|    Oct 22 Mon, 2018 1:22 pm
FLASH NEWS

യാത്രക്കാരെ കൂടുതലായി വലച്ച് മാള കെഎസ്ആര്‍ടിസി അധികൃതര്‍

Published : 14th September 2017 | Posted By: fsq

 

മാള: സര്‍വ്വീസുകള്‍ ഒന്നൊന്നായി റദ്ദാക്കിക്കൊണ്ട് യാത്രക്കാരെ വലച്ച് മാള കെ എസ് ആര്‍ ടി സി. ആലുവയില്‍ നിന്നും എരവത്തൂര്‍ വഴി പകല്‍ സമയത്തുള്ള ട്രിപ്പുകള്‍ ഒന്നൊന്നായി റദ്ദാക്കിയാണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്. രാവിലെ ഒന്‍പതിന് ആലുവയില്‍ നിന്നുമുള്ള ഒരു സര്‍വ്വീസിന് ശേഷം നിലവില്‍ പോന്നിരുന്ന 3.20 നുള്ള എരവത്തൂര്‍ മാള കൊടകര തൃശ്ശൂര്‍ സര്‍വ്വീസ് ഇന്നലെ ഓടിയില്ല. പരമാവധി സമയം കാത്ത് നിന്ന ശേഷം മാള കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് വിളിച്ചു ചോദിച്ചവരോട് ആ ബസ്സ് ബ്രേക്ക് ഡൗണായെന്നാണ് മറുപടി പറഞ്ഞത്. വിശദമായി ചോദിച്ചവരോട് 11.45 ന് തൃശ്ശൂര്‍ക്ക് പോയ ബസ് തൃശ്ശൂരില്‍ എത്തിയപ്പോള്‍ ബ്രേക്ക് ഡൗണായെന്നാണ് മറുപടി ലഭിച്ചത്. രാവിലെ 6.25 ന് തൃശ്ശൂര്‍ സര്‍വ്വീസിലാണ് ഈ ട്രിപ്പുള്ളത്. തൃശ്ശൂര്‍ എത്തിയപ്പോള്‍ ബ്രേക്ക് ഡൗണായ ബസ്സിന് പകരമായി മറ്റൊരു ബസ് ഈ ഷെഡ്യൂളിനായി തയ്യാറാക്കേണ്ട സ്ഥാനത്ത് അത് ചെയ്യാതിരുന്നതാണെന്നാണ് പിന്നീട് മനസിലായത്. 1. 30 ന് മേലഡൂര്‍ അന്നമനട വഴി ആലുവയിലേക്ക് പോയി 3.20 ന് എരവത്തൂര്‍ വഴി തൃശ്ശൂര്‍ക്ക് പോകേണ്ട ബസ്സാണിത്. ബന്ധപ്പെട്ട അധികൃതരുടെ കുറ്റകരമായ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് യാത്രക്കാര്‍ ദുരിതത്തിലാകാന്‍ കാരണം. കൊച്ചുകടവ്, എരവത്തൂര്‍, കുഴൂര്‍, കുണ്ടൂര്‍, തുമ്പരശ്ശേരി, മേലാംതുരുത്ത്, ഐരാണിക്കുളം, താണിശേരി, പാറപ്പുറം, വലിയപറമ്പ് തുടങ്ങി പലയിടങ്ങളിലേക്കുമുള്ള സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഒട്ടേറെ യാത്രക്കാരാണ് ആലുവ മുതലുള്ള ബസ് സ്റ്റോപ്പുകളില്‍ കാത്ത് നിന്ന് നിരാശരായത്. ബസ് വരില്ലെന്ന് ഉറപ്പായപ്പോള്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താനായത്. ആലുവയില്‍ നിന്നും രാവിലെ ഒന്‍പതിനും ഉച്ചക്ക് ശേഷം 3.20 നും ഇടയിലുണ്ടായിരുന്ന രണ്ട് മണിയുടെ എരവത്തൂര്‍ മാള ഏതാനും മാസങ്ങളായി ഓടിക്കാത്തതിന് പുറമേയാണ് ഈ ട്രിപ്പും ഇല്ലാതിരുന്നത്. ഇതിന് ശേഷം 4.35 ന് ഉണ്ടായിരുന്ന എരവത്തൂര്‍ വഴിക്കുള്ള ബസ്സും കുറേനാളായി ഓടിക്കുന്നില്ല. പിന്നെയുള്ളത് 5.40 നാണ്. ഇത്തരം അവസ്ഥകളില്‍ മേലഡൂര്‍ വഴിക്കുള്ള ഏതെങ്കിലും ബസ് എരവത്തൂര്‍ വഴിക്ക് വിടാറാണ് മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത്. മാളക്കും ആലുവക്കുമിടയില്‍ ഏറ്റവും ദൂരം കുറഞ്ഞ റൂട്ടിനോടാണ് ചിറ്റമ്മ നയം തുടരുന്നത്. മേലഡൂര്‍ വഴി നിരവധി സര്‍വ്വീസുകള്‍ കാലിയായി വരെ ഓടിയാലും എരവത്തൂര്‍ വഴിക്കുള്ള യാത്രക്കാരോട് ക്രൂരമായ നടപടികളാണ് പുലര്‍ത്തുന്നത്. സ്വകാര്യ ബസ് മുതലാളിമാരോട് കണക്ക് പറഞ്ഞ് പണവും പാരിതോഷികങ്ങളും വാങ്ങാനായാണ് മാള കെ എസ് ആര്‍ ടി സി യിലെ ഏതാനും ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം എന്ന ആക്ഷേപം ജീവനക്കാര്‍ക്കിടയില്‍ അടക്കമുണ്ട്. ഒന്നിലധികം ബസ്സുകള്‍ ഉള്ള സ്വകാര്യ ബസ് മുതലാളിമാരുമായി അവിശുദ്ധ കൂട്ടുകെട്ടാണ് ഏതാനും ഉദ്യോഗസ്ഥര്‍ക്കുള്ളത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഇല്ലായ്മയാണ് മാള കെ എസ് ആര്‍ ടി സിയുടെ അടിക്കല്ല് തോണ്ടുന്ന ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss