|    Nov 20 Tue, 2018 11:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്നില്‍ സൗദിക്കെതിരേ വിമര്‍ശനം; കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സൗദി

Published : 7th November 2018 | Posted By: kasim kzm

ജനീവ: ജമാല്‍ ഖഷഗ്ജി വധത്തില്‍ യുഎന്നില്‍ സൗദിക്കെതിരേ വിമര്‍ശനം. ഖഷഗ്ജി വധത്തില്‍ സുതാര്യമായതും വിശ്വാസയോഗ്യമായതുമായ അന്വേഷണം വേണമെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത നാല്‍പതംഗ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ കുറ്റക്കാരെ ശിക്ഷിക്കുമെന്ന് സൗദി അറേബ്യ യുഎന്‍ സഭയില്‍ പറഞ്ഞു. വിഷയത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്നു സൗദി മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ ബന്ദര്‍ അല്‍ ഐബാന്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഖഷഗ്ജി കൊല്ലപ്പെട്ട് ഒരുമാസത്തിനു ശേഷമാണ് ഈ വിഷയം സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗം ചേരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നതരടക്കം 18 സൗദി ഉദ്യോഗസ്ഥര്‍ സൗദി കസ്റ്റഡിയിലാണ്. കേസില്‍, വിവിധ രാജ്യങ്ങള്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ സുതാര്യമായ അന്വേഷണം വേണമെന്നു യുഎസ് പ്രതികരണമറിയിച്ചിരുന്നു. അന്താരാഷ്ട്ര അന്വേഷണത്തോട് സൗദി സഹകരിക്കണമെന്ന് ആസ്‌ത്രേലിയയും അഭിപ്രായപ്പെട്ടിരുന്നു.
ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിനു തൊട്ടുപിറകേ തന്നെ ഖഷഗ്ജിയെ ബന്ദിയാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമാണ് ചെയ്തിട്ടുണ്ടാവുകയെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് നശിപ്പിച്ചിരിക്കാന്‍ സാധ്യതയുള്ളതായും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss