|    Oct 19 Fri, 2018 8:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഎപിഎ : സിപിഎമ്മിന് വ്യക്തമായ നയമുണ്ട്- കോടിയേരി

Published : 9th September 2017 | Posted By: fsq

 

തലശ്ശേരി: പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെക്കുറിച്ച് സിപിഎമ്മിനു വ്യക്തമായ നയമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരേ സിബിഐ കുറ്റപത്രം നല്‍കിയതില്‍ പ്രതിഷേധിച്ച് തലശ്ശേരി പഴയ ബസ്സ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ തീവ്രവാദികള്‍ രാജ്യത്ത് അക്രമം അഴിച്ചുവിടാന്‍ തുനിഞ്ഞതിനെ തുടര്‍ന്ന് അത്തരക്കാര്‍ക്കെതിരേ നടപ്പാക്കാന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമമാണ് യുഎപിഎ. എന്നാല്‍, നിലവില്‍ ഏതെങ്കിലുമൊരു പ്രാദേശിക എസ്‌ഐക്കു പോലും പ്രതികള്‍ക്കെതിരേ ചുമത്താവുന്ന നിയമമായി യുഎപിഎ മാറിയിട്ടുണ്ട്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ യുഎപിഎ ചുമത്തിയത്. കേസില്‍ പ്രതിപ്പട്ടികയില്‍ വരുന്ന ഒരാള്‍ക്കെതിരേ യുഎപിഎ ചുമത്തണമെങ്കില്‍ ജില്ലാ പോലിസ് ചീഫിന്റെ പരിശോധനയും അനുമതിയും ആവശ്യമാണ്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പരിശോധനയുമില്ലാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയുമാണ് മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയത്. ഹൈക്കോടതിയില്‍ ഇത്തരത്തിലുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ വിചാരണ ആരംഭിക്കുകയും തുടര്‍ന്ന് ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവും. ഇതിലൂടെ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരെ ജയിലില്‍ അടയ്ക്കുക എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. സിപിഎമ്മിനെ കേരളത്തിലെ മൂന്നാം കക്ഷിയാക്കി മാറ്റി ബിജെപി-കോണ്‍ഗ്രസ് കക്ഷികള്‍ തമ്മിലാണ് രാഷ്ട്രീയ പോരാട്ടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. നേരത്തേ ചെറുവാഞ്ചേരി, ചിറ്റാരിപ്പറമ്പ് കേസുകളില്‍ യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ വകുപ്പുകള്‍ ഒഴിവാക്കിയതുമില്ല. ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനുള്ള യുഡിഎഫ് അജണ്ടയുടെ ഭാഗമാണിത്. ആദിവാസി-ദലിത്-മുസ്‌ലിം വിഭാഗക്കാരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പുഞ്ചയില്‍ നാണു അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss