|    Sep 23 Sun, 2018 6:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎപിഎ പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്‌

Published : 24th January 2017 | Posted By: fsq

 

കോഴിക്കോട്: യുഎപിഎ പൂര്‍ണമായി പിന്‍വലിക്കണമെന്നും സാംസ്്കാരിക പ്രവര്‍ത്തകര്‍ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്ന സംഘപരിവാര നേതാക്കളെ നിയന്ത്രിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ജനങ്ങളുടെ മേല്‍ അമിതാധികാരം പ്രയോഗിക്കുന്നതിനുമുള്ള ഉപകരണമായി യുഎപിഎ മാറിയിട്ടുണ്ട്. എതിര്‍ശബ്ദങ്ങളെയും വിയോജിപ്പുകളെയും ഇല്ലായ്മ ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരം ഭീകരനിയമങ്ങള്‍ പ്രയോഗിച്ചുവരുന്നത്. നാറാത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ട് കോടതിക്ക് തള്ളിക്കളയേണ്ടിവന്നത് ഇതിന്റെ വ്യക്തമായ തെളിവാണ്. യുഎപിഎ പോലുള്ള ഭീകരനിയമം വ്യാപകമായി പ്രയോഗിക്കുന്ന പ്രവണത ദേശീയ തലത്തിലെന്നപോലെ കേരളത്തിലും വര്‍ധിച്ചുവരുകയാണ്. നേതാക്കള്‍ക്കെതിരേ കേസെടുത്തപ്പോള്‍ യുഎപിഎ—ക്കെതിരേ ആഞ്ഞടിച്ച സിപിഎം, അധികാരത്തിലേറിയതോടെ ഭീകര നിയമത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളായി മാറി. മുസ്‌ലിംകളും ദലിതുകളും മാത്രം ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെടുന്ന സാഹചര്യത്തിന് ഇടതുസര്‍ക്കാരിന്റെ കാലത്തും മാറ്റമില്ലാത്തത് ഭീകരനിയമങ്ങള്‍ക്കെതിരായ സിപിഎം നിലപാടിലെ കാപട്യമാണ് വ്യക്തമാക്കുന്നത്. വിവിധ കോണുകളി ല്‍ നിന്നും പ്രതിഷേധവും സമ്മ ര്‍ദവും ശക്തമായപ്പോള്‍ മാത്രമാണ് കേരളത്തിലെ യുഎപിഎ കേസുകള്‍ പുനപ്പരിശോധിക്കുമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. അപ്പോള്‍പോലും ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യത്തിലുള്ള ആത്മാര്‍ഥത സംശയിക്കുന്ന തരത്തിലുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ഭീകരനിയമങ്ങള്‍ക്കെതിരായ സമരമുഖത്ത് എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജുമെന്റുകളുടെ നേതൃത്വത്തില്‍ സാമ്പത്തിക ചൂഷണങ്ങളും മാനസിക-ശാരീരിക പീഡനങ്ങളും അരങ്ങേറുന്നതായി വിവരം ലഭിച്ചിട്ടും സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ കൊടും ചൂഷണങ്ങളും അതിന്റെ ഫലമാ—യുള്ള ആത്മഹത്യകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കേണ്ടതുണ്ട്. മാറി വരുന്ന ഭരണകൂടങ്ങള്‍ സ്വകാര്യ മാനേജ്‌മെന്റുകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതാണ് ഈ ദുരിതങ്ങള്‍ തുടരാന്‍ കാരണം. മതപ്രബോധകര്‍ക്കെതിരേ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത നീക്കങ്ങളില്‍ യോഗം ആശങ്കരേഖപ്പെടുത്തി. ഭരണഘടന നല്‍കിയ മതപ്രചാണ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. എം എം അക്ബറിനും ശംസുദ്ദീന്‍ പാലത്തിനുമെതിരായ യുഎപിഎ ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ തെളിവാണ്. ഹിന്ദുത്വ വര്‍ഗീയ പ്രഭാഷകരോടും വിദ്വേഷ പ്രചാരകരോടും ഒരു ഭാഗത്ത് മൃദുസമീപനം സ്വീകരിക്കുമ്പോള്‍ തന്നെയാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മതപ്രബോധകര്‍ക്കെതിരേ സര്‍ക്കാര്‍ ദുരുദ്ദേശ്യപരമായ നടപടികള്‍ കൈക്കൊള്ളുന്നത്. ഇസ്‌ലാംമതം സ്വീകരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. അത്തരം ശ്രമങ്ങളുടെ പരസ്യപ്രഖ്യാപനമാണ് കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ ഉണ്ടായിട്ടുള്ളത്. ഫൈസല്‍ വധത്തിലെ യഥാര്‍ഥ പ്രതികളെയും ഗൂഢാലോചകരെയും ശിക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.ആഗോള തലത്തില്‍ സാമ്രജ്യത്വവും ദേശീയ തലത്തില്‍ ഹിന്ദുത്വ ഫാഷിസവും മുസ്‌ലിം ലോകത്ത് കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ സമുദായത്തിന് ആത്മവിശ്വാസം പകരാനും കരുത്തുറ്റ നേതൃത്വം നല്‍കി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും മുസ്‌ലിംകള്‍ക്കിടയില്‍ പ്രശ്‌നാധിഷ്ടിത ഐക്യം ഉയര്‍ന്നുവരേണ്ടതുണ്ട്. ശിഥിലീകരണ പ്രവണതകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് മുസ്‌ലിം ഏകതയ്ക്കായി നിലകൊള്ളാനും ഏകതയ്ക്ക് തുരങ്കംവയ്ക്കാന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങളെ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്താനും മുസ്‌ലിം സംഘടനകളോടും നേതാക്കളോടും ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തു. രാജ്യത്ത് ശക്തിപ്പെടു—ന്ന ഹിന്ദുത്വ-ഫാഷിസ്റ്റ് പ്രവണതകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ രംഗത്തുവരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുന്ന സംഘപരിവാര നേതാക്കളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. എം ടി വാസുദേവന്‍നായര്‍, ചലച്ചിത്ര സംവിധായകന്‍ കമല്‍ എന്നിവര്‍ക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി സംസ്ഥാന നേതാക്കള്‍ ഉത്തരേന്ത്യയിലെ വിഷം തുപ്പുന്ന വര്‍ഗീയവാദികളില്‍ നിന്നു തങ്ങളും വ്യത്യസ്തരല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത് ഫാഷിസത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം ശക്തിപ്പെടുത്താന്‍ സഹായിക്കും. നിലമ്പൂര്‍ കരുളായി വനമേഖലയില്‍ മാവോവാദികളായ രണ്ടുപേരെ വെടിവച്ചുകൊന്ന പോലിസ് നടപടിയെ യോഗം അപലപിച്ചു. ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രസ്തുത സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം. മാവോവാദ-തീവ്രവാദ മുദ്രചാര്‍ത്തിയാല്‍ ഏതൊരാളെയും ഇല്ലാതാക്കാമെന്ന ഫാഷിസ്റ്റ് പൊതുബോധ നിര്‍മിതിക്ക് വഴങ്ങിക്കൊടുക്കുന്നത്, കേരളം നേടിയെടുത്ത നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്നുള്ള പിന്‍ നടത്തമാവും. വേനലിനെ നേരിടാനുള്ള മുന്നോരുക്കങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും അമിത ജല ഉപയോഗം തടയുന്നതിനും എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സംസ്ഥാന ജനറല്‍ അസംബ്ലി  ആഹ്വാനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss