|    Jan 24 Tue, 2017 10:43 am
FLASH NEWS

യാസിര്‍ വധം: അഞ്ചു പ്രതികളെ സുപ്രിംകോടതി വെറുതെവിട്ടു

Published : 22nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ തിരൂരില്‍ ആമപ്പാറക്കല്‍ യാസിറിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ സുപ്രിംകോടതി വെറുതെവിട്ടു. ഇവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച ഹൈക്കോടതിവിധി സുപ്രിംകോടതി റദ്ദാക്കി. പ്രതികളുടെ പേരിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയാണ് ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ കെ ഗോയല്‍ എന്നിവരുള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
കേസിലെ ഒന്നാംപ്രതി തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണന്‍, മൂന്നാംപ്രതി തലക്കാട് സ്വദേശി സുനില്‍കുമാര്‍, ആറാംപ്രതി മനോജ്കുമാര്‍, ഏഴാംപ്രതി കൊല്ലം എടമല സ്വദേശി ശിവപ്രസാദ്, എട്ടാംപ്രതി നിറമരുതൂര്‍ സ്വദേശി നന്ദകുമാര്‍ എന്നിവരെയാണു വെറുതെവിട്ടത്.
1998 ആഗസ്ത് 18നു പുലര്‍ച്ചെ തിരൂര്‍ പഴംകുളങ്ങര ജങ്ഷനില്‍വച്ചാണു സംഭവം. ആളുകളെ ഇസ്‌ലാംമതത്തിലേക്കു ക്ഷണിക്കുന്നതില്‍ പ്രകോപിതരായിട്ടാണു കൊലനടത്തിയതെന്നാണ് പോസിക്യൂഷന്‍ വാദം. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബൈജു, യാസിറിന്റെ പ്രേരണയാല്‍ ഇസ്‌ലാം സ്വീകരിക്കുകയും യാസിറിന്റെ കൂടെ ജോലിയെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ അബ്ദുല്‍ അസീസിനും (ബൈജു) ഗുരുതരമായി പരിക്കേറ്റിരുന്നു.
വിചാരണാ നടപടികള്‍ക്കു ശേഷം മഞ്ചേരി രണ്ടാം അതിവേഗ കോടതി കേസിലെ 7 പ്രതികളെ വെറുതെവിട്ടു. പിന്നീട് യാസിറിന്റെ ഭാര്യ സുമയ്യ നല്‍കിയ റിവിഷന്‍ ഹരജിയെത്തുടര്‍ന്ന് ആറു പ്രതികളെ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കേസില്‍ രണ്ടാംപ്രതിയായിരുന്ന രവീന്ദ്രന്‍ 2007 ജനുവരിയില്‍ തിരൂരിലുണ്ടായ അക്രമസംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നാലാംപ്രതി സുരേന്ദ്രനെ സംഭവം നടന്ന് 18 വര്‍ഷമായിട്ടും പോലിസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട സമയത്ത് പോലിസിന്റെ അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,850 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക