|    Sep 21 Thu, 2017 1:41 am
Home   >  Todays Paper  >  page 9  >  

യുഎസില്‍ വീണ്ടും കറുത്ത വര്‍ഗക്കാരന് നേരെ പോലിസ് വെടിവയ്പ്

Published : 23rd July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനു നേരെ വെടിവയ്പ്. മാനസിക വൈകല്യമുള്ളയാളെ പരിചരിച്ചു വരുകയായിരുന്ന ചാള്‍സ് കിന്‍സി എന്ന 48കാരനാണ് വെടിയേറ്റത്. വെടിയേല്‍ക്കുന്നതിനു മുമ്പ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അദ്ദേഹം റോഡില്‍ കൈകളുയര്‍ത്തിപ്പിടിച്ച് കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൈയില്‍ ആയുധമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും പോലിസുകാരന്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് വെടിയേറ്റ കിന്‍സി പറഞ്ഞു. കിന്‍സിയുടെ ഇടതുകാലിനാണ് വെടിയേറ്റത്. 23 വയസ്സുള്ള രോഗിയും സംഭവസമയം കിന്‍സിയുടെ കൂടെയുണ്ടായിരുന്നു.
പോലിസിനെ കണ്ട് രോഗി സംഭവസ്ഥലത്തുനിന്നു ഓടിയതായും പോലിസ് മൂന്നു തവണ വെടിയുതിര്‍ത്തതായും റിപോര്‍ട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ പോലിസ് വെടിവയ്ക്കില്ലെന്നാണ് കരുതിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ടതായി നോര്‍ത്ത് മിയാമി പോലിസ് മേധാവി ഗാരി യൂജീന്‍ അറിയിച്ചു. ഒരാള്‍ ആയുധവുമായി ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് പോലിസുദ്യോഗസ്ഥന്റെ പ്രതികരണമെന്നും എന്നാല്‍, സംഭവസ്ഥലത്തുനിന്നും ആയുധം കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പെന്‍വാനിയയിലും മിന്നെസോട്ടയിലും കറുത്ത വര്‍ഗക്കാരായ രണ്ടു പേരെ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. എട്ടു വെളുത്ത വര്‍ഗക്കാരായ പോലിസുകാരെ കറുത്ത വര്‍ഗക്കാരും വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക