|    Mar 19 Mon, 2018 8:24 pm
FLASH NEWS
Home   >  Editpage  >  Editorial  >  

യുഎപിഎ പിന്‍വലിക്കണം

Published : 10th March 2016 | Posted By: SMR

തിരുവനന്തപുരത്ത് ചൊവ്വാഴ്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വമ്പിച്ച ജനസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായിരുന്നു. കടുത്ത മനുഷ്യാവകാശലംഘനത്തിനും അമിതാധികാര പ്രയോഗത്തിനും വഴിവയ്ക്കുന്ന യുഎപിഎ നിയമം പിന്‍വലിക്കണമെന്ന ആവശ്യമാണ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചത്. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 ഡിസംബര്‍ അവസാനത്തില്‍ 5000ലധികം പേര്‍ യുഎപിഎ പ്രകാരം തടവില്‍ കിടക്കുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം അതിലെത്രയോ പേരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചാര്‍ത്തി കാരാഗൃഹത്തിലടച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ വ്യക്തമാക്കുന്നത്.
നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്തു നിലവില്‍ വന്ന പ്രത്യേക നിയമമായ ടാഡയ്‌ക്കെതിരേ രാജ്യത്ത് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ടാഡ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മഹാഭൂരിപക്ഷം മുസ്‌ലിംകളായതു യാദൃച്ഛികമാവാന്‍ ഒട്ടും സാധ്യതയില്ല. കുറച്ചു സിഖുകാരും കൂടെയുണ്ടായിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് കോണ്‍ഗ്രസ് ഭരണകൂടം ആ പ്രത്യേക നിയമത്തിന്റെ കാലാവധി നീട്ടേണ്ടെന്നു തീരുമാനിച്ചത്.
വാജ്‌പേയി ഭരണകൂടം അധികാരത്തില്‍ വന്നശേഷം പാസാക്കിയ പോട്ടയുടെ ദുരുപയോഗവും വ്യാപകമായിരുന്നു. പോലിസുദ്യോഗസ്ഥന്മാരുടെ മുമ്പില്‍ നല്‍കുന്ന കുറ്റസമ്മതമൊഴി തെളിവായി സ്വീകരിക്കുന്ന വകുപ്പുകള്‍ അടങ്ങിയ നിയമം റദ്ദാക്കുന്നുവെന്നു പ്രഖ്യാപിച്ചതു കൊണ്ടാണു പിന്നീട് കോണ്‍ഗ്രസ് മുന്നണി അധികാരമേറിയത്. കുറ്റം പറയരുതല്ലോ. കോണ്‍ഗ്രസ് വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്തു.
ഭരണകൂടം യഥാര്‍ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് ടാഡയിലെയും പോട്ടയിലെയും വിമര്‍ശന വിധേയമായ വകുപ്പുകള്‍ സ്ഥിരനിയമത്തിന്റെ ഭാഗമാക്കിയതു 2008ല്‍. കാര്‍ക്കശ്യം പോരെന്നു കണ്ടു 2012ല്‍ അതില്‍ വീണ്ടും ഭേദഗതി വരുത്തിയതും യുപിഎ ഭരണകൂടം.
രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ യുഎപിഎ കേരളത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഇടതുപക്ഷ ഭരണകൂടമാണ്. പ്രവാചകനെ അതി നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിച്ച ഒരു കലാശാലാധ്യാപകന്റെ നേരെ പ്രാദേശികമായുണ്ടായ ആക്രമണത്തില്‍ നിന്നു മുതലെടുക്കാനാണ് ടാഡയും പോട്ടയും ഉപയോഗിക്കാന്‍ മടിച്ച സംസ്ഥാനത്ത് സിപിഎം യുഎപിഎ ഉപയോഗിക്കുന്നത്. ഇടതുപക്ഷം തന്നെ തെറ്റു ചെയ്ത സ്ഥിതിക്കു തങ്ങള്‍ക്കുമാവാമെന്ന മട്ടിലായിരുന്നു യുഡിഎഫ് ഗവണ്‍മെന്റ്. യോഗ പരിശീലനം നടത്തുന്നവരെയും ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നവരെയും പിടികൂടി ജയിലിലിട്ടിട്ടുണ്ട്. നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, രഹസ്യവിചാരണ നടത്തി പലര്‍ക്കും ഇരട്ട ജീവപര്യന്തമടക്കം വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കെതിരായ ഈ നിയമം പിന്‍വലിക്കണമെന്ന ആവശ്യം ദേശീയ തലത്തില്‍ ക്രമേണ ശക്തിപ്പെട്ടു വരുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് സംശയത്തിനിടയില്ലാതെ ആ ആവശ്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss