|    Feb 24 Fri, 2017 7:00 pm
FLASH NEWS

യാത്രക്കാരെ വലച്ച് ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

Published : 11th November 2016 | Posted By: SMR

തിരൂരങ്ങാടി: വിദ്യാര്‍ഥികളില്‍ നിന്ന് അമിത ചാര്‍ജ് വാങ്ങിയതിന് പിഴ ഈടാക്കിയതിന്റെ പേരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.ചെമ്മാട്ടെ ചില സ്വകാര്യ ബസ്സുകളാണ് പോലിസിനെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് പണിമുടക്ക് നടത്തിയത്.മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ പല ബസ്സുകളും വിദ്യാര്‍ഥികളില്‍ നിന്ന് അഞ്ചുരൂപയാണ് വാങ്ങുന്നത്.ഇതിനെതിരെ ചില രക്ഷിതാക്കളും മൂന്നിയൂര്‍ ഹൈസ്‌കൂള്‍ അധികൃതരും പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ബുധനാഴ്ച ഈ റൂട്ടിലോടുന്ന നാല് മിനിബസ് ജീവനക്കാരില്‍ നിന്ന് പോലിസ് 500രൂപവീതം പിഴ ഈടാക്കി.എന്നാല്‍ ഇന്നലെ ഉച്ചയോടെ ചെമ്മാടു നിന്നും കുന്നുംപുറം റൂട്ടിലോടുന്ന മിനിബസ്സുകള്‍ ട്രിപ്പ് നിര്‍ത്തിവച്ച് സമരം നടത്തുകയായിരുന്നു.ചെമ്മാട് നിന്നും തിരൂര്‍ കോട്ടക്കല്‍ കോഴിക്കോട് ചേളാരി ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മറ്റ് ബസ്സുകള്‍ ചില ബസ്ജീവനക്കാര്‍ തടഞ്ഞുവച്ചു.വിവരം അറിഞ്ഞ് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയിലും സംഘവും സ്ഥലത്തെത്തിയതോടെ സ്റ്റാ ന്റില്‍നിന്നുള്ള ബസ്സുകള്‍ ഓടാന്‍ തുടങ്ങി.എന്നാല്‍ മറ്റുബസ്സുകള്‍ സ്റ്റാ ന്റില്‍ കയറാതെ കോഴിക്കോട് റോഡിലെ പെട്രോള്‍ പമ്പിലും മറ്റും നിര്‍ത്തിയിടുകയാണുണ്ടായത്.ബസ്സുകള്‍ സമരത്തിലായതോടെ വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം നൂറുക്കണക്കായ യാത്രക്കാര്‍ പെരുവഴിയിലായി.തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തി നിര്‍ത്തിയിട്ട ബസ് ഓടാന്‍ ആവശ്യപ്പെട്ടു.എന്നിട്ടും ബസ് ജീവനക്കാര്‍ തയ്യാറായില്ല.ഇതിനിടെ നാട്ടുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പലതവണ ഫോണ്‍ ചെയ്തിട്ടും മോട്ടോര്‍വാഹന വകുപ്പ് തിരിഞ്ഞു നോക്കിയില്ല.തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി എസ്‌ഐയും സംഘവും ബസ് ജീവനക്കാരോട് ബസ് സര്‍വീസ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ബസ് വര്‍ക്ക് ഷോപ്പില്‍ കയറ്റുകയാണെന്നായിരുന്നു ജീവനക്കാരുടെ മറുപടി.എന്നാല്‍ മോട്ടോര്‍ വാഹനവിഭാഗം എത്തി പരിശോധിച്ച ശേഷം വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയാല്‍ മതിയെന്ന് പറഞ്ഞ് എസ്‌ഐ ഈ ബസ്സുകളുടെ ഫോട്ടോ എടുത്തതോടെ ബസ്സുകള്‍  ഓടാന്‍ തയ്യാറാവുകയായിരുന്നു.ഏറെ നേരം ബസ് സമരം നടത്തിയിട്ടും നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും മോട്ടോര്‍ വാഹന വിഭാഗം എത്താത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്.എല്ലാം കഴിഞ്ഞ ശേഷമാണ് അവര്‍ എത്തിയത്.അത്യാവശ്യത്തിന് പോലും ആര്‍ടിഒ ഫോണെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.അതേസമയം ബസ്സുടമകളുടെ സംഘടനയോ തൊഴിലാളി യൂനിയന്‍ ഭാരവാഹികളോ ഇത്തരമൊരു പണിമുടക്കിനെ കുറിച്ച് അറിയുകയില്ലെന്നാണ് പറഞ്ഞത്.തിരൂരങ്ങാടി,ചെമ്മാട്,മൂന്നിയൂര്‍ ഭാഗങ്ങളില്‍ വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റാത്തതും അഞ്ചുരൂപ ചാര്‍ജ് വാങ്ങുന്നതും പതിവാണ്.നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയതെന്നും  നടപടി ഇനിയും തുടരുമെന്നും തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ പറഞ്ഞു.ഡിവൈഎഫ്‌ഐ സമരത്തിന് പിടി നിധീഷ് വികെ ഹംസ എം ശഹീര്‍ എം ഫൈസല്‍ കെഎം ഗഫൂര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക