|    Nov 14 Wed, 2018 2:24 am
FLASH NEWS
Home   >  Todays Paper  >  page 10  >  

യുഎഇ പൊതുമാപ്പ്: ആദ്യദിനം സ്വീകരിച്ചത് 1534 അപേക്ഷകള്‍

Published : 3rd August 2018 | Posted By: kasim kzm

ദുബയ്: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആദ്യദിവസമായ ബുധനാഴ്ച അവീര്‍ കേന്ദ്രത്തില്‍ സ്വീകരിച്ചത് 1,534 അപേക്ഷകളെന്ന് പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രത്യേക ചുമതലയുള്ള ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താമസരേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ ആദ്യദിവസം തന്നെ വിവിധ രാജ്യക്കാര്‍ കൂട്ടത്തോടെ അല്‍ അവീര്‍ കേന്ദ്രത്തിലെത്തി.
ആദ്യ ദിവസം ഇവിടെ നിന്ന് എക്‌സിറ്റ് പെര്‍മിറ്റ് നല്‍കിയത് 326 പേര്‍ക്കാണെന്ന് അവീര്‍ പൊതുമാപ്പുകേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമര്‍ സെന്റര്‍ വഴി 416 പേര്‍ പുതിയ വിസയിലേക്കു മാറാനുള്ള നടപടികള്‍ പൂര്‍ത്തികരിച്ചു. ബുധനാഴ്ച ജിഡിആര്‍എഫ്എ ദുബയുടെ അമര്‍ ടോള്‍ഫ്രീ നമ്പറായ 8005111ലേക്ക് 7000 അന്വേഷണ കോളുകളാണ് വന്നത് ഇതില്‍ 2365 കോളുകളും പൊതുമാപ്പിന്റെ വിവരങ്ങള്‍ അറിയാനായിരുന്നെന്ന് ഖലഫ് അല്‍ ഗൈത്ത് പറഞ്ഞു.
അവീര്‍ പൊതുമാപ്പുകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ഉസൈന്‍ ദൗര്‍വേസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പിന്റെ ആദ്യദിവസത്തില്‍ മികച്ച സേവനങ്ങളാണ് നിയമലംഘകരായ താമസക്കാര്‍ക്കു ലഭിച്ചത്. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് തങ്ങിയവരും വീട്ടുജോലിക്ക് എത്തിയ സ്ത്രീകളുമാണ് പൊതുമാപ്പുകേന്ദ്രത്തില്‍ കൂടുതലായും എത്തിയതെന്ന് അധിക്യതര്‍ വ്യക്തമാക്കി.
സായിദ് വര്‍ഷാചരണത്തോടനുബന്ധിച്ചാണ് വിവിധ കാരണങ്ങള്‍കൊണ്ട് താമസ-കുടിയേറ്റ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് സഹായകരമായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ക്ക് പിഴയോ മറ്റു ശിക്ഷാനടപടികളെ ഇല്ലാതെ തന്നെ സുഗമമായി അവരുടെ താമസരേഖകള്‍ ഇവിടെ നിന്നുകൊണ്ടുതന്നെ ശരിയാക്കാനും അല്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങാനും കഴിയുന്ന രീതിയിലാണ് പൊതുമാപ്പ് നടപടിക്രമങ്ങളുള്ളത്. അല്‍ അവീറിലെ കേന്ദ്രത്തില്‍ ദുബയ് പോലിസ്, ദുബയ് സിവില്‍ ഡിഫന്‍സ്, ദുബയ് കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസസ്, ആര്‍ടിഎ, മനുഷ്യവിഭവ സ്വദേശിവല്‍ക്കരണ മന്ത്രാലയം, പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബേഴ്‌സ് അഫയേഴ്‌സ്, യൂനിയന്‍ കോ-ഓപറേറ്റിവ് തുടങ്ങിയ വിഭാഗങ്ങള്‍ സേവനസന്നദ്ധരായുണ്ട്.
വിവിധ രാജ്യങ്ങളുടെ പ്രത്യേക ഹെല്‍പ് ഡെസ്‌ക്കുകള്‍ ഇവിടെ തുറന്നിട്ടുണ്ട്. പുതിയ വിസകളിലേക്കു മാറാന്‍ ഉദ്ദേശിക്കുന്നവര്‍ അമര്‍ സെന്ററുകളെയോ തസ്ഹീല്‍ കേന്ദ്രങ്ങളെയോ സമീപിക്കണമെന്ന് അമര്‍ ഉപഭോക്തൃ ഹാപ്പിനസ് സെന്റര്‍ മേധാവി മേജര്‍ സാലിം ബിന്‍ അലി അറിയിച്ചു. അവീറിലെ പൊതുമാപ്പുകേന്ദ്രം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss