|    Aug 24 Thu, 2017 4:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ്്-റഷ്യ ബന്ധം ഏറ്റവും മോശം അവസ്ഥയിലെന്ന് ട്രംപ്‌

Published : 4th August 2017 | Posted By: fsq

 

വാഷിങ്ടണ്‍: റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശം അവസ്ഥയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണം യുഎസ് കോണ്‍ഗ്രസ്സാണെന്നും ട്രംപ് കുറ്റപ്പെടുത്തി.റഷ്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരേ പുതിയ ഉപരോധം ചുമത്താന്‍ അനുമതി നല്‍കുന്നതിനുള്ള ബില്ലിന് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. യുഎസ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ് നിര്‍ബന്ധിതനാവുകയായിരുന്നു. അതൃപ്തിയോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഷ്യയുമായുള്ള യുഎസിന്റെ ബന്ധം ഇപ്പോള്‍ എക്കാലത്തെയും മോശം അവസ്ഥയിലെത്തിയത് അപകടകരമാണെന്ന് ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനനുകൂലമായി റഷ്യ ഇടപെടല്‍ നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളില്‍ യുഎസ് ഏജന്‍സികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് റഷ്യക്കെതിരേ പുതിയ ഉപരോധം ചുമത്തുന്നതിനുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസ്സിന്റെ ഇരുസഭകളും അംഗീകാരം നല്‍കി ട്രംപിന്റെ അന്തിമ അംഗീകാരത്തിന് അയച്ചത്. തിരഞ്ഞെടുപ്പിലെ ട്രംപിനനുകൂലമായ ഇടപെടല്‍, 2014ലെ ഉക്രയിനില്‍നിന്ന് ക്രിമിയയെ അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങള്‍ എന്നിവയുടെ പേരിലാണ് റഷ്യക്കെതിരേ പുതിയ ഉപരോധം യുഎസ് ചുമത്തുക. കോണ്‍ഗ്രസ്സിലെ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചിരുന്നു. റഷ്യക്കെതിരായ ഉപരോധം കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ ട്രംപിന് ഇളവു വരുത്താനാവില്ലെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു.ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യുഎസിനെതിരേ റഷ്യയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തുള്ള യുഎസ് നയതന്ത്ര പ്രതിനിധികളോട് തിരിച്ചുപോവാന്‍ റഷ്യ ആവശ്യപ്പെട്ടത് ഉപരോധ നീക്കത്തെത്തുടര്‍ന്നാണ്. അടുത്തമാസം ഒന്നാംതിയ്യതിക്ക് മുമ്പായി ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ് യുഎസിനോട് റഷ്യ ആവശ്യപ്പെട്ടത്. ഉപരോധം സാമ്പത്തിക യുദ്ധപ്രഖ്യാപനമായി കാണുന്നുവെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്മദേവ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക