|    Aug 18 Fri, 2017 12:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിനെ ആക്രമിച്ചാല്‍ ഖേദിക്കേണ്ടിവരുമെന്ന് ട്രംപ്‌

Published : 13th August 2017 | Posted By: fsq

വാഷിങ്ടണ്‍/ടോക്കിയോ: ഉത്തരകൊറിയ യുഎസിനെ ആക്രമിച്ചാല്‍ ദു:ഖിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയെ നേരിടാന്‍ യുഎസ് സൈന്യം പൂര്‍ണ സജ്ജമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ് ടെറിട്ടറികള്‍ക്കോ സഖ്യകക്ഷികള്‍ക്കോ എതിരേ ആക്രമണം നടത്തിയാല്‍ കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ (ഉത്തരകൊറിയ) നേതാവ് (കിം ജോങ് ഉന്‍)  ദു:ഖിക്കേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ യുഎസ്-ഉത്തരകൊറിയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. അതേസമയം, ഉത്തരകൊറിയയുടെ പ്രകോപനപരവും സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള സമീപനവും മാറ്റണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങുമായുള്ള ടെലിഫോണ്‍ ചര്‍ച്ചയ്ക്കുശേഷം വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരകൊറിയ മിസൈല്‍ ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയ ഗുവാം ദ്വീപില്‍ ഇടപെടുന്നതിന് യുഎസ് സൈന്യം പൂര്‍ണ സജ്ജമാണെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഗുവാം ഗവര്‍ണര്‍ എഡ്ഡീ കാല്‍വിനോയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ദ്വീപിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപ് അറിയിച്ചു. അതേസമയം, ഉത്തരകൊറിയയുടെ ആക്രമണസാധ്യത മുന്നില്‍ കണ്ട് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിച്ചതായി ജപ്പാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഷിമാനെ, ഹിരോഷിമ, പശ്ചിമതീരത്തെ കൊച്ചിന്‍ എന്നിവിടങ്ങളിലാണ് ജപ്പാന്‍ പാട്രിയട്ട് അഡ്വാന്‍സ് കപാസിറ്റി 3 (പിഎസി) മിസൈല്‍ സംവിധാനം സ്ഥാപിച്ചത്. ഗുവാമിലേക്ക് ഉത്തരകൊറിയ മിസൈല്‍ വര്‍ഷിച്ചാല്‍ ജപ്പാന്‍ വ്യോമാതിര്‍ത്തിയിലൂടെയാണു കടന്നുപോവുക. മിസൈല്‍ പാതയ്ക്കു സമീപമുള്ള എഹിമിലും ജപ്പാന്‍ പ്രതിരോധസംവിധാനം സ്ഥാപിക്കും. കൊച്ചിനിലെ ജപ്പാന്‍ സൈനികകേന്ദ്രത്തില്‍ മിസൈല്‍ പ്രതിരോധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍ ശൃംഖലയായ എന്‍എച്ച്‌കെ പുറത്തുവിട്ടു. ഉത്തരകൊറിയയില്‍ നിന്നുള്ള പ്രകോപനങ്ങളോടു ക്ഷമിച്ചുനില്‍ക്കില്ലെന്നും അതിനെതിരേ സൈന്യം അവശ്യനടപടികള്‍ സ്വീകരിക്കുമെന്നും ജാപ്പനീസ് സര്‍ക്കാര്‍ വക്താവ് യോഷിഹിദെ സുഗ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക