|    Aug 17 Fri, 2018 11:21 pm
FLASH NEWS

യാചക നിരോധനം നടപ്പാക്കാന്‍ കൊച്ചി കോര്‍പറേഷന്‍

Published : 8th February 2018 | Posted By: kasim kzm

കൊച്ചി: ഭിക്ഷാടനത്തിന്റെ മറവില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ യാചക നിരോധനം ശക്തമായി നടപ്പാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലില്‍ തീരുമാനം. ഇതു സംബന്ധിച്ച ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പോലിസ്, സന്നദ്ധത സംഘടന പ്രതിനിധികള്‍ എന്നിവയുടെ യോഗം വിളിക്കുമെന്നു മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഈ മാസം 14 നു ശേഷം യോഗം വിളിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നു ഭിക്ഷാടനം ലക്ഷ്യമിട്ട് മല്‍സ്യബന്ധനം പോലുള്ള ചെറുകിട തൊഴില്‍ ചെയ്ത് നഗരത്തില്‍ തമ്പടിച്ചിട്ടുള്ള നാടോടികള്‍ സാമൂഹികവും അനാരോഗ്യപരവുമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ നഗരത്തിനുണ്ടാക്കുന്നുണ്ട്. ഇവരെ നീക്കം ചെയ്യാന്‍ പോലിസിന്റെ സഹായം തേടും. യാചകരെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനങ്ങളില്‍ നിന്ന് പൊതുജനത്തെ പിന്തിരിപ്പിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഡിവിഷന്‍ തലത്തില്‍ ബോധവല്‍കരണ പരിപാടികള്‍ ആസൂത്രണം ചെയ്യാനും കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി. തെരുവുബാല്യവിമുക്ത കേരളം എന്ന ലക്ഷ്യവുമായി വനിതാ ശിശുവികസന വകുപ്പ് സംസ്ഥാനവ്യാപകമായി ആരംഭിച്ച ‘ശരണബാല്യം’ പദ്ധതി നഗരത്തില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള കോര്‍പറേഷന്റെ പരിപൂര്‍ണ പിന്തുണയും മേയര്‍ ഉറപ്പ് നല്‍കി. നഗര തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയസങ്കേതം ഒരുക്കാന്‍ സര്‍ക്കാര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തില്‍ പാതയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരുടെ പട്ടിക തയാറാക്കി സര്‍ക്കാരിന് അയച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. നഗരത്തില്‍ മാലിന്യനീക്കം കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും മേയര്‍ കൗണ്‍സിലര്‍മാരോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് നിരോധനം പരിപൂര്‍ണമായി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിയന്ത്രിക്കുക മാത്രമേ ചെയ്യാനാവു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തില്‍ അഗ്നിബാധ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലായി സയന്റിഫിക് ഗ്യാപ്പിങ് നടത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇതിനാവശ്യമായ പണം സിഎസ്ആര്‍ ഫണ്ടില്‍ നിന്നോ ശുചിത്വമിഷനില്‍ നിന്നോ കണ്ടെത്താനാണ് നീക്കം. നഗരത്തിലെ മീഡിയനുകളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള ഫ്‌ളെക്‌സുകള്‍ ഇന്നു മുതല്‍ നീക്കം ചെയ്യണമെന്നും എന്‍ജിനീയറിങ് വിഭാഗത്തിന് മേയര്‍ കര്‍ശന നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss