|    Sep 23 Sun, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഎന്നിന്റെ സഹായവും കേന്ദ്രം നിഷേധിച്ചു

Published : 22nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മഴക്കെടുതി മൂലം ദുരിതത്തിലായ കേരളത്തിലെ ദുരിതാശ്വാസത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഔദ്യോഗികമായി വ്യക്തമാക്കാതെ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ യുഎന്നിനെ അറിയിച്ചുവെന്നാണ് റിപോര്‍ട്ട്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ തയ്യാറാണെന്ന യുഎന്‍ വാഗ്ദാനം നേരത്തേ കേരളം സ്വീകരിച്ചിരുന്നു. ഇക്കാര്യം കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്രം ഇതുവരെ യുഎന്നിനെ സമീപിച്ചിട്ടില്ല. ദുരിത നിവാരണത്തിനായി യുഎന്‍ സഹായം വേണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. നൂറ്റാണ്ടിലെ പ്രളയം വിതച്ച മാരകമായ വിപത്തില്‍ സംസ്ഥാനത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളും സന്നദ്ധത അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെടുന്ന സഹായങ്ങള്‍ ചെയ്യാമെന്നാണ് യുഎന്‍ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.ഐക്യരാഷ്ട്രസഭ, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള സഹായങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കേരളം അതില്‍ തൃപ്തരാണെന്നും അതിനാല്‍ വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ല. അതേസമയം, കേരളത്തിലെ പ്രളയക്കെടുതിയില്‍ 20,000 കോടി രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്നതായാണ് പ്രാഥമിക കണക്ക്. യഥാര്‍ഥ കണക്കുകള്‍ ശരിയായി തിട്ടപ്പെടുത്തുമ്പോള്‍ നഷ്ടം ഇനിയും അധികരിക്കുക്കുമെന്നാണ് വിലയിരുത്തല്‍.അതിനിടെ, കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രാപ്തമാണെന്ന് യുഎന്നും പ്രതികരിച്ചു. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ സഹായം ചെയ്യും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായം തേടിയിട്ടില്ല. നേരത്തേ, പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സഹായഹസ്തവുമായി യുഎന്‍ മുന്നോട്ടുവന്നിരുന്നു. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയെ ഇ-മെയിലിലൂടെ ഇക്കാര്യം അറിയിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. കേരളം അനുവദിച്ചാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാമെന്നായിരുന്നു അറിയിപ്പ്. കേരളത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി മലയാളികളും മുന്നോട്ടുവന്നിരുന്നു.പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് യുഎന്നിലൂടെ വിദേശരാഷ്ട്രങ്ങളുടെ സഹായം ഉറപ്പാക്കുന്നതിന് ശശി തരൂര്‍ എംപിക്ക് ജനീവയിലേക്ക് പോവാന്‍ കോടതി അനുമതിയും നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss