|    Sep 26 Wed, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎപിഎ ഭേദഗതികള്‍ റദ്ദാക്കണമെന്ന്പോപുലര്‍ ഫ്രണ്ട്‌

Published : 11th January 2017 | Posted By: fsq

 

കോഴിക്കോട്: യുഎപിഎ ഭേദഗതികള്‍ റദ്ദാക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. കേരളത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന വിഭാഗങ്ങള്‍ക്കെതിരേ യുഎപിഎ പ്രയോഗിക്കുന്നത് വ്യാപകമായി വരികയാണ്. 2008നു ശേഷം കൊണ്ടുവന്ന ഭേദഗതികളാണ് പോലിസിന് അമിതാധികാരം നല്‍കുന്നത്. അതിനാല്‍ ആ ഭേദഗതികള്‍ റദ്ദാക്കുക വഴി മാത്രമേ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടൂവെന്നും 2011ലും 2013ലുമെല്ലാം യുഎപിഎയില്‍ കൊണ്ടുവന്ന ഭേദഗതികള്‍ റദ്ദാക്കാന്‍ ജനസമ്മര്‍ദമുയര്‍ന്നുവരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ജനവിരുദ്ധമായ നീക്കങ്ങളില്‍ ഒന്നാണ്. അസാധുവാക്കല്‍ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊക്കെ ശുദ്ധ അസംബന്ധമാണെന്ന് തെരുവുകളില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന സാധാരണ ജനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികളും പൗരസമൂഹവും ഐക്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.ബാബരി മസ്്ജിദിന്റെ പുനര്‍നിര്‍മാണം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, മതേതരത്വം, നിയമവാഴ്ച എന്നിവയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് അത് നേരത്തേ നിന്നിരുന്ന വഖ്ഫ് ഭൂമിയില്‍ തന്നെ പുനര്‍നിര്‍മിക്കുക വഴി മാത്രമേ ഈ മൂല്യങ്ങള്‍ പുനസ്ഥാപിക്കപ്പെടൂ. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയ്ക്കും വൈവിധ്യത്തിനും പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. ഒരു വ്യക്തിയേയോ പാര്‍ട്ടിയേയോ വമ്പിച്ച പ്രചാരവേലയിലൂടെ ഉയര്‍ത്തിക്കാട്ടി അന്തിമമായി പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരാനുള്ള ദുഷ്ടലാക്ക് ഇതിന്റെ പിന്നിലുണ്ട്. അത് ക്രമേണ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കും. അതിനാല്‍ ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രഭരണകൂടം പിന്‍വലിയേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടകരമായ മുന്നേറ്റത്തെ തടയാന്‍ മതേതര പാര്‍ട്ടികള്‍ ഉള്‍പ്പോരുകള്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുവരണം. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാതെ തന്നെ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്നാണ് അരുണാചല്‍പ്രദേശിലെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയില്‍ അസമിനു പിറകെ ബിജെപി അധികാരമേറുന്ന രണ്ടാമത്തെ സംസ്ഥാനമായി അരുണാചല്‍ മാറിയതിനു കാരണം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ പെമ ഖണ്ഡുവിന്റെ ചാഞ്ചാട്ടമായിരുന്നു. കോണ്‍ഗ്രസ്സിലെ അനിശ്ചിതത്വവും ചേരിപ്പോരുകളുമാണ് ബിജെപിയുടെ അധികാരാരോഹണത്തിനു വഴിയൊരുക്കിയത്. സമാജ്‌വാദി പാര്‍ട്ടിയില്‍ നടക്കുന്ന ലജ്ജാകരവും ബാലിശവുമായ ഉള്‍പ്പോരുകള്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അധികാരം പിടിച്ചെടുക്കാന്‍ പാകമാവും വിധത്തില്‍ രൂക്ഷമാണെന്നും ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.മാല്‍ക്കന്‍ഗിരി, ഭോപാല്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സമീപകാലത്തുണ്ടായ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ദരിദ്ര ജനവിഭാഗങ്ങളുടെയും ദലിത്-ആദിവാസി മതന്യൂനപക്ഷങ്ങളുടെയും ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്താനും അവര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനും നടത്തുന്ന നിഷ്ഠൂരമായ കൃത്യങ്ങളും സുപ്രിംകോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ജുഡീഷ്യറിയില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും രാജ്യത്ത് വര്‍ധിച്ചുവരുന്ന അസിഹിഷ്ണുതയ്‌ക്കെതിരേ പൗരസമൂഹവും മതേതരപാര്‍ട്ടികളും രംഗത്തുവരണമെന്നും മൂന്ന് ദിവസം നീണ്ടുനിന്ന ദേശീയ ജനറല്‍ അസംബ്ലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിറിയയില്‍ നടക്കുന്ന യുദ്ധകുറ്റങ്ങളിലും മ്യാന്‍മറില്‍ നടക്കുന്ന വംശഹത്യയിലും യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss