|    Jan 16 Mon, 2017 10:53 pm
FLASH NEWS

മലയാളികളുടെ തിരോധാനം: യുഎപിഎ ചുമത്തിയത് പരാതി മാത്രം അടിസ്ഥാനമാക്കി

Published : 26th July 2016 | Posted By: sdq

റഹീം നെട്ടൂര്‍

uapaകൊച്ചി: കേരളത്തില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് കേവലം പരാതിയുടെ അടിസ്ഥാനത്തി ല്‍. പാലാരിവട്ടം പോലിസ് സ്റ്റേഷനില്‍ കഴിഞ്ഞ 16ന് വൈകീട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാണാതായ പാലക്കാട് സ്വദേശി ബെട്‌സന്‍ എന്ന യഹിയയ്ക്കും മുംബൈയിലെ സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പിആര്‍ഒ അര്‍ഷിദ് ഖുറേഷിക്കുമെതിരേ യുഎപിഎ ചുമത്തിയത്.
യഹിയയുടെ ഭാര്യ തമ്മനം സ്വദേശി മെറിന്‍ എന്ന മറിയത്തിന്റെ സഹോദരന്‍ എബിന്‍ ജേക്കബാണ് പരാതിക്കാരന്‍. എബിന്‍ ജേക്കബ് പറഞ്ഞതനുസരിച്ച് എസ്‌ഐ ഷഫീഖാണ് മൊഴി തയ്യാറാക്കിയിരിക്കുന്നത്. പരാതിയുടെ സത്യസന്ധത സംബന്ധിച്ച് അന്വേഷണം പോലും നടത്താതെ മൊഴി നല്‍കിയ അന്നു തന്നെയാണ് യുഎപിഎ ചുമത്തിയതെന്നതും ശ്രദ്ധേയമാണ്. യുഎപിഎ ചുമത്തുന്നതിനായി സാമുദായിക സ്പര്‍ധ, സുരക്ഷാ ഭീഷണി, മറ്റുമതക്കാരെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം എസ്‌ഐ തയ്യാറാക്കിയ മൊഴിയില്‍ പലയിടങ്ങളിലായി എബിന്റേതായി സൂചിപ്പിച്ചിട്ടുമുണ്ട്. മതം മാറുന്നവരുടെ കുടുംബക്കാര്‍ നല്‍കുന്ന പരാതിയില്‍ സ്വാഭാവികമായും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം യുഎപിഎ ചുമത്തുന്നത് അപൂര്‍വമാണ്. മാത്രമല്ല ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച തന്റെ തോന്നലുകളും അനുമാനങ്ങളുമാണ് മൊഴിയില്‍ എബിന്‍ ജേക്കബ് അറിയിച്ചിരിക്കുന്നതെന്ന് എഫ്‌ഐആറിന്റെയും മൊഴിയുടെയും പകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. മൊഴിയുടെ അവസാന ഭാഗത്ത് മെറിനെക്കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്നും വിശുദ്ധ യുദ്ധത്തിനായി അവളെ ഖുറേഷിയും യഹിയയും ഐഎസി ല്‍ ചേര്‍ക്കാന്‍ കൊണ്ടുപോയെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നുമാണ് എബിന്‍ പറയുന്നത്. കുറെയാളുകള്‍ ഐഎസില്‍ ചേരാന്‍ പോയ വിവരം താന്‍ പത്രത്തിലൂടെ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറായത്.
എന്നാല്‍, ഐഎസില്‍ ചേര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് മൊഴിയില്‍ എവിടെയും എബിന്‍ പറഞ്ഞിട്ടില്ല. പക്ഷെ ഐഎസില്‍ ചേരാന്‍ യഹിയയും ഖുറേഷിയും നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തുന്നതെന്നാണ് മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത്.
സഹോദരി മെറിനെ യഹിയയും ഖുറേഷിയും നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും തന്നെ മതം മാറ്റാന്‍ നിര്‍ബന്ധിച്ചു എന്നുമാണ് പ്രധാന ആരോപണം. അമുസ്‌ലിംകളെയും വിഗ്രഹാരാധന നടത്തുന്നവരെയും ഇല്ലാതാക്കാനും നിര്‍ബന്ധിക്കുകയുണ്ടായി. കഴിഞ്ഞ ആഗസ്തില്‍ യഹിയ തമ്മനത്തു വന്നു കാണുകയും മതം മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. സപ്തംബറില്‍ മുംബൈയിലെത്തിയപ്പോഴും മതംമാറാന്‍ നിര്‍ബന്ധിച്ചു. മറ്റുമതങ്ങളെ ഇകഴ്ത്തി പറഞ്ഞു. പിന്നീട് അന്ധേരിയിലുള്ള ഖുറേഷിയുമൊത്ത് ഐആര്‍എഫിന്റെ ലൈബ്രറിയില്‍ കൊണ്ടുപോയി. ഇന്ത്യ അവിശ്വാസികളുടെ നാടാണെന്നും അവരെ മാറ്റിയെടുക്കണമെന്നും ഖുറേഷി പറഞ്ഞു. അവരുടെ ആശയങ്ങളോടു യോജിക്കാനാവാത്തതിനാല്‍ തിരികെ പോരുകയായിരുന്നുവെന്നാണ് മൊഴി.
മെറിന്‍ നാട്ടിലെത്തിയ സമയം യഹിയ വൈറ്റിലയിലെ സലഫി മസ്ജിദ് കേന്ദ്രീകരിച്ചാണ് മതപ്രചാരണം നടത്തിയിരുന്നതെന്ന മൊഴിയാണ് എബിന്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വൈറ്റില സലഫി മസ്ജിദില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍, ഇവിടെ നിന്നു പോലിസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും നാടിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും താന്‍ മനസ്സിലാക്കുന്നുവെന്നും മൊഴിയുടെ അവസാന ഭാഗത്ത് പറയുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 495 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക