|    Jan 20 Fri, 2017 5:13 am
FLASH NEWS

യാചക പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം

Published : 16th April 2016 | Posted By: SMR

തിരുവനന്തപുരം: കല്ലടിമുഖത്തേയ്ക്ക് മാറ്റിസ്ഥാപിച്ച നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളേയും പങ്കെടുപ്പിക്കാന്‍ നഗരസഭാ പദ്ധതി. ക്ഷേമ പദ്ധതികളായ വയോമിത്രം, പാലിയേറ്റീവ് കെയര്‍ എന്നീ പദ്ധതികളുംകൂടി കൂട്ടിയിണക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നഗരസഭ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്.
സാക്ഷാല്‍ക്കാരത്തിന്റെ നിത്യനിദാന ചെലവുകള്‍ക്കും, അന്തേവാസികളുടെ ഭക്ഷണത്തിനുമുള്ള തുക കണ്ടെത്തുന്നതിനായി നഗരസഭ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് സന്‍മനസ്സുള്ളവര്‍ക്ക് തുക സഹായ ധനമായി നല്‍കാവുന്നതാണ്. അക്കൗണ്ട് വിവരം ബാങ്ക് – കാനറാ ബാങ്ക്, മണക്കാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 2906101014328. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബിഎസ്‌യുപി പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ കല്ലടിമുഖം പദ്ധതി പ്രദേശത്ത് ഒരുക്കിയ സാക്ഷാല്‍ക്കാരം എന്ന പേരിട്ടിരിക്കുന്ന ഷെല്‍ട്ടറിലേക്ക് വിഷുദിനത്തിലാണ് അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സാക്ഷാത്ക്കാരത്തിന്റെ നടത്തിപ്പിന് ആവശ്യമായ മെച്ചപ്പെട്ട ഭൗതിക സാഹചര്യം നഗരസഭ ഒരുക്കിയിട്ടുള്ളത്.
അന്തേവാസികള്‍ക്ക് അവരുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ മെച്ചപ്പെട്ട അന്തരീക്ഷമാണ് ഒരുക്കി നല്‍കിയിട്ടുള്ളത്. ഫര്‍ണിച്ചറുകള്‍, കിടക്കകള്‍ എന്നിവ മിക്ച്ച നിലവാരം പുലര്‍ത്തുന്നവയാണ്. ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് അന്തേവാസികളുടെ സുരക്ഷിതത്വത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
പദ്ധതി പ്രദേശത്ത് ജൈവ പച്ചക്കറി കൃഷി ഊര്‍ജ്ജിതമായ നിലയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് നഗരസഭയുടെ വികസനകാര്യ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. താല്‍പര്യമുള്ള അന്തേവാസികള്‍ക്ക് അതിലും പങ്കു ചേരാം. എന്നാല്‍ അന്തേവാസികളെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മാനസികരോഗം മാറിയവരെ ബന്ധുക്കള്‍ക്കൊപ്പം വിടുന്നകാര്യത്തിലും കൃത്യമയ തീരുമാനം കോര്‍പറേഷന്‍ സ്വീകരിച്ചിട്ടില്ല. പലര്‍ക്കും തിരിച്ചുപോകാന്‍ താല്‍പര്യമുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. യാചകരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ‘ബൈലോ’ ഇല്ലാത്തത് വലിയൊരു തടസ്സമാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് ഇടനല്‍കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, കൊത്തളത്തിലെ പരിമിതികള്‍ ഒഴിവാക്കി സാക്ഷാത്കാരത്തിലേക്ക് മാറുന്നത് കൃത്യമായ മാര്‍ഗനിര്‍ദേശത്തോടെയാണെന്ന് കോര്‍പറേഷന്‍ സെക്രട്ടറി എം നിസാറുദ്ദീന്‍ പറഞ്ഞു. ഭക്ഷണവിതരണം കോര്‍പറേഷന്‍ നേരിട്ട് നടത്തുന്നതോടൊപ്പം സ്‌പോണ്‍സര്‍മാരുടെ സഹകരണവും സ്വീകരിക്കും.
സാക്ഷാത്കാരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പഌന്‍ഫണ്ടിന്റെ അഞ്ചുശതമാനം നീക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സാമ്പത്തികപരിമിതി ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക