|    Feb 22 Thu, 2018 7:57 pm
FLASH NEWS

യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസി ബസ്സുകളില്‍ വന്‍തിരക്ക്

Published : 25th January 2017 | Posted By: fsq

 

തൃശൂര്‍: നിരക്കു വര്‍ധനയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിലെ യാത്രക്കാരെ വലച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പണിമുടക്ക് പ്രതികൂലമായി ബാധിച്ചു. യാത്രക്കാരുടെ ദുരിതത്തിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കേണ്ട കെഎസ്ആര്‍ടിസി ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നത് കൂടിയായപ്പോള്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയെങ്കിലും പല സ്റ്റോപ്പുകളിലും നിര്‍ത്താതെയാണ് ഓടിയത്. കെഎസ്ആര്‍ടിസിയുടെ സര്‍വീസ് എത്തിപ്പെടാത്ത ഗ്രാമങ്ങളിലെ യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ മാത്രമായിരുന്നു ഏക ആശ്വാസം. പണിമുടക്ക് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും പതിവില്‍ കവിഞ്ഞ തിരക്ക് അനുഭവപ്പെട്ടു. ദീര്‍ഘദൂര യാത്രക്കാര്‍ കൂടുതലായും ട്രെയിനുകളെയും കെഎസ്ആര്‍ടിസിയേയുമാണ് ആശ്രയിച്ചത്. ദീര്‍ഘദൂര യാത്രയ്ക്കും ആശുപത്രികളിലേക്കും സ്വകാര്യ ചടങ്ങുകള്‍ക്കുമെല്ലാമായി സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവരാണ് പണിമുടക്കില്‍ ഏറെ വലഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്വകാര്യ ബസ് സ്റ്റാന്റുകള്‍ ഒഴിഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാ സ്ഥാപനങ്ങളിലുമെല്ലാം ഹാജര്‍നിലയില്‍ നേരിയ കുറവുണ്ടായി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും മറ്റും ജോലിക്കാര്‍ക്ക് വൈകി മാത്രമാണ് എത്തിച്ചേരാന്‍ സാധിച്ചത്. ബസ് കാത്ത് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നവര്‍ ഓട്ടോറിക്ഷയടക്കമുള്ള ടാക്‌സികളേയും ആശ്രയിച്ചു. എന്നാല്‍ ചടങ്ങുകള്‍ക്കും മറ്റും പങ്കെടുക്കാനാവാതെ മടങ്ങിപ്പോയവരും ഏറെയായിരുന്നു. ഇതിനിടയിലും പണിമുടക്ക് മുന്‍കൂട്ടി അറിയാതെ സ്വകാര്യ ബസ് തേടിയെത്തിയവരുമുണ്ട്. മിനിമം ചാര്‍ജ് ഒമ്പതു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് രണ്ടു രൂപയാക്കി വര്‍ദ്ധിപ്പിക്കുക നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss