|    Dec 14 Fri, 2018 4:38 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഫ്‌സി എക്സലന്‍സി അവാര്‍ഡ് അനസ് വയനാടിന്

Published : 22nd November 2018 | Posted By: AAK

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കായിക മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് നല്‍കുന്ന എക്സലന്‍സി അവാര്‍ഡിന് ഈ വര്‍ഷം പ്രമുഖ കായിക സംഘാടകന്‍ അനസ് വയനാട് അര്‍ഹനായി. യുഎസ്ജി ബോറല്‍ സോക്കര്‍ ഫുട്‌ബോള്‍ മേളയുടെ സമാപന വേദിയില്‍ മാര്‍സ് റീജ്യനല്‍ മാനേജര്‍ അഹ്മദ് അബ്ദുര്‍റഹീം അല്‍ അത്താശ് അവാര്‍ഡ് സമ്മാനിച്ചു. 1987ല്‍ തിരൂര്‍ക്കാട് ഹമദ് ഐടിസി വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അനസ് ഫുട്‌ബോള്‍ കളിക്കാരനായി രംഗത്ത് വരുന്നത്. തിലകം തിരൂര്‍ക്കാട്, ബാസ്‌കോ ഒതുക്കുങ്ങല്‍ ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ് പ്രാദേശിക ഫുട്‌ബോള്‍ മേളകളില്‍ സാന്നിധ്യമായി മാറി. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സെക്രട്ടറിയായ അനസ് 1993ലാണ് പ്രവാസിയായത്. 2002 വരെ റിയാദില്‍ സെന്‍ട്രല്‍ ബ്രദേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞു. 2009ല്‍ ജുബൈലിലേക്ക് ജോലി മാറ്റം ലഭിച്ചതോടെ വ്യവസായ മേഖലയായ ജുബൈലില്‍ പ്രവാസികള്‍ക്കിടയില്‍ കാല്‍പന്ത് കളി ജ്വരം ഉണ്ടാക്കിയെടുക്കുകയും പ്രാദേശിക മേളകള്‍ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിലും പീവീസ് കപ്പില്‍ ജുബൈല്‍ സ്‌കൂളിനെ ചാമ്പ്യന്മാരാക്കുന്നതിലും സജീവമായി പ്രവര്‍ത്തിച്ചു. 2011 ജുബൈലിലെ പ്രഥമ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മ ജുബൈല്‍ എഫ്‌സി സ്ഥാപിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. സംസ്ഥാന താരങ്ങളെയും ജില്ലാ, യൂണിവേഴ്‌സിറ്റി കളിക്കാരെയും ക്ലബ്ബിലെത്തിച്ചു ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ ടീമായി പിന്നീട് ജുബൈല്‍ എഫ്‌സി മാറി. മകന്‍ മുഹമ്മദ് സിയാന്‍ വളര്‍ന്ന് വരുന്ന ഫുട്‌ബോള്‍ താരമാണ്. സഹധര്‍മിണി ശമീം. മെഡിസിന് പഠിക്കുന്ന ഹന സിതാര മകളാണ്. യുഎഫ്‌സി പ്രസിഡന്റ് അഷ്റഫ് തലപ്പുഴ, ജനറല്‍ സെക്രട്ടറി ഷബീര്‍ ആക്കോട്, ട്രഷറര്‍ ഫൈസല്‍ വട്ടാറ പരിപാടിയില്‍ സംബന്ധിച്ചു. ടൂര്‍ണമെന്റിന് നല്‍കിയ സഹകരണത്തിന് റഷീദ് മാനമാറി, ആശി നെല്ലിക്കുന്ന്, നിബ്രാസ് ശിഹാബ്, അഷ്റഫ് നാണി, അബ്ദുര്‍റഹ്മാന്‍ വാണിയമ്പലം, നസീം വാണിയമ്പലം, ശിഹാബ് നിലു, സഹീര്‍ മജ്ദാല്‍ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss