|    Oct 16 Tue, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ സമ്മേളനത്തില്‍ നിന്ന് ആങ് സാന്‍ സൂച്ചി പിന്‍മാറി

Published : 14th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: ഈ മാസം 20ന് യുഎന്‍ പൊതുസഭ സെഷനില്‍ മ്യാന്‍മര്‍ ദേശീയ നേതാവ് ആങ് സാന്‍ സൂച്ചി പങ്കെടുക്കില്ല. നൊബേല്‍ പുരസ്‌കാര ജേതാവായ സൂച്ചിയുടെ പിന്‍മാറ്റം അവരുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവാണ് അറിയിച്ചത്. എന്നാല്‍, പിന്‍മാറ്റത്തിനുള്ള കാരണം അവര്‍ വെളിപ്പെടുത്തിയില്ല. പശ്ചിമ മ്യാന്‍മര്‍ സംസ്ഥാനമായ റാഖൈനില്‍ വംശീയ ന്യൂനപക്ഷങ്ങളായ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളെ വ്യവസ്ഥാപിതമായി കൊന്നുതള്ളുകയും വഴിയാധാരമാക്കുകയും ചെയ്യുന്നതില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ പദവി വഹിക്കുന്ന ആങ് സാന്‍ സൂച്ചിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം കനയ്ക്കുകയാണ്. ആഗസ്ത് 25 മുതല്‍ 3.7ലക്ഷം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്‌തെന്നാണ് യുഎന്‍ കണക്കുകള്‍. വിമര്‍ശനങ്ങളെ അഭിമുഖീകരിക്കുന്നതിനും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിനും സൂച്ചി ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കൂടുതല്‍ പ്രാധാന്യമുള്ള വിഷയങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നതിലാവാം യോഗത്തില്‍നിന്നു അവര്‍ പിന്‍മാറിയതെന്നും എന്‍എല്‍ഡി വക്താവ് റോയിറ്റേഴ്‌സിനോടു പറഞ്ഞു. അതേസമയം, സൂച്ചിക്ക് പകരമായി മ്യാന്‍മര്‍ വൈസ് പ്രസിഡന്റ് യു ഹെന്‍ട്രി വാന് തിയോ യുഎന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നു കരുതുന്നതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയതിനു ശേഷം ആങ് സാന്‍ സൂച്ചി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമം. പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സൂച്ചിയുടെ നൊബേല്‍ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന ആവശ്യം വിവിധ തുറകളില്‍നിന്നുയര്‍ന്നിരുന്നു. ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നതിന് പിന്നാലെ മുസ്്‌ലിം ന്യൂനപക്ഷപ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ തന്റെ സര്‍ക്കാര്‍ എടുത്ത നടപടികളെ സപ്തംബറില്‍ നടന്ന യുഎന്‍ പൊതുസഭ യോഗത്തില്‍ അവര്‍ ന്യായീകരിച്ചിരുന്നു. ആഗസ്ത് 25ന് പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ ആരംഭിച്ച സംഘര്‍ഷം അവസാനിപ്പിക്കുന്നുതിനു മ്യാന്‍മറിനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറുകയാണ്. റാഖൈനില്‍ സുരക്ഷാസൈന്യവും റാഖൈന്‍ ബുദ്ധ വംശജരും റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ അതിക്രമിച്ചുകയറി നിരവധി ഗ്രാമങ്ങള്‍ അഗ്നിക്കിരയാ—ക്കിയതായി അഭയാര്‍ഥികളും മനുഷ്യാവകാശപ്രവര്‍ത്തകരും റിപോര്‍ട്ട് ചെയ്്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss