|    May 27 Sat, 2017 12:33 am
FLASH NEWS

യുഎപിഎ: ആദിവാസി യുവതി ആറുമാസമായി ജയിലില്‍

Published : 24th September 2016 | Posted By: SMR

തലശ്ശേരി: യുഎപിഎക്കെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളും പ്രചാരണങ്ങളും നടക്കുമ്പോഴും ആദിവാസി യുവതി കുഞ്ഞിനെ പിരിഞ്ഞ് ആറുമാസത്തോളമായി ജയിലില്‍. മാനന്തവാടി സ്വദേശിനിയും കേളകത്ത് സ്ഥിരതാമസക്കാരിയുമായ ആദിവാസി യുവതി ഗൗരി (30)യാണ് ആറുമാസത്തോളമായി യുഎപിഎ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലെ വെള്ളമുണ്ടയിലും തലപ്പുഴയിലും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയാവശ്യകത ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റ ര്‍ പതിച്ചെന്നാരോപിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സഹപ്രവര്‍ത്തകനും മാനന്തവാടി സ്വദേശിയുമായ ചാത്തുവിനോടൊപ്പം പോവുമ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാവോവാദിബന്ധം ആരോപിച്ച് ഇരുവര്‍ക്കുമെതിരേ യുഎപിഎ ചുമത്തുകയും കല്‍പറ്റ കോടതിയില്‍ ഹാജരാക്കി സെന്‍ട്രല്‍ ജയിലിലടയ്ക്കുകയുമായിരുന്നു. വിവാഹിതയും മൂന്നു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമാണ് ഗൗരി. കുഞ്ഞിന് മാതാവിന്റെ സാന്നിധ്യം അത്യാവശ്യമായ പ്രായത്തിലാണ് കുഞ്ഞ് പിതാവിനൊപ്പം കഴിയാന്‍ നിര്‍ബന്ധിതമായത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, ആഗോളവല്‍ക്കരണത്തെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പോസ്റ്ററുകളാണ് ഇവര്‍ പതിച്ചിരുന്നത്.
യുഎപിഎ ജനവിരുദ്ധ നിയമമാണെന്നു പ്രഖ്യാപിക്കുകയും ദേശീയതലത്തില്‍ വിവിധ സമരങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന സിപിഎം അധികാരത്തില്‍ വന്ന് നാലുമാസം പിന്നിടുമ്പോഴും ആദിവാസി യുവതി ജയിലഴികള്‍ക്കുള്ളില്‍ തന്നെയാണ്. ഗൗരിക്കെതിരേ ഉപയോഗിച്ച യുഎപിഎ പിന്‍വലിക്കണമെന്ന് വിവിധ സാമൂഹികപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേസമയം തന്നെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റര്‍ പതിച്ചതിന് യുഎപിഎ ചുമത്തി എട്ടുപേരെ കോഴിക്കോട്, തൃശൂര്‍ ജയിലുകളില്‍ അടച്ചിട്ടുണ്ട്.
പോരാട്ടം നേതാവ് മുണ്ടൂര്‍ രാവുണ്ണി, മാനന്തവാടിയിലെ ശാന്താ ലാല്‍ എന്നിവര്‍ക്കെതിരേ ഇതേ കേസ് ചുമത്തിയെങ്കിലും ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയും മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരേ ചുമത്തിയ കുറ്റം തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day