|    Oct 19 Thu, 2017 12:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യാചകരില്‍ നാലിലൊന്ന് മുസ്‌ലിംകള്‍:സെന്‍സസ് രേഖ

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊത്തം യാചകരില്‍ നാലിലൊന്ന് മുസ്‌ലിംകളെന്ന് സെന്‍സസ് രേഖ. 2011ല്‍ നടത്തിയ സെന്‍സസിന്റെ സമീപകാലത്ത് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്താകെ 3,70,000 യാചകരാണുള്ളത്. ഓരോ നാലു യാചകരിലും ഒരാള്‍ മുസ്‌ലിമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 125 കോടി ജനസംഖ്യയില്‍ 14.2 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. 2006ലെ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിനുശേഷം മുസ്‌ലിംകളുടെ സാമൂഹിക നിലവാരം ഉയര്‍ത്താന്‍ കൈക്കൊണ്ട ശ്രമങ്ങള്‍ ഫലംചെയ്തില്ലെന്നാണ് സെന്‍സസ് രേഖകള്‍ തെളിയിക്കുന്നത്.
വേതനം ലഭിക്കുന്നതോ അല്ലാത്തതോ ആയ ജോലികളില്‍ ഏര്‍പ്പെടാത്തവരെ തൊഴിലില്ലാത്തവര്‍ എന്ന ഗണത്തിലാണ് ഈ സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃഷി, വീട്ടു ജോലികള്‍ തുടങ്ങിയവ ചെയ്യുന്നവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്ത് ജോലി ചെയ്യാത്ത 72.89 കോടി ജനങ്ങള്‍ ഉണ്ടെന്നും ഇതില്‍ 3.7 ലക്ഷം പേര്‍ യാചകരാണെന്നും അതില്‍ 25 ശതമാനത്തോളം പേര്‍ മുസ്‌ലിംകളാണെന്നുമാണ് സെന്‍സസ് ഡാറ്റ പറയുന്നത്. കണക്കു നോക്കുമ്പോള്‍ 92,760 മുസ്‌ലിംകള്‍ ഇന്ത്യയില്‍ പിച്ചയെടുത്താണ് ഇപ്പോഴും ജീവിക്കുന്നത്.
ഇതില്‍ത്തന്നെ സ്ത്രീകളാണ് കൂടുതല്‍. മുസ്‌ലിം സമുദായത്തില്‍നിന്ന് യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 56.38 ശതമാനം പേര്‍ സ്ത്രീകളാണ്. യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്‌ലിം പുരുഷന്മാ ര്‍ 43.61 ശതമാനമാണ്. എന്നാല്‍, ദേശീയ ശരാശരി നോക്കുമ്പോ ള്‍ 53.13 ശതമാനം പുരുഷന്മാര്‍ക്ക് 46.87 ശതമാനം സ്ത്രീകളാണ് യാചകരായിട്ടുള്ളത്. ജനസംഖ്യയില്‍ 2.3 ശതമാനമുള്ള ക്രിസ്ത്യാനികളില്‍ 0.88 ശതമാനം പേരെ യാചകവൃത്തിയില്‍ ഏര്‍പ്പെടുന്നുള്ളൂ. ബുദ്ധമതവിഭാഗക്കാര്‍ 0.52 ശതമാനവും സിഖ് 0.45 ശതമാനവും ജൈനമ തക്കാര്‍ 0.06 ശതമാനവും മറ്റുള്ളവര്‍ 0.3 ശതമാനവുമാണ് റിപോ ര്‍ട്ട് പ്രകാരം പിച്ചയെടുത്ത് ജീവിക്കുന്നത്.
ഇതു നിരാശാജനകമാണെങ്കിലും അദ്ഭുതപ്പെടുത്തുന്നതല്ലെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍ അമിതാഭ് കണ്ഡു പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകളുടെ എണ്ണം സച്ചാര്‍ കമ്മിറ്റിക്ക് മുമ്പ് അഞ്ചുശതമാനമായിരുന്നത് 2014-15 കാലത്ത് 8.50 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എന്നാലും ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതികമായ വര്‍ധനയുണ്ടായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക