|    Jan 21 Sat, 2017 8:48 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎന്‍ വേള്‍ഡ് റിസ്‌ക് റിപോര്‍ട്ട്; ഖത്തര്‍ പ്രകൃതി ദുരന്ത സാധ്യത ഏറ്റവും കുറഞ്ഞ രാജ്യം

Published : 29th August 2016 | Posted By: SMR

ദോഹ: പ്രകൃതി ദുരന്തത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നാണ് ഖത്തറെന്ന് റിപോര്‍ട്ട്. യുനൈറ്റഡ് നാഷന്‍സ് തയ്യാറാക്കിയ വേള്‍ഡ് റിസ്‌ക്ക് റിപോര്‍ട്ട്-2016ലാണ് ഇക്കാര്യം പറയുന്നത്. ലോകത്തെ മറ്റ് 170 രാജ്യങ്ങളേക്കാള്‍ മികച്ചതാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ സ്ഥാനം. രാജ്യത്തിന്റെ സ്ഥാനത്തിനു പുറമേ മികച്ച വികസനവും ഇതിന് കാരണമാണ്. രാജ്യത്തുള്ള മികച്ച സൗകര്യങ്ങള്‍ ഏത് ദുരന്തത്തെയും നേരിടാന്‍ പര്യാപ്തമാണെന്ന് റിപോര്‍ട്ട് പറയുന്നു.
മാള്‍ട്ട(170ാം സ്ഥാനം), സൗദി അറേബ്യ(169), ബാര്‍ബഡോസ്(168), ഗ്രനേഡ(167) തുടങ്ങിയവയാണ് ഖത്തറിന് തൊട്ടടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. ദ്വീപുകളും ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളും ഉള്ള രാജ്യങ്ങളാണ് ദുരന്ത സാധ്യത ഏറ്റവും കൂടുതലുള്ളവ. വനുആതു ആണ് പട്ടികയില്‍ ഒന്നാമത്. ഫിലിപ്പീന്‍സ്(3), ബംഗ്ലാദേശ്(5), കോസ്റ്റാറിക്ക(8) തുടങ്ങിയ രാജ്യങ്ങളും ദുരന്ത സാധ്യത കൂടുതലുള്ളവയാണ്.
യുഎന്നിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്‍വയേണ്‍മെന്റ് ആന്റ് ഹ്യൂമന്‍ സെക്യൂരിറ്റി തയ്യാറാക്കുന്ന വേള്‍ഡ് റിസ്‌ക് ഇന്‍ഡക്‌സ് 2011 മുതല്‍ ഓരോ വര്‍ഷവും പുറത്തുവിടാറുണ്ട്. എല്ലാ റിപോര്‍ട്ടുകളിലും ഖത്തറിന് മികച്ച സ്ഥാനമായിരുന്നു. പ്രധാനമായും നാല് ഘടകങ്ങളാണ് ഇതിന് കാരണം. പൊതു അടിസ്ഥാന സൗകര്യം, പോഷകാഹാരം, വരുമാനം, രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂട് തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള സംവേദ്യതയാണ് ഇതില്‍ പ്രധാനം.
ദുരന്ത സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയാണ് രണ്ടാമത്തേത്. ഭരണസംവിധാനം, വൈദ്യ സുരക്ഷ, ഭൗതിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടതാണിത്. ഭാവിയില്‍ വരാനിരിക്കുന്ന പ്രകൃതി പ്രതിഭാസങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട അഡാപ്റ്റീവ് കപാസിറ്റിയാണ് അടുത്തത്. ഭൂമികുലുക്കം, കൊടുങ്കാറ്റ്, പ്രളയം, വരള്‍ച്ച, സമുദ്ര നിരപ്പ് ഉയരല്‍ തുടങ്ങിയവ ജനങ്ങളെ എങ്ങനെ ബാധിക്കും എന്നത് നിശ്ചയിക്കുന്ന എക്‌സ്‌പോഷര്‍ എന്ന ഘടകമാണ് സൂചിക നിര്‍ണയിക്കുന്നതിലെ നാലാമത്തെ ഘടകം.
ബഹ്‌റയ്ന്‍(165), യുഎഇ(163), ഒമാന്‍(151), യമന്‍(54) തുടങ്ങിയവയാണ് ഈ വര്‍ഷത്തെ റാങ്കിങില്‍ ഉള്‍പ്പെട്ട മറ്റ് അറബ് രാജ്യങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക