|    Feb 19 Sun, 2017 5:47 pm
FLASH NEWS

യുഎന്‍ മനുഷ്യാവകാശ സമിതി: റഷ്യയുടെ അംഗത്വം നഷ്ടമായേക്കും

Published : 27th October 2016 | Posted By: SMR

ജനീവ: യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ നിന്നും റഷ്യ പുറത്തായേക്കും. സിറിയയിലെ ഹലബ് പ്രവിശ്യയില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരുമായി ചേര്‍ന്ന് വ്യോമാക്രമണങ്ങള്‍ തുടരുന്ന നടപടിയില്‍ റഷ്യക്കെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളില്‍നിന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണിത്. 47അംഗ സമിതിയില്‍ ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന 14 അംഗരാജ്യങ്ങളിലാണ് റഷ്യ ഉള്‍പ്പെടുന്നത്. 2013 മുതല്‍ 2016 വരെയായിരുന്നു ഈ രാജ്യങ്ങളുടെ കാലാവധി. വെള്ളിയാഴ്ച യുഎന്‍ പൊതു സഭയിലാണ് ഒഴിവ് വരുന്ന 14 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് സമിതിയില്‍ റഷ്യയുടെ അംഗത്വം. വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ റഷ്യയെ വീണ്ടും ഉള്‍പ്പെടുത്തരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, കെയര്‍ ഇന്റര്‍നാഷനല്‍, റെഫ്യൂജീസ് ഇന്റര്‍നാഷനല്‍ എന്നിവയടക്കമുള്ള 80ലധികം മനുഷ്യാവകാശ സംഘടനകള്‍ സമിതിയില്‍ റഷ്യയെ ഉള്‍പ്പെടുത്തരുതെന്ന് യുഎന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സിറിയയില്‍ വ്യോമാക്രമണങ്ങള്‍ നടത്തുന്ന റഷ്യ യുഎന്നിന്റെ രാജ്യാന്തര മനുഷ്യാവകാശ സമിതിയില്‍ ചേരാന്‍ അര്‍ഹരാണോ എന്ന് സംഘടനകള്‍ കഴിഞ്ഞദിവസം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ചോദിക്കുന്നു. സിറിയയിലെ സിവിലിയന്‍മാരുടെ ജീവനോടുള്ള റഷ്യയുടെ അവഗണനയും ആക്രമണങ്ങളിലുള്ള ഉത്തരവാദിത്തവും അവരെ മനുഷ്യാവകാശ സമിതിയില്‍ അംഗമാവുന്നതില്‍നിന്ന് അയോഗ്യരാക്കിയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ് ലൂയിസ് ഷാര്‍ബോന്‍ അഭിപ്രായപ്പെട്ടു. സിറിയന്‍ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയാണ് റഷ്യ. സിവിലിയന്‍മാര്‍ക്ക് നേരെ രാസായുധപ്രയോഗമുള്‍പ്പെടെ നടത്തിയ സിറിയന്‍ സര്‍ക്കാരിന് ആയുധവില്‍പനയും റഷ്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക