|    Oct 23 Tue, 2018 6:38 am
FLASH NEWS

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കം : വരിക്കോലി പള്ളി അടച്ചു പൂട്ടി

Published : 25th September 2017 | Posted By: fsq

 

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കത്തെ തുടര്‍ന്ന്് പുത്തന്‍കുരിശ് വരിക്കോലി പള്ളി അടച്ചു. രാവിലെ ആരംഭിച്ച തര്‍ക്കത്തിനെ തുടര്‍ന്ന്  ആര്‍ഡിഒയെത്തി പള്ളി പൂട്ടിയതോട് കൂടിയാണ് ഇരുവിഭാഗവും പിരിഞ്ഞ് പോയത്. രാവിലെ ഏഴിന് കുര്‍ബാന അര്‍പ്പിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് സഭ മേലധ്യക്ഷന്‍ കാത്തോലിക്കാ ബാവയെ യാക്കോബായ പക്ഷം തടഞ്ഞുവച്ചു. പള്ളി നവീകരിച്ച് പെയിന്റടിച്ചപ്പോള്‍ യാക്കോബായ സഭയുടെ വിശ്വാസ അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന്് ആരോപിച്ചാണ് യാക്കോബായ വിഭാഗം ഇന്നലെ രാവിലെ ബാവയെ തടഞ്ഞത്. ഇതേ തുടര്‍ന്ന് കാതോലിക്കാ ബാവയ്ക്ക് പള്ളിയില്‍ നിന്ന് പുറത്തു കടക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ഡിഒ ഇരു വിഭാഗക്കാരോടും സംസാരിച്ച ശേഷം സമവായം കണ്ടെത്താനാകാത്തതിലാണ് പള്ളിയടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പള്ളി പൂട്ടി താക്കോലുമായി റവന്യൂ ഉദ്യോഗസ്ഥര്‍ പോയി. നേരത്തെയുണ്ടായ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ് വന്നത്. ഇതേ തുടര്‍ന്നാണ് വരിക്കോലി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉടമാസ്ഥാവകാശം ലഭിച്ചത്. എന്നാല്‍ ഇതിനെതിരേ യാക്കാബായ സഭ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അധികാരമുണ്ടെങ്കിലും പള്ളിയില്‍ നേരത്തെയുള്ള വിശ്വാസ കാര്യങ്ങളില്‍ കൈ കടത്താന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുവാദമില്ലെന്ന് പോലിസ് പറഞ്ഞു. പള്ളി തര്‍ക്കത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. മൂവാറ്റുപുഴ, പിറവം, മുളന്തുരുത്തി, പുത്തന്‍ കുരിശ്, ചോറ്റാനിക്കര എന്നീ സ്‌റ്റേഷനുകളില്‍ നിന്നാണ് പോലിസെത്തിത്. ഇരു വിഭാഗങ്ങളും നേര്‍ക്കുനേര്‍  നിന്ന് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. പോലിസിന്റെ കൃത്യമായ ഇടപെടലുകളാണ് സംഘര്‍ഷം ഒഴിവാകാന്‍ കാരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss