|    Jan 18 Wed, 2017 1:42 pm
FLASH NEWS

യാത്രക്കാരെ വട്ടംകറക്കി കൊല്ലങ്കോട് ഗതാഗതപരിഷ്‌കാരം

Published : 18th July 2016 | Posted By: SMR

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കൊല്ലങ്കോട് ടൗണില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരം യാത്രക്കാരെ കുരുക്കിലാക്കി. വേണ്ടത്ര മുന്‍കരുതലെടുക്കാതെയും ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, പാസഞ്ചര്‍ അസോസിയഷന്‍ ഭാരവാഹികള്‍ ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് ചുമട്ടുതൊഴിലാളി എന്നിവരോട് ആലോചിക്കാതെയുമാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പരിഷ്‌ക്കാരം നടപ്പാക്കിയത്.
മണ്ഡലത്തിലെ പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്ഥലം എംഎല്‍ എ പോലും അറിയാതെയുള്ള പോലിസിന്റെ ഗതാഗത പരിഷ്‌ക്കരണം യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായി. ബ്ലോക്ക് ഓഫിസ് റോഡിലൂടെ വണ്‍വേ സമ്പ്രദായം നടപ്പില്‍ വരുത്തിയതോടെ മംഗലം-ഗോവിന്ദാപുരം അന്തര്‍ സംസ്ഥാന പാതയിലോടുന്ന ചരക്കു വാഹനം മുതല്‍ ഇരുചക്രവാഹനം വരെ ഇതുവഴി കടന്നു പോകണമെന്നുമാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്. ചരക്ക് വാഹനങ്ങളും നീളം കൂടിയ വാഹനവും ബ്ലോക്ക് ഓഫിസ് റോഡിലൂടെ കടന്ന് വിനായക ക്ഷേത്രത്തിന്റെ വളവില്‍ നിന്ന് പ്രധാനപാതയിലേക്ക് തിരിയാന്‍ ഏറെ പാടുപെടുകയാണ്. പാലക്കാട് റോഡില്‍ നിന്നു വരുന്ന ഇരുചക്ര വാഹനം മുതല്‍ വട്ടം കറങ്ങി വേണം ടൗണിലെത്താന്‍. 50 മീറ്റര്‍ ദൂരത്തില്‍ താഴെ സഞ്ചരിക്കുന്ന വാഹനം ഇപ്പോള്‍ 300 മീറ്റര്‍ ദൂരം കൂടുതല്‍ ചുറ്റികറങ്ങി വേണം ടൗണിലെത്താന്‍.
ഇരുചക്രവാഹനങ്ങള്‍ക്ക് ടൗണില്‍ നേരിട്ട് പോകാനും ചരക്ക് വാഹനങ്ങള്‍ വണ്‍വേയിലേക്ക് തിരിയാതെ നേരിട്ട് പോകാനും അവസരം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ചുമട്ടുത്തൊഴിലാളികളും വ്യാപാരികളുമാണ് ബ്ലോക്ക് ഓഫിസ് റോഡില്‍ കയറ്റിറക്ക് നിയന്ത്രണം വന്നതോടെ ഏറെ ദുരിതത്തിലായത്. രാവിലെ 8 മുതല്‍ രാത്രി 8 വരെ ബ്ലോക്ക് ഓഫിസ് വണ്‍വേ റോഡില്‍ വാഹനം പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തിയതോട് വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ലോഡുകള്‍ ഇറക്കാന്‍ കഴിതെ പണിയില്ലാത്ത സ്ഥിതിയാണ് ചുമട്ടുത്തൊഴിലാളികള്‍ക്ക്. ഇവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി റോഡിന്റെ ഒരു ഭാഗത്ത് കയറ്റിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നു.
ഗതാഗത പരിഷ്‌ക്കാരം നടപ്പില്‍ വരുത്തുമ്പോള്‍ ടൗണില്‍ മൂന്ന് പോലിസുകാരുടെ സേവനവും അധികമായി വരും. ഗതാഗത പരിഷ്‌ക്കാരം പരീക്ഷണം മാത്രമാണെന്നും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാവുന്ന പ്രയാസങ്ങള്‍ പരാതി ലഭിച്ചാല്‍ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളെയും വിളിച്ച് ചേര്‍ത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക