|    Apr 20 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യുഎപിഎ : ഏറ്റവുമൊടുവിലത്തെ ഇര പി ജയരാജന്‍; നില്‍ക്കക്കള്ളിയില്ലാതെ സിപിഎം

Published : 13th February 2016 | Posted By: SMR

ഹനീഫ എടക്കാട്

കണ്ണൂര്‍: മനുഷ്യാവകാശങ്ങള്‍ക്കു കടകവിരുദ്ധമായ യുഎപിഎ കേരളത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ സമര്‍ഥമായി ഉപയോഗിച്ചത് സിപിഎം. അതേ നിയമം ഇപ്പോള്‍ സദാസമയവും വേട്ടയാടുന്നതും സിപിഎം നേതാക്കളെയെന്നത് വിരോധാഭാസം.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാനത്ത് അ ണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) നിയമം പ്രാദേശിക സംഭവങ്ങ ള്‍ക്കു പോലും നിര്‍ബാധം ചുമത്താന്‍ തുടങ്ങിയത്. മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതിന്റെ മറപിടിച്ച് നിരവധി യുവാക്കളെയാണ് ജാമ്യംനല്‍കാതെ ദീര്‍ഘകാലം ജയിലിലിട്ടത്. കേസിന്റെ വിധിവന്നപ്പോള്‍ പലരും നിരപരാധികളാണെന്നു വ്യക്തമായി.
എല്‍ഡിഎഫിന്റെ തുടര്‍ച്ചയെന്നോണം യുഡിഎഫ് ഭരണകാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും യുഎപിഎ പലര്‍ക്കായി ചാ ര്‍ത്തി നല്‍കി. മാവോവാദിയെന്നും രാജ്യദ്രോഹിയെന്നും ചാപ്പകുത്തിയായിരുന്നു പലരെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും അഡ്വ.—തുഷാര്‍ നിര്‍മല്‍ സാരഥിയടക്കം ഇതിന്റെ കെടുതി ഏറ്റുവാങ്ങി. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഇരയാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍.
ആര്‍എസ്എസ് ജില്ലാ ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് 2014 സപ്തംബര്‍ ഒന്നിനു കൊല്ലപ്പെട്ട സംഭവത്തില്‍ യുഎപിഎ ചാര്‍ത്തിയ വിവരം മാധ്യമ പ്രവര്‍ത്തകരെ അന്നേ ദിവസം തന്നെ അറിയിച്ചത് ആഭ്യമന്ത്രി രമേശ് ചെന്നിത്തല നേരിട്ടായിരുന്നു. രാഷ്ട്രീയ കൊലക്കേസില്‍ യുഎപിഎ ചാര്‍ത്തുന്നതും മനോജ് വധക്കേസിലാണ്. ഇതേത്തുടര്‍ന്ന് സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയാണ്. ഇതേ വഴിയിലാണ് ഒന്നേകാല്‍ വര്‍ഷത്തിനു ശേഷം പി ജയരാജനും എത്തിയിരിക്കുന്നത്.—
കണ്ണൂരില്‍ തന്നെ മൂന്നു രാഷ്ട്രീയ കൊലക്കേസുകളിലാണ് ഇപ്പോള്‍ യുഎപിഎ ചുമത്തിയിരിക്കുന്നത്. മനോജ് വധത്തിനു പുറമെ സിപിഎം പ്രവര്‍ത്തകരായ ചിറ്റാരിപ്പറമ്പിലെ ഒണിയന്‍ പ്രേമന്‍, സെന്‍ട്രല്‍ പൊയിലൂരിലെ പാറയുള്ള പറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയത്. എന്നാല്‍, ഇതില്‍ മിക്ക പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss