലാം കിരീടം നേടിയ റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിന് മുന്നിലുള്ളത്. സാംപ്രാസിനെ പിന്തള്ളിയാണ് നദാല്‍ രണ്ടാംസ്ഥാനത്തെത്തിയത്. ഇതോടെ എടിപി റാങ്കിങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്താനും നദാലിന് സാധിച്ചു. അവിശ്വസനീയമായ കാര്യങ്ങളാണ് ഈ സീസണില്‍ നടന്നത.് പരിക്ക് മൂലം കുറച്ച് വര്‍ഷങ്ങള്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇത് എന്ന ഏറെ ബുദ്ധിമുട്ടിച്ചു. എന്നാല്‍ ഈ സീസണ്‍ മികച്ച രീതിയില്‍ തന്നെ തുടങ്ങാന്‍ കഴിഞ്ഞെന്നും നദാല്‍ മല്‍സരശേഷം പ്രതികരിച്ചു.അതേസമയം, വനിതകളുടെ ഡബിള്‍സ് മല്‍സരത്തില്‍ മാര്‍ട്ടിന ഹിംഗിസ്്- ചാന്‍ സഖ്യം കിരീടം നേടി. ഏഴാം സീഡുകളായ സിനിയക്കോവ- ഹ്രഡേക്കാ സഖ്യത്തെയാണ് രണ്ടാം സീഡുകളായ ഹിംഗിസ് സഖ്യം തോല്‍പ്പിച്ചത്. നേരത്തേ മിക്‌സഡ് കിരീടം നേടിയ ഹിംഗിസ് ഇത്തവണ യുഎസ് ഓപ്പണില്‍ ഇരട്ട കിരീട നേട്ടമാണ് സ്വന്തമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss