|    May 24 Wed, 2017 11:32 am
FLASH NEWS

യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്

Published : 20th October 2016 | Posted By: SMR

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആദ്യ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും കോണ്‍സുലേറ്റ് സഹായകമാവും. മുംബൈ കോണ്‍സുലേറ്റ് വഴി നിലവില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലൂടെ ലഭ്യമാവും.
യുഎഇയില്‍ ജോലിക്കുപോവുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, വിസയുടെ നടപടിക്രമങ്ങള്‍ എല്ലാം തിരുവനന്തപുരത്തെ കോണ്‍സുലേറ്റിലൂടെയായിരിക്കും. തെക്കേഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാര്‍ക്കും കോണ്‍സുലേറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം. ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ജമാല്‍ ഹുസയ്ന്‍ അല്‍സാബിയാണ് കോണ്‍സല്‍ ജനറല്‍. വിയറ്റ്‌നാമില്‍ യുഎഇ എംബസി ഫസ്റ്റ് സെക്രട്ടറിയായിരുന്നു അല്‍സാബി
യുഎഇ വിദേശകാര്യമന്ത്രി ശെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2011ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് കോണ്‍സുലേറ്റ് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് മണക്കാടാണ് കോണ്‍സുലേറ്റിന്റെ താല്‍ക്കാലിക ഓഫിസ്. കോണ്‍സുലേറ്റിന് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 40ഓളം ജീവനക്കാരാണ് ഓഫിസിലുള്ളത്. ഇന്നു മുതല്‍ വിസ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്ന നടപടികളും ആരംഭിക്കും. ന്യൂഡല്‍ഹിയിലെ എംബസിയും മുംബൈയിലെ കോണ്‍സുലേറ്റുമാണ് യുഎഇയ്ക്ക് ഇന്ത്യയിലുള്ള നയതന്ത്രകാര്യാലയങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, യുഎഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ റെയ്‌സി, ശശി തരൂര്‍ എംപി, എം എ യൂസുഫലി, ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോ, പൊതുഭരണവകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, എഡിജിപി ശ്രീലേഖ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day