|    Mar 19 Mon, 2018 4:36 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

യുഎപിഎ തിരിഞ്ഞുകുത്തുമ്പോള്‍

Published : 9th February 2016 | Posted By: SMR

പി കെ നൗഫല്‍

കുപ്പിയിലെ ഭൂതത്തെ തുറന്നുവിട്ട മുക്കുവന്റെ അവസ്ഥയാണ് ഇന്നു സിപിഎമ്മിന്. സിപിഎം തുറന്നുവിട്ട യുഎപിഎ സിപിഎമ്മിനെ തിരിഞ്ഞുകുത്തിക്കൊണ്ടിരിക്കുന്നു. കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ. ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ പരിചിതമല്ലാത്ത യുഎപിഎ എന്ന ഭീകരനിയമത്തെ സംസ്ഥാനത്തേക്ക് ആഘോഷപൂര്‍വം കൊണ്ടുവരുമ്പോള്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎം ആലോചിച്ചിട്ടുണ്ടാവില്ല, ഇതേ യുഎപിഎ തങ്ങളെയും തിരിഞ്ഞുകുത്തുന്ന കാലം വരുമെന്ന്. രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായി യുഎപിഎ പ്രയോഗിച്ച സമയത്തു തന്നെ പലരും സിപിഎമ്മിനു മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, പക്ഷേ, അധികാരത്തിലിരിക്കുന്ന സിപിഎം ആ മുന്നറിയിപ്പിനെ അവഗണിച്ചെന്നു മാത്രമല്ല, അതിനിന്ദ്യമായ രീതിയില്‍ പ്രവാചകനെ അധിക്ഷേപിച്ച അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ 54 പേര്‍ക്കെതിരേയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിപിഎം യുഎപിഎ അടിച്ചേല്‍പ്പിച്ചത്. ലോക്കല്‍ പോലിസ് അന്വേഷിച്ചാല്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ടവരെ പിടികൂടാമെന്നിരിക്കെ കേസിന് അനാവശ്യമായ ഭീകരതയും അന്താരാഷ്ട്രബന്ധങ്ങളും ആരോപിച്ചതും അവര്‍ തന്നെ. ഈ കേസ് ഏറ്റെടുത്തപ്പോള്‍ പതിനെട്ടോളം പേരെ കേസിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ എന്‍ഐഎ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. മാത്രമല്ല, ഏഴു വര്‍ഷത്തിനുശേഷം കേസില്‍ വിധിപറഞ്ഞപ്പോള്‍ കോടിയേരി സര്‍ക്കാര്‍ ഉന്നയിച്ച ‘തീവ്രവാദ’-അന്താരാഷ്ട്ര ബന്ധങ്ങളൊക്കെ കോടതി തള്ളിക്കളഞ്ഞു.
എട്ടു വര്‍ഷം പിന്നിടുമ്പോള്‍ യുഎപിഎയെ കേരളത്തിനു പരിചയപ്പെടുത്തിയ സിപിഎമ്മിനും യുഎപിക്കെതിരേയും യുഎപിഎയുടെ ദുരുപയോഗത്തിനെതിരേയും പ്രതിഷേധിക്കേണ്ടിവന്നിരിക്കുന്നു. കതിരൂര്‍ മനോജ് വധക്കേസ് യുഎപിഎ പരിധിയില്‍ ഉള്‍പ്പെടുത്തി കേസ് അന്വേഷണത്തിന് കേരളസര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ തന്നെ ലക്ഷ്യം വ്യക്തമായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്‍മാരെ നിയമത്തിന്റെ കുരുക്കിട്ടു തളയ്ക്കുക. കേസ് അന്വേഷണം പ്രാഥമിക ഘട്ടംപോലും പിന്നിടുന്നതിനു മുമ്പു തന്നെ ലോക്കല്‍ പോലിസില്‍നിന്ന് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു പിന്നിലെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. മനോജ് വധക്കേസില്‍ പ്രതിപ്പട്ടികയിലേക്ക് ഒടുവില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ കടന്നുവരുന്നതോടെ കണ്ണൂരിലെ സംഘര്‍ഷത്തിലെ സിപിഎമ്മിന്റെ പ്രധാന എതിരാളികളായ സംഘപരിവാരത്തിന്റെയും കേരളം ഭരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയലക്ഷ്യമാണ് സഫലമാവുന്നത്. പി ജയരാജനെ തളയ്ക്കുന്നതിലൂടെ കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ അപ്രമാദിത്വത്തെ തകര്‍ക്കാന്‍ സാധിക്കുമെന്നു സംഘപരിവാരത്തിനറിയാം.
സംഘപരിവാരത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടില്ല എന്നാണു സിപിഎമ്മിന്റെയും പി ജയരാജന്റെയും പരിഭ്രാന്തിയില്‍നിന്ന് വ്യക്തമാവുന്നത്. പി ജയരാജന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഏതറ്റം വരെയും പോവാനാണ് സിപിഎം ശ്രമിക്കുന്നത്. പ്രതിപ്പട്ടികയില്‍ പേരു വരുന്നു എന്ന സൂചന കിട്ടിയതോടെ ജാമ്യാപേക്ഷാ കാലങ്ങളില്‍ ദേഹാസ്വാസ്ഥ്യം കാരണം ജയരാജന്‍ ആശുപത്രിയിലാണ്. ഇതിനകം തന്നെ മൂന്നുതവണ ജയരാജന്റെ മുന്‍കൂര്‍ ജാമ്യം എന്‍ഐഎ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അധികം വൈകാതെ ജയരാജന്റെ അറസ്റ്റ് ഉണ്ടാവുമെന്ന് ഉറപ്പ്.
അതേസമയം, തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പി ജയരാജന്‍ പ്രതിയാണ്. കേസ് അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പി ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ഒരുമാസക്കാലത്തോളം ജയിലിലുമായിരുന്നു. പക്ഷേ, ആദ്യത്തെ ആവേശം അരിയില്‍ ഷുക്കൂറിന്റെ കേസന്വേഷണത്തിലും വിചാരണാ നടപടികളിലും യുഡിഎഫിന് പിന്നീട് ഉണ്ടായില്ല എന്നത് ജയരാജന് ആശ്വാസം നല്‍കുന്ന ഘടകമാണ്. അരിയില്‍ ഷുക്കൂറിനെ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളും കണ്ണൂര്‍ സിപിഎം നേതാക്കളുമായുള്ള ബന്ധങ്ങളും ഷുക്കൂര്‍ വധക്കേസിനെ സ്വാധീനിച്ചിരിക്കും. പൊതുവില്‍ ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന കേസുകളില്‍ കുറ്റാരോപിതര്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇതിനകം തന്നെ എട്ടോളം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ വേണ്ടത്ര തെളിവുകളില്ലെന്ന കാരണത്താല്‍ തള്ളിപ്പോവുകയായിരുന്നു. കേസ് നടത്തേണ്ട ലീഗ് നേതൃത്വത്തിന്റെ താല്‍പര്യമില്ലായ്മയും ലീഗ് പ്രവര്‍ത്തകരുടെ കൂറുമാറ്റവുമൊക്കെ കേസ് തള്ളിപ്പോവാനും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോവാ നും കാരണമായിട്ടുണ്ട്. അത്തരം കേസുകളുടെ പട്ടികയിലേക്കാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസും എത്തിക്കൊണ്ടിരിക്കുന്നതെന്ന നിരീക്ഷണം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ശക്തമാണ്. അത് സിബിഐ ഏറ്റെടുക്കുന്നതോടെ അവസ്ഥ അപ്പടി മാറും.
എന്നാല്‍, ഇതില്‍നിന്നു ഭിന്നമാണ് സംഘപരിവാര താല്‍പര്യങ്ങള്‍. മനോജ് വധക്കേസുമായി ബന്ധപ്പെടുത്തി സിപിഎമ്മിന്റെ പ്രമുഖരെ നിയമക്കുരുക്കില്‍പ്പെടുത്തുക വഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിലവിലെ ശാക്തികസന്തുലനത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാമെന്ന് സംഘപരിവാരം കണക്കുകൂട്ടുന്നു. അതിനനുസൃതമായ രാഷ്ട്രീയ കരുനീക്കങ്ങളാണ് സിബിഎയെ മുന്നില്‍ നിര്‍ത്തി സംഘപരിവാരം നടത്തുന്നത്. അതുകൊണ്ടുതന്നെ മനോജ് വധക്കേസ് അന്വേഷണം സിപിഎമ്മിനും പി ജയരാജനും ഒട്ടും സന്തോഷകരമാവില്ല.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ ഘടകത്തെ സംബന്ധിച്ചിടത്തോളം മനോജ് വധക്കേസ് അന്വേഷണം ഇരട്ടപ്രഹരമാണ്. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന കാരായി രാജനും കാരായി ചന്ദ്രശേഖരനും എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന പ്രതികളാണ്. സിബിഐ കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാവാതെ ജില്ലയ്ക്കു പുറത്താണ് കാരായിമാരുടെ ജീവിതം.
വാസ്തവത്തില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിന് അടിതെറ്റിത്തുടങ്ങിയത് ഫസല്‍ വധം മുതലാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കൊലപാതകത്തിന്റെ അന്വേഷണം രാഷ്ട്രീയസമ്മര്‍ദ്ദങ്ങളാല്‍ ലോക്കല്‍ പോലിസിന് മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കില്ലെന്ന് എന്‍ഡിഎഫ് നേതൃത്വത്തിനു ബോധ്യമായപ്പോഴാണ് കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം കോടതി മുമ്പാകെ ഉന്നയിക്കപ്പെടുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ അതിശക്തമായ പ്രതിഷേധം വകവയ്ക്കാതെ സുപ്രിംകോടതി ഫസല്‍ വധക്കേസ് അന്വേഷണം സിബിഐക്ക് കൈമാറുന്നതും സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രധാന നേതാക്കളായ കാരായിമാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ ഭാഗമാണ്. ഫസല്‍ വധക്കേസ് അന്വേഷണം സിപിഎമ്മിന്റെ പ്രധാന നേതാക്കളിലേക്കെത്തുമെന്നു സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. ഇതിന്റെ തുടര്‍ച്ചയായി കണ്ണൂരില്‍ തന്നെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസും സമാന കാരണങ്ങളാല്‍ സിബിഐക്ക് കൈമാറ്റം ചെയ്യപ്പെടുകയും സിപിഎം പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു..
ഈ സാഹചര്യത്തിലാണു കതിരൂര്‍ മനോജ് വധം സിപിഎമ്മിന് ഏറെ പ്രധാനമാവുന്നത്. കേസ് അന്വേഷണം സിപിഎം സര്‍ക്കാര്‍ കേരളത്തിന് പരിചയപ്പെടുത്തിയ യുഎപിഎ നിയമത്തിനു കീഴിലാണു നടക്കുന്നത് എന്നത് വിരോധാഭാസമാവാം.
അതേസമയം, സിപിഎം കേരളത്തില്‍ യുഎപിഎ പരിചയപ്പെടുത്തിയശേഷം മാത്രം നിരവധി കേസുകളിലാണ് യുഎപിഎ പ്രയോഗിക്കപ്പെട്ടത്. ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ചയായി വന്ന ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ നിസ്സാര വിഷയങ്ങളില്‍പ്പോലും പ്രതികരിക്കുന്നത് യുഎപിഎ നിയമത്തെ കൂട്ടുപിടിച്ചാണ്. നാറാത്ത് കേസ് ഉദാഹരണം. അതേസമയം, സംഘപരിവാര കേന്ദ്രങ്ങളില്‍ ആയുധപരിശീലനങ്ങളും ബോംബ് നിര്‍മാണവും നിരവധി തവണ പിടിക്കപ്പെട്ടിട്ടും ആര്‍എസ്എസുകാര്‍ക്കെതിരേ യുഎപിഎ പ്രയോഗിക്കപ്പെടുന്നില്ല എന്നതില്‍ നിന്നു തന്നെ യുഎപിഎ ആരെയാണു ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ഏറ്റവുമൊടുവില്‍ മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ പോലും യുഎപിഎ ചുമത്താനുള്ള ശ്രമം നടന്നത് ഭരണകൂടം ഈ നിയമത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ നേര്‍ചിത്രമാണ്.
എന്നാല്‍, മാറിയ ചുറ്റുപാടിലും യുഎപിഎക്കെതിരേയുള്ള സിപിഎം നിലപാടില്‍ ഗുണപരമായ മാറ്റം കാണുന്നില്ല. ടാഡ, പോട്ട നിയമങ്ങളെപ്പോലെ യുഎപിഎയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ആദിവാസികള്‍ക്കെതിരേയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു വ്യക്തമാക്കുമ്പോഴും യുഎപിഎയെ തള്ളിപ്പറയാന്‍ സിപിഎം നേതൃത്വം തയ്യാറാവുന്നില്ല. മാത്രമല്ല, യുഎപിഎ അനിവാര്യമെന്നുതന്നെയാണ് പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്‍ പറഞ്ഞുവച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss