|    Oct 20 Fri, 2017 6:53 am

യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും ട്രാഫിക് പരിഷ്‌കാരം

Published : 20th October 2016 | Posted By: SMR

കേച്ചേരി: തൃശൂര്‍-കുന്നംകുളം റൂട്ടില്‍ ഗതാഗത തടസ്സം രൂക്ഷമായ കേച്ചേരി സെന്ററില്‍ ജനങ്ങളെ ദുരിതത്തിലാക്കി വീ ണ്ടും ഗതാഗത പരിഷ്‌കാരം. ഗതാഗത തടസ്സം പരിഹരിക്കാന്‍ കേച്ചേരി ടൗണ്‍ വികസനത്തിനുള്ള പദ്ധതി തയ്യാറായിട്ട് വര്‍ഷങ്ങളായിട്ടും വികസനത്തെ അട്ടിമറിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ് അധികൃതര്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കേച്ചേരി ടൗണ്‍ വികസനം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമായതിനെ തുടര്‍ന്ന് ജനപ്രതിനിധികളും നേതാക്കളുമെത്തി കേച്ചേരി സെന്റര്‍ വികസിപ്പിക്കുമെന്ന് ഉറപ്പ്  നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും കേച്ചേരി ടൗണ്‍ വികസന പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി. വികസനം യാഥാര്‍ത്ഥ്യമായാല്‍ കടകള്‍ പൊളിച്ചുമാറ്റേണ്ടി വരുന്ന വ്യാപാരികളായ ചില കോണ്‍ഗ്രസ്സ് നേതാക്കളും മുന്‍ എംഎല്‍എ പി എ മാധവനുമാണ് വികസനത്തിന് തടസ്സം നില്‍ക്കുന്നതെന്ന് ആരോപിച്ച സിപിഎം കേച്ചേരി സെന്ററില്‍ ശക്തമായ സമരങ്ങള്‍ നടത്തി. മാത്രമല്ല, തങ്ങള്‍ ഭരണത്തിലേറിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ കേച്ചേരി വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പ് നല്‍കി. എന്നാല്‍ പഞ്ചായത്തിലടക്കം എ ല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചിട്ടും ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് തന്നെ തുടരുകയാണ് എല്‍ഡിഎഫ്. സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് കഴിഞ്ഞ ദിവസം പഞ്ചായത്തി ല്‍ വിളിച്ചു ചേര്‍ത്ത യോഗത്ത ില്‍ തീരുമാനമായത്. അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തത്. കേച്ചേരി സെന്ററിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞ് ഗതാഗതം സുഖമമാക്കാമെന്ന വിചിത്രമായ തീരുമാനമാണ് അധികൃതര്‍ എടുത്തിരിക്കുന്നത്. പുതിയ പരിഷ്‌കാര പ്രകാരം അക്കിക്കാവ് ബൈപാസ് റോഡില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ സെന്ററിലേക്ക് പ്രവേശിക്കാതെ കനാല്‍ റോഡിലൂടെ പ്രവേശിച്ച് വടക്കാഞ്ചേരി റോഡ് വഴി എരനെല്ലൂര്‍ പള്ളി വഴിയിലൂടെ തൃശൂര്‍ റോഡിലേക്ക് പ്രവേശിക്കണം. വടക്കാഞ്ചേരി, തയ്യൂര്‍ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസ്സുകള്‍ എരനെല്ലൂര്‍ പള്ളി വഴിയിലൂടെ പ്രവേശിച്ച് കേച്ചേരി ബസ് സ്റ്റാന്റില്‍ പ്രവേശിക്കണം. പാവറട്ടി, ആളൂര്‍ ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകളും ബസ് സ്റ്റാന്റില്‍ പ്രവേശിക്കണം. സെന്ററില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ മാറ്റാനും ഫൂട്പാത്തിലെ കച്ചവടം നിരോധിക്കാനും ആലോചനയുണ്ട്. ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക്, ടെലഫോണ്‍ പോസ്റ്റുകള്‍ മാറ്റുക തുടങ്ങിയ തീരുമാനങ്ങളും യോഗത്തിലെടുത്തു. രണ്ടാഴ്ച്ചക്കകം ബന്ധപ്പെട്ട വകുപ്പുകളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ത്ത് തീരുമാനങ്ങള്‍ നടപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കം. എന്നാല്‍ കേച്ചേരിയിലെ ഗതാഗത കുരുക്കിന് സ്ഥായിയായ പരിഹാരം കാണാന്‍ തയ്യാറാവാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക