|    Apr 20 Fri, 2018 6:35 pm
FLASH NEWS
Home   >  Editpage  >  Article  >  

യുഎപിഎ പരിഷ്‌കൃതസമൂഹത്തിനു ചേരാത്തത്

Published : 28th December 2016 | Posted By: mi.ptk

അവകാശങ്ങള്‍ നിഷേധങ്ങള്‍

അംബിക
ഈയിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു തമാശവാക്യമുണ്ട്. യുഎപിഎക്ക് ഒരു രസികന്‍ കൊടുത്ത നിര്‍വചനമാണത്. ‘യുവമോര്‍ച്ച ആജ്ഞാപിക്കും പിണറായി അനുസരിക്കും’ എന്നായിരുന്നു അത്. വാസ്തവത്തില്‍ മോദി ആജ്ഞാപിക്കുന്നു, പിണറായി അനുസരിക്കുന്നു എന്നതാണ് കേരളത്തിലെ ആഭ്യന്തരഭരണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. സമീപകാലത്ത് പോലിസ് സ്വീകരിച്ച ചില നടപടികളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹികമാധ്യമങ്ങളിലെ ഈ വിലയിരുത്തല്‍.ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവെ സമാധാനപരമായ രാഷ്ട്രീയാന്തരീക്ഷമാണ് കേരളത്തില്‍ അടുത്തകാലം വരെ ഉണ്ടായിരുന്നത്. ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ നിലനില്‍ക്കുന്നതും ഇടതുപക്ഷ മേല്‍ക്കോയ്മയുള്ളതുമായ സംസ്ഥാനമായാണ് കേരളം അറിയപ്പെട്ടിരുന്നത്. 1990കളുടെ തുടക്കം മുതല്‍ ആസൂത്രിതമായി ശക്തിപ്പെടുത്തപ്പെട്ട ഹിന്ദുത്വരാഷ്ട്രീയം 2016ല്‍ എത്തുമ്പോള്‍ ഭരണതലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്ന ഭയനാകമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ യുഎപിഎ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) വ്യാപകമായി നിസ്സാര കാര്യങ്ങള്‍ക്കുപോലും സാധാരണ പൗരന്‍മാര്‍ക്കെതിരേ പ്രയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്നത് പോലിസിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ഉന്നതരും സമ്മതിക്കുകയുണ്ടായി. ജനങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ ഫലമായി നിലവിലുള്ള യുഎപിഎ കേസുകള്‍ പുനപ്പരിശോധിക്കാന്‍  സര്‍ക്കാര്‍ നിര്‍ബന്ധിതമായി. മാത്രമല്ല, ഇനി യുഎപിഎ ചുമത്തുമ്പോള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ അറിവോടെ വേണം എന്നാണ് ഡിജിപി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവരെ ഏതു സാദാ പോലിസുകാരനും തോന്നുന്നപോലെ ആര്‍ക്കെതിരേയും എപ്പോള്‍ വേണമെങ്കിലും എന്തിന്റെ പേരിലും മാരകമായ ഈ നിയമം ചുമത്തിയിരുന്നു എന്ന കുറ്റസമ്മതമാണ് പുതിയ തീരുമാനത്തില്‍നിന്നു വ്യക്തമാവുന്നത്. ഭീകരവാദികള്‍ എന്നു മുദ്രകുത്തപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരും മാവോവാദികള്‍ എന്ന് ആരോപിച്ച് ദലിത്-ആദിവാസി വിഭാഗത്തില്‍ പെട്ടവരും മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്‌കാരികപ്രവര്‍ത്തകരുമാണ് കേരളത്തില്‍ ഇതിനകം ഈ നിയമത്തിന്റെ ഇരകളാക്കപ്പെട്ടവര്‍. ഇതിനൊരപവാദം കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ കതിരൂര്‍ മനോജ് വധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട സംഭവമാണ്. അന്ന് സിപിഎം നേതൃത്വം യുഎപിഎ നിയമത്തിനെതിരേ രംഗത്തുവരുകയും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി സെമിനാര്‍ പരമ്പരകള്‍ തന്നെ നടത്തുകയും ചെയ്തു എന്നതാണ് മറ്റൊരു തമാശ. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തങ്ങളുടെ കൂടി പിന്തുണയോടെ മന്‍മോഹന്‍സിങ് പാസാക്കിയതാണ് ഈ ഭീകര നിയമം എന്നവര്‍ മറന്നു. പക്ഷേ, ബിജെപി നേതൃത്വവുമായി രഹസ്യ ധാരണയുണ്ടാക്കിയോ എന്നു സംശയിക്കുംവിധം പി ജയരാജന്‍ വളരെ വേഗം ജാമ്യം നേടി പുറത്തുവന്നു. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഈ നിയമം മൃദുവായ നിയമമായി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. പക്ഷേ, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റം ചുമത്തി ഗൗരി എന്ന ആദിവാസി പെണ്‍കുട്ടി ആറുമാസമാണ് ജയിലില്‍ കഴിയേണ്ടിവന്നത്. തലമുതിര്‍ന്ന ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകന്‍ മുണ്ടൂര്‍ രാവുണ്ണിയെ ഇതേ കുറ്റം ചുമത്തി ജയിലിലടയ്ക്കാനാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറായത്! ഫേസ്ബുക്കില്‍ തനിക്കു ശരിയെന്നു തോന്നുന്ന കാര്യം പോസ്റ്റിട്ടാല്‍ പോലും യുഎപിഎ ചുമത്തുന്ന അവസ്ഥയിലേക്ക് കേരളമെത്തി. ഇരുന്നുകൊണ്ട് ദേശീയഗാനം കേട്ടാല്‍ പോലും യുഎപിഎ എന്ന അവസ്ഥ.നിലമ്പൂരിലെ കരുളായിയില്‍ മാവോവാദി നേതാക്കളായ കുപ്പു ദേവരാജനും അജിത എന്ന കാവേരിയും വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലാകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിനിടയില്‍ പോലും സര്‍ക്കാര്‍ ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരേ യുഎപിഎ പ്രയോഗിക്കാന്‍ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാരിന് ലജ്ജയുണ്ടായില്ല. ഒളിവില്‍ കഴിഞ്ഞ മുണ്ടൂര്‍ രാവുണ്ണിക്കും കൊല്ലപ്പെട്ട കുപ്പു ദേവരാജന്റെ സഹോദരനും ഒരു ഹോട്ടലില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തു എന്നതാണ് രജീഷിന്റെ പേരില്‍ യുഎപിഎ ചുമത്താന്‍ പോലിസ് കണ്ടെത്തിയ ന്യായം.എന്തുകൊണ്ട് ഈ നിയമം പിന്‍വലിക്കണമെന്ന് പരക്കെ ആവശ്യം ഉയര്‍ന്നുവരുന്നു? പ്രധാനമായി യുഎപിഎ ജാമ്യമെന്ന പൗരാവകാശം നിഷേധിക്കുന്നു. ഈ നിയമത്തിന്റെ പിന്‍ബലത്തില്‍ പോലിസിന് സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുക്കാനാവും. ആറുമാസം വരെ ജാമ്യം നല്‍കാതെ തടങ്കലിലിടാനും ഈ നിയമത്തിലൂടെ കഴിയുന്നു. രാഷ്ട്രീയവൈരം തീര്‍ക്കുന്നതിനു വേണ്ടി അധികാരം കൈയാളുന്നവര്‍ ഈ നിയമം ദുരുപയോഗം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ നിയമം പിന്‍വലിക്കപ്പെടേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ പൗരാവകാശസംരക്ഷണത്തിന് അനിവാര്യമാണ്.     ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ ഭരണകൂടങ്ങള്‍ അത് പലപ്പോഴും ഉരുക്കുമുഷ്ടിയാല്‍ നിഷേധിക്കുന്നതായാണ് അനുഭവം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss