|    Apr 25 Wed, 2018 4:21 pm
FLASH NEWS
Home   >  Editpage  >  Editorial  >  

യുഎപിഎയുടെ ദുരുപയോഗം തടയണം

Published : 25th July 2016 | Posted By: SMR

ഒരു ജനാധിപത്യ മതേതര വ്യവസ്ഥയായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ രാജ്യത്ത് ഓരോ പൗരനും അവന്‍ ഇച്ഛിക്കുന്ന ഏതു വിശ്വാസവും വച്ചുപുലര്‍ത്താനും അതു സമാധാനപരമായി പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം പൗരന് ആരെങ്കിലും ഔദാര്യമായി നല്‍കിയതല്ല. മറിച്ച്, രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ അവന്റെ അവകാശമാണ്. ഓരോ പൗരന്റെയും വൈയക്തികവും സാംസ്‌കാരികവുമായ വ്യക്തിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന റിപബ്ലിക്കിന്റെ അത്യുന്നതമായ ഈ മാനവിക മുഖം നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ പെട്ടതാണ്. രാജ്യത്തെ പൗരന്‍മാരില്‍ മഹാ ഭൂരിപക്ഷവും ഈ സാംസ്‌കാരിക തനിമയില്‍ ഊറ്റം കൊള്ളുകയും അത് അങ്ങനെത്തന്നെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനും മതപ്രബോധനം ഒരു കുറ്റമാക്കി മാറ്റാനും അസഹിഷ്ണുതയുടെ ചരിത്രപരമായ ഭാരം പേറുന്ന ചില വിഭാഗങ്ങള്‍ക്ക് താല്‍പര്യമുണ്ടാവാം. കേരളത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായെന്നു കരുതപ്പെടുന്ന ചിലരുടെമേല്‍ യുഎപിഎ അടക്കമുള്ള കിരാതനിയമങ്ങള്‍ പ്രയോഗിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു.
വിദേശത്തേക്കു പോവുന്ന ദമ്പതിമാരെക്കുറിച്ചുള്ള ഉദ്യോഗപൂര്‍ണമായ കഥകളാണ് കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത്. രാജ്യത്തെ പൗരന്‍മാര്‍ എങ്ങോട്ടു പോവുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ അന്വേഷിക്കേണ്ടതു തന്നെ. എന്നാല്‍, വിദേശത്ത് പോയെന്നു കരുതപ്പെടുന്നവരുടെ ബന്ധുക്കളില്‍ ചിലര്‍ തങ്ങളേയും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നു പരാതിപ്പെട്ടപ്പോള്‍ അസാധാരണമായ വേഗത്തിലാണ് ‘പ്രതി’കളുടെ പേരില്‍ യുഎപിഎ പ്രയോഗിച്ചത്. തുടര്‍ന്ന് അവര്‍ക്കു ബന്ധമുള്ള ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ സ്ഥാപനത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതായി കാണുന്നു. ദേശസുരക്ഷയേക്കാള്‍ വളരെ നിയമവിധേയമായി നടക്കുന്ന മതപ്രബോധനവും മതംമാറ്റവും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ നിയന്ത്രിക്കുക എന്ന ദുഷ്ടലാക്കാണ് ഇതിന്റെ പിന്നിലുള്ളതെന്നു സംശയിക്കാവുന്നതാണ്.
സ്വന്തം കുടുംബത്തില്‍ നിന്ന് ഏതെങ്കിലുമൊരാള്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്‌ലിമോ ആയാല്‍ അതിഷ്ടമില്ലാത്ത ഒരു ബന്ധു പരാതിപ്പെട്ടാല്‍ കേസെടുക്കുന്ന അവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. അതും പുരോഗമനപരമായ വീക്ഷണങ്ങള്‍ നിലനിര്‍ത്തുന്ന ഒരു മുന്നണി സംസ്ഥാനം ഭരിക്കുമ്പോള്‍. 2008ല്‍ യുഎപിഎയില്‍ കൊണ്ടുവന്ന ഭേദഗതികളെ എതിര്‍ത്തവരാണ് അവര്‍. അതുകൊണ്ടു തന്നെ വെറും സംശയത്തിന്റെ പേരില്‍ മതപ്രബോധന രംഗത്ത് നിയമവിധേയമായി പ്രവര്‍ത്തിക്കുന്നവരെ കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടയ്ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. ബോധപൂര്‍വം, തെറ്റിദ്ധാരണയുടെ പുകമറ സൃഷ്ടിച്ച് പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിച്ചു കൂടാ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss