|    Dec 11 Tue, 2018 9:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുഎസുമായി 200 കോടി ഡോളറിന്റെ പ്രതിരോധ കരാര്‍

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യുഎസുമായി 200 കോടി ഡോളറിന്റെ ( 14,350 കോടി രൂപ) പ്രതിരോധ ഇടപാടിനൊരുങ്ങി ഇന്ത്യ. അന്തര്‍വാഹിനികളെ നിരീക്ഷിക്കാന്‍ കഴിയുന്ന എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനാണ് യുഎസുമായി ഇന്ത്യ കരാറിലെത്തുക. 24 റോമിയോ കോപ്റ്ററുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന വിവരം. മാസങ്ങള്‍ക്കുള്ളില്‍ കരാറില്‍ അന്തിമ ധാരണയിലെത്തുമെന്നു കരാറുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിറകേയാണ് യുഎസുമായുള്ള പ്രതിരോധ ഇടപാടിനുള്ള തീരുമാനം. ചൈനയുടെ വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് റോമിയോ കോപ്റ്ററുകളെ ഇന്ത്യന്‍ സേനയുടെ ഭാഗമാക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ റോമിയോ ഹെലികോപ്റ്ററുകള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം 30നും ഡിസംബര്‍ ഒന്നിനുമായി അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും കൂടിക്കാഴ്ചയില്‍ കരാര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ തീരുമാനമുണ്ടാവുമെന്നും കരുതുന്നു.
എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം മെച്ചപ്പെട്ടിരുന്നു. സിംഗപ്പൂരില്‍ നടന്ന മോദി-പെന്‍സ് കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു പ്രാധാന്യം ലഭിച്ചത്. യുഎസില്‍ നിന്ന് കോപ്റ്ററുകള്‍ വാങ്ങിക്കുന്നതിനു പുറമേ ഭാവിയില്‍ ഇന്ത്യയില്‍ 123 റോമിയോ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഭാവി പദ്ധതിയും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
ലോകത്തിലെ ഏറ്റവും സാങ്കേതികത്തികവാര്‍ന്ന സമുദ്ര സൈനിക ഹെലികോപ്റ്ററായാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന എംഎച്ച് 60 റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകളെ കണക്കാക്കുന്നത്. സീഹോക് ഹെലികോപ്റ്റര്‍ കരാറോടുകൂടി ഇന്ത്യയും യുഎസുമായുള്ള മൊത്തം പ്രതിരോധ വ്യാപാരം 2000 കോടി ഡോളര്‍ കവിയും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss