|    Oct 22 Mon, 2018 12:11 am
FLASH NEWS

യാത്രക്കിടെ കൊച്ചിയിലെ സ്വകാര്യ ബസ്സുകള്‍ക്ക് നേരെ കച്ചിയേറ്

Published : 28th September 2017 | Posted By: fsq

 

മരട്:  കൊച്ചിയിലെ സ്വകാര്യ ബസ്സുകള്‍ക്ക് നേരെ യാത്രക്കിടെ കച്ചിയേറ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അന്‍പതിലേറെ പരാതികളാണ് പോലിസിന് ലഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉടഞ്ഞത് നൂറിലേറെ സ്വകാര്യ ബസ്സുകളുടെ ചില്ലുകള്‍. യാത്രക്കിടെയുണ്ടാകുന്ന ഇത്തരം ആക്രമണം യാത്രക്കാരെ  ഭീതിയിലാക്കുന്നു. ഇതിന് പിന്നില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.  തോപ്പുംപടി, കളമശ്ശേരി, തൃക്കാക്കര, തേവര, നോര്‍ത്ത്, സെന്‍ട്രല്‍ തുടങ്ങിയ പോലിസ് സ്റ്റേഷനുകളില്‍ ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈയടുത്ത് മുപ്പത് ബസ്സുകളുടെ ചില്ലുടച്ചതിനെതിരേ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ തൃക്കാക്കര അസി.കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.  പോലിസിന്റെ ഭാഗത്ത് നിന്നും ക്രിയാത്മക ഇടപെടലില്ലാത്തതാണ് അക്രമം വര്‍ധിക്കാന്‍ കാരണമെന്നാണ് ബസ്സുടമകള്‍ പറയുന്നത്. കൊച്ചി കേന്ദ്രമാക്കിയുള്ള ഒരു ഗുണ്ടാസംഘമാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന സൂചന. വിവിധ ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ഇവരുടെ കണ്ണികളുണ്ട്. കഞ്ചാവ് വില്‍പന, പോക്കറ്റടി, അനാശാസ്യം, ഗുണ്ടാപിരിവ് എന്നിവയിലൂടെ പണം കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. പണം നല്‍കാത്ത സ്വകാര്യ ബസ്സുകളെ നോട്ടമിടും. പിന്നിട് ഈ ബസ്സുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടും. കൂടാതെ ചില യൂനിയനുകള്‍ ആഹ്വാനം ചെയ്യുന്ന ബസ്് പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകും. ഇതിലൂടെ ചില യൂനിയന്‍ നേതാക്കളുടെ പിന്‍ബലവും സംഘം നേടിയെടുക്കും. വഴിയരികില്‍ പതുങ്ങി നിന്നോ, ഓട്ടോറിക്ഷക്ക് വന്നോ കച്ചി കവണി കൊണ്ടടിച്ച് ബസ്സിന്റെ ചില്ലടിച്ച് പൊട്ടിക്കും. ഒരു ചില്ലിന് അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ മുടക്കണം. കൂടാതെ യാത്രക്കിടെ സ്ത്രീ വിഷയമുണ്ടാക്കി ഡ്രൈവറേയോ, കണ്ടക്ടറേയോ മര്‍ദ്ദിക്കുകയും, ട്രിപ്പ് മുടക്കുകയും ചെയ്യും. അതുമല്ലെങ്കില്‍ രാത്രി പാര്‍ക്ക് ചെയ്ത് ജീവനക്കാര്‍ മടങ്ങി കഴിയുമ്പോള്‍ ബസ്സിന്റെ ബാറ്ററിയോ, മറ്റോ മോഷ്ടിച്ചെടുക്കും. ഇത്തരം ആക്രമണങ്ങള്‍ ഭയന്ന് സംഘത്തിനെതിരെ ബസ്സുടമകളോ, തൊഴിലാളികളോ പരാതിപ്പെടാറുമില്ല. ഇത്തരത്തില്‍ ആക്രമണം അഴിച്ച് വിട്ട് സ്വകാര്യ ബസ്സ് മേഖലയില്‍ അസ്വസ്തതകള്‍ സൃഷ്ടിച്ച് ഉടമകളെ പിന്മാറ്റി ബസ്സ് പാട്ടത്തിനെടുത്ത് നടത്തുക എന്നതും സംഘം ഉന്നംവക്കുന്നുണ്ടെന്നാണ് ചില ബസ്സുടമകള്‍ പറയുന്നത്. കഴിഞ്ഞ തിരുവോണ നാളില്‍ നാല്‍പ്പതിലേറെ യാത്രക്കാരുമായി പോയ ബസ്സ് സംഘം ആക്രമിച്ചു. തേവര പാലത്തില്‍ വച്ച് യാത്രക്കിടെ ശക്തിയെന്ന സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഓടികൊണ്ടിരുന്ന ബസിലെ ഡ്രൈവറെയാണ് സംഘം മര്‍ദിച്ചത്. അപകടം  ഭയന്ന് യാത്രക്കാര്‍ ബഹളം വച്ചപ്പോഴാണ് സംഘം മടങ്ങിയത്. മടങ്ങുന്നതിന് മുമ്പ് ബസ്സിലെ യാത്രക്കാരിയായ ബംഗാളി യുവതിയെ സംഘം ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും ചെയ്തു. പരുക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൂടാതെ യാത്രക്കിടെ എറിഞ്ഞുടച്ച ബസിന്റെ ചില്ല് തറച്ച് കണ്ടക്ടര്‍ മനുവിന്റെ കണ്ണിന് പരുക്കേറ്റു. ഏതായാലും യാത്രക്കിടെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് കൊച്ചി കാതോര്‍ക്കേണ്ടി വരുമെന്നും ബസ്സുടമകളുടെ യൂനിയന്‍ നേതാക്കള്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss